Friday 22 March 2013

ഈ മനോഹര ഭൂവില്‍ ,രാത്രിയില്‍

അബുദാബിയുടെ ഇന്നത്തെ ആകാശം വളരെ മനോഹരമാണ് ,സംഹ വില്ലേജിലെ തോട്ടങ്ങള്‍ക്ക് ഇടയില്‍ കൂടി വിജനവും ശാന്തവുമായ് വഴികളിലൂടെ ഞാന്‍ ആകാശത്തിന്റെ മനോഹാരിതയില്‍ സ്വച്ചന്ദ സുന്ദര ശാന്തിയില്‍ അലിഞ്ഞു നടന്നു വന്നു ,ഇത് കുറിക്കാന്‍ ഇരിക്കയാണ് ,മരുഭൂമി ഏറ്റവും മനോഹരി ആകുക ഈ കാലങ്ങളില്‍ ആണ് ,തണുത്ത പ്രഭാതങ്ങളെ അത് നമുക്കായി കരുതി വയ്ക്കുന്നു ,മനോഹര രാത്രികളില്‍ ആകാശത്തു ദീപങ്ങള്‍ കൊളുത്തി വച്ചു നമ്മെ വഴി നടത്തുന്നു , ഞാന്‍ കടന്നു വഴികളില്‍ ഉടനീളം ചിരി തൂകി കുണുങ്ങി കുലുങ്ങി ശോഭിത ചന്ദ്രനും ഉണ്ടായിരുന്നു , അങ്ങകലെ സപ്തര്‍ഷികളുടെ കോണില്‍ വലതു ഭാഗത്ത് മാര്‍സ് ദേവനും , ഇടയ്ക്കിടയ്ക്ക് കണ്ണുചിമ്മി ചിമ്മി സുരയ്യാ നക്ഷത്രവും , ക്ഷീരപഥങ്ങളും ,നക്ഷത്ര കൂട്ടങ്ങളും എല്ലാം തെളിഞ്ഞു കാണാവുന്ന മനോഹര രാത്രികള്‍ സമ്മാനിക്കാന്‍ മരുഭൂമിക്കു ആകുന്നതു പോലെ മറ്റൊരു ഭൂവിഭാഗത്തി നും ആകുമെന്നു തോന്നു ന്നില്ല , ഒരു പക്ഷെ കടല്‍ യാത്രികര്‍ക്ക് പറയാന്‍ ആയേക്കാം , മരുഭൂമിയെ കാള്‍ തുറന്ന ആകാശക്കാഴ്ച്ചകള്‍ കടലില്‍ സാധ്യമാണെന്ന് തോന്നുന്നു ,,

പറഞ്ഞു വന്നത് ഈ ഭൂമിയില്‍ അല്ലാതെ മറ്റൊരു ഗ്രഹത്തിലാണ് നാം ജനിച്ചിരുന്നത് എങ്കില്‍ എങ്ങിനെയാണ് മനസിനെ ഉന്മത്തം ആക്കുന്ന കാഴ്ച്ചകള്‍ കാണാകുക. ഈ മനോഹരവും ഉര്‍വ്വരവും ആയ ഭൂമിയിലെ ജീവിതം എത്ര തന്നെ ശപ്തംആണെന്നാലും ഇതുപെക്ഷിച്ച് എങ്ങിനെ ആണ് ഞാന്‍ മറ്റൊരു സ്വര്‍ഗം തേടി പ്പോകുക ? ഇല്ലതന്നെ മറ്റൊരു പറുദീസ ഉണ്ടെന്നു നിങ്ങള്‍ രേഖാമൂലം എഴുതി ഉറപ്പു തന്നാലും ഞാന്‍ അങ്ങോട്ട്‌ വരില്ലതന്നെ , ഞാനീ മരുഭൂമികളില്‍ വഴി നടന്നു കൊള്ളാം ,ഞാന്‍ എന്റെ പാലപൂത്ത കുന്നുകളില്‍ നിശാചരികളും ആയി സല്ലപിച്ചിരുന്നു കൊള്ളാം . കാനനചോലകളില്‍ തണുപ്പിച്ച വീഞ്ഞ് മോന്തി ഞാവല്‍ പഴങ്ങള്‍ പെറുക്കി തിന്നു പുല്‍മേടുകളില്‍ ഇഴഞ്ഞു കൊള്ളാം ,,

ഫകീറിന്റെ പാഥേയം ഏതേതു യാത്രാ പഥങ്ങളില്‍ നിന്നാണോ പൊതിഞ്ഞെടുക്കാന്‍ ആവുക , ഏതുതരുതണലില്‍ ആണ് വിശ്രമ സങ്കേതം ലഭ്യം ആകുക എവിടെ ആണ് അവസാനം വീണു ഒടുങ്ങാന്‍ ആകുക എന്നതൊന്നും കേവലം യാത്രികന്‍ ആയ ഒരാളിന് വിഷയം ആകേണ്ടതില്ല , പക്ഷെ ഒന്ന് ഉറപ്പാണ് ,ഈ ഭൂമിയില്‍ അവസാനിക്കുന്നതാണീ യാത്ര ,, മറ്റൊരു യാത്രയ്ക്ക് സാധ്യത ഇല്ല തന്നെ ,, ഓ പ്രിയ ധരിത്രീ മനോഹരി ആയ നിന്റെ മടിത്തട്ടില്‍ ജനിക്കാന്‍ നിന്റെ മാറില്‍ പുളച്ചു ജീവിക്കാന്‍ അവസാനം നിന്റെ കാല്‍പാദത്തില്‍ഒടുങ്ങാന്‍ അവസരംതരുന്ന നീ തന്നെ ആരാധ്യ . ഇല്ല അപ്പോഴും ഞാന്‍ നിനക്കായി സ്തുതി ഗീതികള്‍ പാടില്ല , ഇല്ല ജപ മണികള്‍ തിരിക്കില്ല

Thursday 21 March 2013

ഗുലാബി ഗാങ്ങ്

ഗുലാബി ഗാങ്ങിനെ കുറിച്ചു നേരത്തെ എഴുതിയിരുന്നു എന്ന് തോന്നുന്നു , അവരുടെ നേതാവ് സമ്പത്ത് പാല്‍ ദേവിയെ കുറിച്ചും . ഈ ഗാങ്ങ് പിങ്ക് ലേഡീസ് എന്ന പേരില്‍ ഇന്ന് ലോക പ്രശസ്തം ആണ് , പക്ഷെ നമ്മുടെ പെണ്ണുങ്ങള്‍ പോലും അവരെ കുറിച്ചു മനസ്സിലാക്കി എന്ന് തോന്നുന്നില്ല , ഉത്തര്‍ പ്രദേശിലെ ബണ്ടി വില്ലേജില്‍ നിന്ന് തുടങ്ങിയ ഈ സ്ത്രീ ശാക്തീകരണ ഗ്രൂപ്പിന്റെ ഇന്നത്തെ അംഗ സംഖ്യ 20000 ത്തില്‍ അധികം ആണ് ഉത്തര്‍ പ്രദേശിലെ ഏകദേശം അഞ്ഞൂറോളം ഗ്രാമങ്ങളില്‍ അവര്‍ പ്രവര്‍ത്തിച്ചു വരുന്നു .

ഗാങ്ങ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരിക നാട്ടിലെ കവലകളില്‍ കൂട്ടം കൂടി ഇരുന്നു മര്‍ക്കട സ്വഭാവം കാണിക്കുന്ന ഗ്രൂപ്പിനെ ആണ് , പക്ഷെ ഈ ഗുലാബി സാരി ധാരികള്‍ അങ്ങനെ ഒരു ഗ്രൂപ്പ് അല്ല , അവരുടെ കയ്യില്‍ ഒരു വടി ഉണ്ട് അത് ,ഭാര്യ മാരെ തല്ലുന്ന ഭര്‍ത്താക്കന്മാരെ തല്ലി ശരിയാക്കാന്‍ ഉള്ളത് ആണ് ,തീര്‍ത്തും പുരുഷ മേധാവിത്തം ഉള്ള ഉത്തര ദേശ ഗ്രാമങ്ങളില്‍ ഇവരുണ്ടാക്കിയ മാറ്റം അത്ഭുത പ്പെടുത്തുന്നതാണ് , സ്ത്രീ ശാക്തീകരണം എന്നാല്‍ വായിട്ടു അലക്കല്‍ അല്ല , പ്രവര്‍ത്തിച്ചു കാണിക്കല്‍ ആണ് എന്ന് അവര്‍ ലോകത്തെ ബോധ്യപ്പെടുത്തുന്നു , എവിടെ സ്ത്രീധനത്തിനായി വിലപേശല്‍ നടക്കുന്നുവോ ഗുലാബി പെണ്ണുങ്ങള്‍ അവിടെ എത്തും ചോദ്യം ചെയ്യും , ബാല വിവാഹം , സ്ത്രീകള്‍ക്ക്നേ രെ ഉള്ള അതിക്രമം തുടങ്ങിയവ തടയും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു ആയി സംവിധാനം ഒരുക്കും , അതിനായി ബോധ വല്‍കരണം നടത്തും , സ്ത്രീകളെ ഭേദ്യം ചെയ്യുന്നത് നിര്‍ത്തിയില്ല എങ്കില്‍ അടി കിട്ടും ഉറപ്പു ,
ഈ ഗ്രൂപ്പിന്റെ തുടക്കം രസാ വഹം ആണ് , തന്റെ ഗ്രാമത്തില്‍ ഭാര്യയെ പൊതു ഇടത്തില്‍ ഇട്ടു പ്രഹരിക്കുന്ന ഭര്‍ത്താവിനു ചുറ്റും ആളുകള്‍ കൂടി നിന്നിരുന്നു എങ്കിലും ആരും അത് തടയുന്നില്ല , അടി കിട്ടുന്ന സ്ത്രീ ആകട്ടെ കരഞ്ഞു കൊണ്ട് അടി കൊള്ളുക അല്ലാതെ അതിനെ തടയാന്‍ പോലും ശ്രമിക്കയും ചെയ്യുന്നില്ല , സമ്പത്ത് പാല്‍ ദേവി അവിടെ കടന്നു ചെന്ന് അയാളോട് അടിക്കരുത് എന്ന് പറഞ്ഞു എങ്കിലും അയാള്‍ അവരോടു കയര്‍ക്കുക ആണ് ചെയ്തത് , ആള്‍കൂട്ടം അയാള്‍ക്ക് അനുകൂലം ആയി പ്രതികരിക്ക്കുകയും ചെയ്തു, സമ്പത്ത് തിരിച്ചു തന്റെ ഗ്രാമത്തില്‍ ചെന്ന് ഒരു കൂട്ടം സ്ത്രീകളും ആയി തിരിച്ചു വന്നു , അയാളോട് ഇനി മുതല്‍ ഭാര്യയെ തല്ലരുത് എന്ന് പറഞ്ഞു ,പക്ഷെ അയാള്‍ തെറ്റ് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല , ഇവിടെ തുടങ്ങുന്നു ഗുലാബികളുടെ മുളം കോല്‍ പ്രയോഗം ,അയാളെ പെണ്ണുങ്ങള്‍ വളഞ്ഞിട്ട് തല്ലി, അയാള്‍ ഇനി മുതല്‍ ഭാര്യയെ തല്ലില്ല എന്ന് സമ്മതിക്കുന്നത് വരെ .

ഇവിടെ ഒരു കാര്യം അവര്‍ മനസ്സിലാക്കി ഒറ്റയ്ക്ക് നിന്ന് അവര്‍ക്ക് ഒന്നും ചെയ്യാന്‍ ആകില്ല ,സംഘടിച്ചു നിന്നാല്‍ എന്തും ചെയ്യാന്‍ ആകും , തുടര്‍ന്ന് അങ്ങോട്ട്‌ അവര്‍ പിങ്ക് കളര്‍ സാരി ധരിച്ചു മേല്‍ പ്രവര്‍ത്തങ്ങള്‍ക്ക് ഇറങ്ങി ,പുരുഷന്‍ മാര്‍ തടയാന്‍ ശ്രമിച്ചു എങ്കിലും സാധ്യമായില്ല , ഇന്ന് ഇവര്‍ ഒരു വലിയ ശക്തി ആണ് രാഷ്ട്രീയം ഇല്ലാത്ത ഇവരെ ഇന്ന് രാഷ്ടീയക്കാര്‍ക്കും വേണം ,പേടിയുമാണ് ,, പക്ഷെ ഇത് കണ്ടു കേരളത്തിലെ ഫെമിനിസ്റ്റുകള്‍ തുള്ളി ച്ചാടി ലാത്തിയും ആയി വരേണ്ട കാരണം കേരളത്തില്‍ പൊതു നിരത്തില്‍ അല്ല പീഡനം കിടക്കറയില്‍ ആണ് , നിരന്തരം അടി കിട്ടി വീര്‍ത്ത മുഖം ഉള്ള മലയാളി ഭാവശുദ്ധിക്കാരി ആയ ഫാര്യയോട്‌ നിങ്ങള്‍ പോയി ചോദിക്കൂ നിങ്ങള്‍ പീഡിപ്പിക്ക പ്പെടുന്നുണ്ടോ എന്ന് , ആ പതിവ്രത നിങ്ങളോട് പറയും എന്റെ ഫര്‍ത്താവ് തൂവല്‍ കൊണ്ട് തഴുകി ആണ് ഉറക്കുക എന്ന് . അത്രമേല്‍ കാപട്യം ഉള്ള സമൂഹം പരിവര്‍ത്തനം കൊള്ളില്ല , ഉറപ്പു ,