Saturday 20 February 2021

ആഴക്കടൽ സംവാദം സംവാദ ശേഷം --------------------------------------------------------------- ഇ എ ജബ്ബാർ എം എം അകബർ സംവാദം കഴിഞ്ഞു ആഴ്ചകൾ ഏറെ ആയി , അതിന്റെ വിലയിരുത്തലുകൾ സോഷ്യൽ മീഡിയകളിൽ ഇപ്പോഴും നടക്കുകയും മുഖ്യധാരാ മാധ്യമങ്ങൾ വരെ വളരെ പ്രാധാന്യപൂർവ്വം ഈ സംവാദം കൈകാര്യം ചെയ്യുകയും ചെയ്തു . സംവാദവും സംവാദാനന്തര ചർച്ചകളും സാകൂതം വീക്ഷിച്ച തീത്തും നിഷ്പക്ഷൻ അല്ലാത്ത ഒരാളെന്ന നിലയ്ക്ക് ആരാണ് സംവാദം ജയിച്ചതെന്നു ചോദിച്ചാൽ കൃത്യമായി ഞാൻ പറയും ജയിച്ചത് അക്ബർ ആണെന്ന് . പക്ഷെ സാങ്കേതിമായ മേന്മയും എന്തുമേതും സത്യമോ അസത്യമോ ആയാലും ഔന്നത്യമുള്ള ശബ്ദഘോഷത്തോടെ അവതരിപ്പിക്കാനുള്ള ശേഷിയും മൂലമാണ് ഈ വിജയം എന്ന് വരുന്നു എന്നതാണതിലെ ന്യൂനത . പകരം ഇ എ ജബ്ബാർ ഉന്നയിച്ച കൃത്യതയുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നൽകുവാൻ അദ്ദേഹത്തിന് ആയിട്ടല്ല എന്നത് പക്ഷപാതിത്വമേതുമില്ലാത്ത ഒരാളിന് വ്യക്തമായിരിക്കും എന്നുതന്നെയാണ് സ്വതന്ത്രലോക പക്ഷത്തു നിലയുറപ്പിച്ചു കൊണ്ട് ഞാൻ വിചാരിക്കുന്നത് . സാങ്കേതികമായും സാമ്പത്തികമായും തങ്ങളുടെ ദരിദ്ര പശ്ചാത്തലം എടുത്തു കാണിക്കുന്ന രീതിയിൽ യുക്തിവാദികളും കൂട്ടരും പതറിപ്പോയപ്പോൾ ഉയർന്ന സാങ്കേതിക തികവും നല്ലരീതിയിൽ അനുകൂലമായി പ്രതികരിക്കാൻ ഉതകുന്ന സദസ്യരെയും മീഡിയാ കവറേജിനുമുള്ള സംവിധാനങ്ങൾ ഒരുക്കിയാണ് അഖ്‌ബറും സംഘവും എത്തിയതെന്നതുതന്നെ അവരുടെ സാമ്പത്തിക മേൽക്കൈയ്യും സാങ്കേതിക തികവും ആസൂത്രവും ഒക്കെ എത്ര മികച്ചതായിരുന്നു എന്ന് കാണാനാകുക , ഇതിൽ നിന്ന് സ്വതത്ര ലോകക്കാർക്കും യുക്തിവാദികൾക്കും മികച്ച ദൃഷ്ടാന്തമുണ്ട് [ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ] ആധുനിക കാലത്തു സംവാദത്തിനായാലും ചർച്ചകൾക്കോ പഠനത്തോനോ ആയാലും ഏറ്റവും മികച്ച മീഡിയകളും വിവര സാങ്കേതിക സംവിധാനങ്ങളും ആവശ്യമുണ്ട് എന്ന പാഠം സ്റ്റേജിൽ ഏറ്റവും മികച്ച സ്ലൈഡുകളും വിവരണങ്ങളും ആയി എത്തിയ അക്ബറിൽ നിന്നും ഒരു കൊച്ചു ലാപ്ടോപുമായി പ്രതിരോധിക്കാൻ ഇറങ്ങിയ ജബ്ബാർ മാഷും കൂട്ടരും പഠിച്ചെടുക്കേണ്ടതുണ്ട് . [ മത വിചാരക്കാർക്ക് ലഭ്യമാകുന്ന സാമ്പത്തിക മേൽക്കൈ യുക്തിവാദികൾക്ക് ഈ നൂറ്റാണ്ടിൽ ലഭ്യമാവില്ല എന്ന് അറിയാം ] സംവാദത്തിന്റെ ആമുഖത്തിൽ തന്നെ തന്റെ ഉദ്ദേശ്യം എന്തെന്ന് ഇ എ ജബ്ബാർ വ്യക്തമാക്കുന്നു , ഖുർആനിൽ ശാസ്ത്രം ഉണ്ടെന്ന വാദത്തെ നിരാകരിക്കുകയും അങ്ങിനെ ഉണ്ടെന്നു വരുത്തിത്തീർക്കാൻ ആഗോളവ്യാപകമായി ഒരു പ്രചാരണ പരിപാടിയും പ്രൊജക്റ്റും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അതിൽ നിന്നുള്ള വാദങ്ങളാണ് ഇവിടെ ഖുർആൻ ശാസ്ത്ര സത്യങ്ങൾ എന്ന പേരിൽ കഴിഞ്ഞ വർഷങ്ങളായി ഇവിടെ പ്രചരിപ്പിക്കുന്നത് എന്നും അതിന്റെ പിന്നിലെ ആളുകൾ ആരെന്നും അതിനുള്ള സാമ്പത്തിക സ്രോതസ്സുകൾ എവിടെ നിന്നെല്ലാം ആണെന്നുമുള്ള വ്യക്തമായ വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് അക്ബർ അങ്ങിനെ ഒന്നാണ് ഇവിടെ അവതരിപ്പിക്കുക എന്ന ഒരു മുൻധാരണ സദസ്യരിൽ ഉണ്ടാക്കാൻ ആദ്ദേഹത്തിനാവുന്നുണ്ട് . തുടർന്ന് ഖുർആൻ ശാസ്ത്രം വിളമ്പുന്ന ആളുകളോട് ആറാം നൂറ്റാണ്ടിലെ അറബികൾക്ക് അറിയാത്ത എന്തൊരു ശാസ്ത്രീയ അറിവാണ് ഖുർആനിൽ ഉള്ളതെന്ന് പറയാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അക്ബറാവട്ടെ നേരത്തെ പറഞ്ഞത് പോലെ മികച്ച സാങ്കേതികതയുടെ അകമ്പടിയോടെ ഖുർആനിലെ ഒരു അദ്ധ്യായത്തിലെ വാക്കുകൾ സ്ലൈഡുകളുടെ സഹായത്തോടെ ആധുനിക ശാസ്ത്രത്തിലെ ഓഷ്യാനോ ഗ്രാഫിയുമായി താരതമ്യപ്പെടുത്തി അവതരിപ്പിച്ചു ഏറ്റവും മികച്ച രീതിയിൽ തന്നെ അതിനെ പ്രതിരോധിക്കുന്നു അക്ബറിന് അറിയാം ഇത്തരം സദസ്സിൽ വന്നിരിക്കുന്ന ആളുകൾ വേദപാഠങ്ങളുടെ ആഴം അറിയുന്നവർ ആയിരിക്കയില്ലായെന്നും അവരുടെ അജ്ഞാനത്തെ ഏറ്റവും മികച്ച ഭാഷകൊണ്ടും മറയിട്ട വാക്കുകൾ കൊണ്ടും കയ്യിലെടുക്കാമെന്ന് . പക്ഷെ സംവാദത്തിന്റെ രണ്ടാം സെഷനിൽ തന്നെ അക്ബർ അവതരിപ്പിച്ച വാദം ഖണ്ഡിക്കപ്പെട്ടു പോകുകയാണ് ഉണ്ടായത് തുടർന്ന് സംവാദം മുന്നോട്ടു കൊണ്ട് പോകേണ്ടതുതന്നെ ഉണ്ടായിരുന്നില്ല , ആഴക്കടൽ ആയാലും ഉൾക്കടൽ ആയാലും അക്ബർ കൊണ്ടുവന്ന വേദ വാക്യം ഒരു ഉപമാലങ്കാരമാണ് എന്ന് വ്യക്തമാക്കപ്പെടുകയും ഉപമ എന്നാൽ നിലവിലുള്ള ഒന്നിനെ മറ്റൊന്നുമായി ചേർത്ത് പറഞ്ഞു ആശയം വ്യക്തമാക്കുന്ന രീതിയാണ് എന്നും ഒന്നിനെ ഉപമിക്കണമെങ്കിൽ ഉപമിക്കപ്പെടുന്നവസ്തുതയും വസ്തുവും അത് കേൾക്കുന്ന ആളുകൾക്ക് അറിയുന്നതായിരിക്കണം എന്ന വാദം ഉന്നയിക്കപ്പെടുമ്പോൾ അക്ബർ പിന്നീട് അതെത്രതന്നെ വിശദീകരണത്തിനു ശ്രമിച്ചാലും മുന്നോട്ടു കൊണ്ടുപോകാൻ ആകില്ല . അതിനർത്ഥം മറ്റൊരു ആശയം അക്ബർ കൊണ്ട് വരണമായിരുന്നു എന്നാണ് . എന്നെ സംബന്ധിച്ച് സംവാദം ഇവിടെ അവസാനിക്കുന്നു . പിന്നീട് അക്ബർ അവതരിപ്പിക്കുന്ന ഹൃദയത്തിന്റെ ചിന്തയും ഹൃദയത്തിന്റെ തലച്ചോറുമെല്ലാം ഇനിയും തെളിയിക്കപ്പെടേണ്ടതാണ് എന്ന