Sunday, 3 October 2010

ശാന്തിയുടെ തെളിനിലമുള്ള വീടെനിക്ക്

ഹരിത കംബളം പോലെ ഒരു നാടെനിക്ക്
എന്നിട്ടും കറുത്ത കമ്പിളി നാരിന്റെ -
പരുത്ത മണല്‍ കാട് പുതച്ചിരിക്കുന്നു
ചൂടും  തണുപ്പുമുടുത്തിരിക്കുന്നു

ശാന്തിയുടെ തെളിനിലമുള്ള  വീടെനിക്ക്
എന്നിട്ടുമാശാന്തിയുടെ പടനിലങ്ങളില്‍ -
ശര  ശയ്യയില്‍ കിടക്കുന്നു
നിദ്രയെ ധ്യാനിക്കുന്നു

എന്റെ നാട്ടില്‍ കുംഭ നിലാവുണ്ട്
കര്‍ക്കിടകം പെയ്തു തിമര്‍ക്കാറുണ്ട്
തുലാമാസ രൌദ്രത ഉണ്ട്
വൃക്ഷികം കാറ്റായി വരാറുണ്ട് .

ഇന്ന് ഞാന്‍ എല്ലാം മറന്നിരിക്കുന്നു
മകരവും മീനവും കുംബ നിലാ  സ്വര്‍ണ്ണ ശോഭയും
തുലാ പത്തിന്റെ വിരല്‍ കണക്കും
മനക്കണക്കില്‍ നിന്ന് മാഞ്ഞിരിക്കുന്നു

ഉച്ചസൂര്യന്‍ അഗ്നിയായ് പെയ്യുന്ന
മണല്‍ കാറ്റ് മഹാ താണ്ടവം ആടുന്ന
കാഠിന്യത്തിന്റെ ഈ മരു  ദേശത്തു
മറക്കുകയല്ലാതെ മറ്റെന്തു ഓര്‍ത്തെടുക്കാന്‍

1 comment: