Saturday 24 December 2011

മുക്കുമ്പം അച്ഛന് പാട്ടുപാടും

കാഞ്ചി മാഞ്ചി ഇവര് ചേട്ടനും അനിയനും ആണ് ,എന്റെ നാട്ടിലെ പ്രസിദ്ധര് ആയ ചായക്കടക്കാര് ,, പ്രസിദ്ധിയോ കുപ്രസിദ്ധിയോ എന്നെനിക്കറിയില്ല , എന്നാലും ഇവര് ശ്രദ്ധേയര് ആണ് ,ഒന്നാമത് രണ്ടുപേരും ജീവിതത്തില് കുപ്പായം ധരിച്ചിട്ടില്ല .ഒറ്റമുണ്ടുമാത്രം ഉടുത്തു , ഒരു തോര്ത്തുമുണ്ട് ചുമലില് ഇട്ടു , രണ്ടുപേരും പെണ്ണ് കെട്ടിയില്ല , രണ്ടുപേരും ചേര്ന്ന് തങ്ങളുടെ വയലുകളില് പണിയെടുക്കാന് എത്തുന്ന അടിയാള സ്ത്രീകളെ സന്തോഷിപ്പിച്ചു ഊഴമിട്ട് . ചായക്കട പുല്ലു മേഞ്ഞത് ആണ് ,വയലില് കൂടി കടന്നു പോകുന്ന റോഡിനു ഓരത്തു ആയതിനാല് കാല്നടക്കാര് പലപ്പോഴും വെള്ളം ചോദിച്ചോ ,ചായ ചോദിച്ചോ കടയില് കയറിയാല് ചേട്ടന് അനിയനോട് ചോദിക്കും തിരിച്ചും കാഞ്ചീ ഇവന് ചായ വേണം പോലും ..മറ്റെയാള് മൂളും എന്നാല് ചായ കിട്ടും ,മൂളല് ഇല്ല എങ്കില് അവിടെ പിന്നെ എത്ര നേരം നിന്നാലും ചായ കിട്ടില്ല .നല്ല സ്വര്ണ്ണ വര്ണ്ണത്തില് നേന്ത്ര ക്കുലകളും പൂവന് കുലകളും തൂങ്ങിയാടുന്നത് കണ്ടു പഴം ചോദിച്ചാല് ചിലപ്പോള് തന്നു എന്ന് വരും അല്ലെങ്കില് ഉത്തരം അത് വില്ക്കാന് ഉള്ളതല്ല എന്നാവും ,അധികം ചോദിയ്ക്കാന് ആരും ധൈര്യ പ്പെടില്ല കണ്ണും ചെവിയും പൊട്ടിപ്പോകും പിന്നെ . മക്കള് ഇല്ലാത്തത് കൊണ്ട് നേന്ത്രക്കുല നേരെ മരുമക ളുടെ അടുത്തേക്ക് കൊണ്ട് പോകും . മരുമകള് ഒരാള് മാത്രമേ ഉള്ളൂ എന്നാണ് അറിവ് രണ്ടുപേരും കടയില് നിന്ന് ഇടയ്ക്കു മരുമകളെ കാണാന് പോകും .അല്ലാത്തപ്പോള് ഊണും ഉറക്കും എല്ലാം കടയിലാണ് ,