വാദമൊക്കെ ബാലിശമായി മാത്രമെ എടുക്കാനാവൂ .. എങ്കിലും മേൽപറഞ്ഞ കാരണങ്ങൾ കൊണ്ടെല്ലാം തന്നെ സംവാദത്തിൽ മികവ് അക്ബർ നിലനിർത്തി എന്ന് പറയുന്നതിൽ സ്വതന്ത്ര പക്ഷത്തു നിൽക്കുന്ന എനിക്ക് പറയാനാകും . സംവാദാനന്തരം എന്താണുണ്ടായത് , സംവാദത്തിനു മുൻപ് എക്സ് മുസ്ലിംകളുടെ ശല്യംസഹിയാഞ്ഞു അവരെ പ്രതിരോധിക്കുവാൻ സാമുദായിക ഐക്യം ഉണ്ടാക്കണം എന്ന ആശയത്തിന്റെ ഫലമായി സമുദായത്തിലെ എല്ലാ ഭിന്നവിഭാഗങ്ങളും എം എം അക്ബറിനു പിന്തുണ നല്കുകയാണുണ്ടായത് അതൊരു വിജയമായി അവർ ആഘോഷിക്കുകയുംചെയ്തു മഹല്ലുകളിൽ ഇടയ ലേഖനങ്ങൾ വിതരണം ചെയ്തു തങ്ങൾക്കു അനുകൂലമായ പശ്ചാത്തലംഒരുക്കുവാൻ അവർക്കു ആകുകയും ചെയ്തു. മൗലവിമാരും മുല്ലമാരും മുസ്ലിയാക്കന്മാർ തുടങ്ങി ആധുനിക മീഡിയാ പ്രചാരകർ വരെ ഞാനും ഫയൽവാനും ജയിച്ചെന്ന തരത്തിൽ ആഘോഷമായി തന്നെ ഈ വിഷയം കൊണ്ടാടി . പിന്നീടാണ് വഴിത്തിരിവുണ്ടാകുന്നത് അക്ബർ ഖുർആൻ വചനങ്ങളെ തനിക്കു അനുകൂലമായി വളച്ചൊടിക്കുകയാണ് ചെയ്തതെന്നും വേദവാക്യങ്ങളെ തങ്ങൾ പ്രചരിപ്പിക്കുന്ന ശാസ്ത്രവുമായികൂട്ടിക്കെട്ടുവാൻ ഇത്തരം നിന്ദ്യമായ പ്രവർത്തികൾ പാടില്ലായെന്നും വിവിധ കോണുകളിൽ നിന്ന് അഭിപ്രായമുയരുകയും ഖുർആൻ ശാസ്ത്ര സത്യങ്ങൾ പറയുന്ന ഒന്നല്ല എന്നും ഖുർആനെ ശാസ്ത്രവുമായി കൂട്ടിക്കെട്ടിയല്ല പഠിപ്പിക്കേണ്ടതെന്നും അതിന്റെ ഭക്തി വിചാരങ്ങളെയും കാവ്യഭാവത്തെയും മറ്റും ഉയർത്തിക്കാട്ടിയാണ് അത് ദൈവത്തിന്റെ വേദമാണ് എന്ന് സ്ഥാപിക്കേണ്ടതും വേദത്തെ വളച്ചൊടിച്ച് വികൃതമാക്കി തങ്ങൾക്കു അനുകൂലമായി പ്രചരിപ്പിക്കുകയാണ് അക്‌ബറാദികൾ ചെയ്യുന്നതെന്നും വ്യക്തമായ തിരിച്ചവ് സമുദായത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ഉണ്ടായിവരികയും ചെയ്തു . സമുദായത്തിലെ പഠിതാക്കളായ ചെറുപ്പക്കാർ ഈ സംവാദത്തോടെ സിന്താനി പ്രൊജക്റ്റ്‌ പോലുള്ള വിഷയങ്ങളെ കാര്യമായി സമീപിക്കുകയും ശരിതെറ്റുകളുടെ വിശകലനത്തിന് തയാറാവുകയും ചെയ്തു എന്നതാണ് ആത്യന്തികമായി സംവാദാനന്തര ഫലവും അതിന്റെ വിജയവും . നിഷ്പക്ഷം എന്നൊരു പക്ഷം നിലനിൽക്കുകയില്ല എന്ന് കൂടി പറഞ്ഞുവയ്ക്കട്ടെ , നിലപാടുതറകൾ ഇല്ലാതെ മുട്ടവിളക്കും വേദപുസ്തകവും സ്രാമ്പികളിലെ ഇരുട്ടും മുസ്ലിയാരും അതുവഴി വെളിവാക്കപ്പെടുന്ന ശാസ്ത്ര സത്യവും എല്ലാം ഉന്നയിച്ചു എങ്ങും തൊടാതെ അന്തരീക്ഷത്തിൽ തൂങ്ങി നിൽക്കുന്ന ആളുകളോട് പറയാനുള്ളത് നിങ്ങളുടെ ശൂന്യസ്ഥലികൾ കാപട്യം മാത്രമാണെന്നാണ് . ശുഭമസ്തു