ധാരാളം തെങ്ങിന് തോപ്പുകള് ഉള്ളതിനാല് തേങ്ങയും മടലും ചകിരിയും ഓലയും ഒക്കെ വിറ്റ കാശ് കടയിലെ നീളന് പെട്ടിയില് വച്ചു പൂട്ടി അതിന്റെ പുറത്തു ആണ് രണ്ടില് ഒരാള് കിടക്കുക എന്ന് ആളുകള് പറയുന്നു , അങ്ങിനെ ചെട്ടാനുജന്മാര് ഖുശി ആയി കഴിയുമ്പോഴാണ് , ഞങ്ങളുടെ നാട്ടില് കാപ്പി പ്പൊടി ളോഹ ഇടുന്ന അച്ഛന്മാര് ക്രസ്തീയ മിഷിനറി പ്രവര്ത്തനവും ആയി എത്തുന്നത് , കീഴാള വര്ഗങ്ങളെ അവര് പരിവര്ത്തിത ക്രസ്ത്യാനി ആക്കി ജാതി ശ്രേണിയില് പുതിയ വര്ഗത്തെ ഉണ്ടാക്കി , ചാത്തു എന്ന ആളെ അഗസ്റ്റിന് ആക്കിയപ്പോള് നാട്ടുകാര് അഗത്തി ച്ചാത്തു എന്ന് വിളിച്ചു ,കുമാരനെ വര്ക്കി കുമാരന് എന്നും , നാരാണി യെ എലിസബത്ത് ആക്കിയപ്പോള് എലിച്ചി നാരാണിയും ആയി .. എങ്ങിനെ ആയാലും അവരുടെ കുട്ടികള് സ്കൂളില് പോയി ,ഇടയ്ക്കു പാല്പൊടി കുടിച്ചു .നല്ലത് തന്നെ , ഇന്നിപ്പോള് ക്രസ്മസ് കാലങ്ങളില് രാത്രി ഗംഭീര കരോളും വെടിക്കെട്ടും ഒക്കെ നടത്താന് കഴിയുന്ന തരത്തില് ജനം കൂടുന്ന ഒരു കോടിയിലധികം മുടക്കി പുതുക്കിയ പള്ളിയും കോണ് വെന്റും ഒക്കെ ആയി അവരുടെ പഴയ ചാപ്പല് മാറിക്കഴിഞ്ഞു ,
ഇങ്ങനെ മതം ആറിയ ഒരു വര്ഗീസ് രാഘവന് കാഞ്ചി മാഞ്ചിയുടെ കടയില് എത്തി . രാഘവന് അവരുടെ തൊടിയില് ഇടയ്ക്കു പണിക്കു വരുന്ന ആള് ആയതു കൊണ്ട് ആവണം ചേട്ടന് അനിയനോട് ചായ കൊടുത്ത് കൊള്ളാന് പറഞ്ഞു ,അപ്പോഴാണ് ചേട്ടന് ഓര്മ്മ വന്നത് രാഘവന് ക്രസ്ത്യാനി ആയ കാര്യം ,ചേട്ടന് ചോദിച്ചു രാഘവാ നീ ചേട്ടന്മാരുടെ [മലബാറില് അച്ചായന്മാരെ ചേട്ടന്മാര് എന്ന് പറയും ] ദീനില് കൂടിയോടാ ,രാഘവന് പറഞ്ഞു ,അതെ ഞാനിപ്പില് പേരുമാറ്റി വര്ഗീസ് ആണ് , അതിനെന്താ ചെയ്തേ .. നിന്റെ സുന്നത്ത് കയിച്ചോ ?അതിനു സുന്നത് കയിക്കേണ്ട അവര് പിടിച്ചു വെള്ളത്തില് മുക്കി ക്രസ്താനി ആക്കി , മുക്കുമ്പം അച്ഛന് പാട്ടുപാടും എന്നിട്ട് പേരു മാറ്റും . എനിക്ക് സര്ക്കാരില് പണി വാങ്ങിത്തരാം എന്ന് അച്ഛന് പറഞ്ഞിട്ടുണ്ട് , അപ്പോള് ഇനി നീ ഞമ്മളെ പണിക്കു വരൂല്ലേ ? അവര് കോറസ്സ് ആയി ചോദിച്ചു , രാഘവന് പറഞ്ഞു സര്ക്കാര് പണി കിട്ടിയാല് പിന്നെ നിങ്ങളെ പണി എന്തിനു , പറഞ്ഞു തീര്ന്നതും മുന്നിലെ ചായ ഗ്ലാസ്സ് എടുക്കാന് കാഞ്ചി മാഞ്ചിയോടു പറഞ്ഞു ചായ ഗ്ലാസ്സ് വാനിഷ് ആയി പ്പോയി .എന്നിട്ട് രണ്ടു പേരും ചേര്ന്ന് രാഘവന് എന്ന വര്ഗീസിനെ തൂക്കി എടുത്തു അടുത്തുള്ള തോട്ടില് കൊണ്ട് പോയി മുക്കി , ഹംക്കേ അച്ഛന് നിന്നെ വെള്ളത്തില് മുക്കി ചേട്ടന് ആക്കി കാഞ്ചി മാഞ്ചി മുക്കി പിന്നേം പൊലെനാക്കി .. നാളെ നേരാം വണ്ണം പണിക്കു വന്നിലെങ്കില് നിന്റെ ഓള [ പെണ്ണ് ] ഞമ്മ രണ്ടാളും കൂടി മുക്കും ..

ഇന്നിപ്പോള് രാഘവന് എന്ന വര്ഗീസ് ഉണ്ടാവും ,കാഞ്ചി മാഞ്ചി കാലത്തിന്റെ അനിവാര്യം ആയ ഇടപെടല് മൂലം പ്രപഞ്ചത്തിന്റെ മറ്റേതോ കോണിലേക്ക് മറഞ്ഞു പോയിരിക്കാം .. പക്ഷെ മതം മാറ്റം അതിന്റെ ഉദ്ദേശ്യം എന്ത് തന്നെ ആയാലും അടിസ്ഥാനവര്ഗങ്ങളെ ഉയര്ത്താന് സഹായിച്ചിട്ടുണ്ട് എന്ന് വിചാരിക്കണം , ഇന്നിപ്പോള് വര്ഗീസിന്റെ മക്കളെ അവരുടെ ജാതി സൂചിപ്പിക്കുന്ന പേര് ചേര്ത്തു ആളുകള് സംബോധന ചെയ്യാറുണ്ട് എന്ന് തോന്നുന്നില്ല , മാത്രമല്ല തലമുറ വിദ്യാഭ്യാസം ആര്ജ്ജിച്ചു മുഖ്യധാരയില് വിന്യസിക്കപ്പെടുകയും ചെയ്തിട്ടുണ്ട് , ഞാന് ഈ കഥ പറയുമ്പോള് ഇത് വായിക്കുന്ന എന്റെ നാട്ടുകാരില് ചിലര് എങ്കിലും അല്ത്ഭുതം കൊള്ളാം .. ഈ രണ്ടു പേരുടെയും ബന്ധുക്കള് പോലും അറിയാത്ത കഥകള് ആവും ഇത് , ഇങ്ങിനെ രണ്ടു പേര് നമ്മുടെ നാട്ടില് ഉണ്ടായിരുന്നു .ഓരോ നാട്ടിലും ഇങ്ങനെ വേറിട്ട മനുഷ്യര് ഉണ്ടാവും , അത്തരം ആളുകള്ക്കായി ഈ നോട്ടു സമര്പ്പിച്ചു ഗുരു ...