Tuesday 12 September 2017

ആളുകളെ നിരീക്ഷിക്കുക പ്രത്യേകിച്ചു വിവിധ രാജ്യങ്ങളിലെ ആളുകളെ നിരീക്ഷിക്കുന്ന ഒരു ശീലമുണ്ട് എനിക്ക് . ഓരോ ജനതയ്ക്കും അവരുടെതായ സവിശേഷ ചലന രീതികള്‍ ഉണ്ട് ,ബോഡി ലാംഗ്വേജ് . അത് പോലെ കര്‍മ്മ രീതികളില്‍ വിത്യാസം ഉണ്ട്, ഭാഷ വിത്യാസപ്പെട്ടിരിക്കുന്നത് പോലെ സംസാരത്തിന് ഒപ്പം ചുണ്ടുകളുടെ ചലനവും ആന്ഗികപ്രയോഗങ്ങളും എല്ലാം വിത്യസ്ഥ രീതികളില്‍ ആണ് . അറബ് ജനത ആന്ഗ്യം കൂടി ചേര്‍ത്തു കൊണ്ടല്ലാതെ സംസാരിക്കയില്ല . നമ്മുടെ ആളുകള്‍ തല ചലിപ്പിച്ചാണ് പലതിനും പ്രതികരിക്കുക . അത് പോലെ രാജ്യാതൃത്തികള്‍ പങ്കു വയ്ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളില്‍ രണ്ടു ദേശങ്ങളിലേയും ചലന സ്വഭാവ ശാരീരിക പ്രത്യേകതകള്‍ കണ്ടെത്താന്‍ ആവും .

ഞാന്‍ ഇയ്യിടെ ഭൂരിപക്ഷവും നേപ്പാള്‍ വംശജര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ജോലി സംബന്ധിയായി പോകുന്നുണ്ട് . നേപ്പാളികള്‍ വളരെ ദരിദ്രമായ പക്ഷാത്തലത്തില്‍ നിന്ന് വരുന്നവരാണ് എങ്കിലും സാമാന്യ വിദ്യാഭാസത്തിന്റെ കാര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ വളരെ മുന്നിലാണ് അവര്‍ . മാത്രമല്ല ജോലി ചെയ്യാന്‍ മടി ഇല്ലാത്തവരും ആണ് . എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞ ദ്വന്ദഭാവം അനുസരിച്ചു അവരില്‍ ഇന്ത്യന്‍ അലസതയും ചൈനീസ് കര്‍മ്മ ശേഷിയും കാണാന്‍ ആകും . വളരെ ചടുലമായി ചലിക്കുകയും പണി ചെയ്യുകയും ചെയ്യുന്ന ചൈനീസ് രീതി ചിലരില്‍ കാണാം, അതേപോലെ ഇന്ത്യന്‍ പുകയില ചവയ്പ്പും കാല്‍മുട്ടില്‍ തലയൂന്നി കുത്തിയിരിക്കുന്ന കയറ്റുകട്ടില്‍ അലസതയും അവരില്‍ കാണാന്‍ ആകും . ചൈനാക്കാരുടെ അന്തര്‍മുഖത്വവും അടുത്തിടപഴകാന്‍ ഉള്ള മടിയുമുള്ളവര്‍ ആണെന്ന് ചിലരെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും മറ്റു ചിലരാകട്ടെ ഉത്തരേന്ത്യക്കാരെ പോലെ ചിലച്ചു കൊണ്ടിരിക്കയും നാടോടി ഗാനങ്ങളോ നാലാം കിട ഹിന്ദി സിനിമകളോ കോമഡികളോ കണ്ടിരിക്കാന്‍ ഇഷ്ട്ടപ്പെടുകയും ചെയ്യുന്നു . അന്ധവിശ്വാസങ്ങളില്‍ ഇന്ത്യാക്കാരെ വെല്ലുന്ന ആളുകള്‍ ആണെന്നാലും പ്രത്യക്ഷത്തില്‍ അത്തരം വേഷം കെട്ടലുകള്‍ കുറവാണ് വലിയ കുങ്കുമ ക്കുറി തൊടല്‍ കയ്യിലും കഴുത്തിലും കയറു പിരിച്ചു കെട്ടല്‍ താവീസും ഉറുക്കും നൂലും കെട്ടല്‍ കല്ല്‌ കെട്ടിയ മോതിരം ധരിക്കല്‍ പോലുള്ളവ ഒന്നും വലുതായി കാണാറില്ല . ചിലര്‍ കാലില്‍ ഒരു കറുത്ത ചരട് കെട്ടിയത് കാണാം മിക്കവരും പച്ച കുത്തും അതില്‍ ദൈവങ്ങള്‍ വരിക കുറവാണ് . കുടുമ നീട്ടി വയ്ക്കുന്ന ചിലരെ കാണാന്‍ ആകും എന്നത് ഒഴിച്ചാല്‍ ജാതി അങ്ങിനെ വലുതായി പ്രശ്നം അല്ല അവരുടെ ഇടയില്‍ . എന്നാല്‍ ഓരോരുത്തരും അവരുടെ ജാതിയില്‍ വിശ്വസിക്കുന്ന ആളുകളും ആണ് . ദേശികള്‍ മദേശികള്‍ എന്നിങ്ങനെ പറയുമെന്നാലും പൂര്‍വ്വദേശ വാസികള്‍ ആയ ചൈനീസ് പ്രകൃതമുള്ള പഹാഡികള്‍ മദേശികളായ ഇന്ത്യന്‍ പ്രകൃതം ഉള്ളവരുമായി വലിയ കലഹം ഇല്ലാതെ പോകുന്നുണ്ട് . ഞാന്‍ വിസിറ്റ് ചെയ്യുന്ന സ്ഥാപനത്തില്‍ അവരെല്ലാം തന്നെ സഹകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ആണ് എന്ന് കാണാന്‍ കഴിഞ്ഞു . വേഷം കെട്ടലില്‍ ലേശംആഡംബര സ്വഭാവം കാണിക്കുന്നതില്‍ ചൈനീസ് നിറം ഉള്ള ആളുകള്‍ ആണ് മുന്നില്‍ എന്ന് കാണുന്നു . ഇന്ത്യന്‍ പ്രകൃതക്കാരില്‍ അത് ഇത്തിരി കുറവാണ് എന്നാല്‍ പണിയെടുക്കുന്നതില്‍ നമ്മള്‍ ഇന്ത്യക്കാരെ പോലെ തന്നെ ആണ് അവര്‍ . ഇടുങ്ങിയ കണ്ണുള്ള നേപ്പാളി പഹാഡികള്‍ നന്നായി പണി എടുക്കുകയും അത് പോലെ ചിലവാക്കി ജീവിക്കുകയും ചെയ്യുന്ന രീതിക്കാര്‍ ആണ് . വളരെ നേരത്തെ ഉണരുകയും പതിനൊന്നു മണിക്ക് മുന്‍പുതന്നെ ഉച്ച ഭക്ഷണവും ആറുമണിക്ക് മുന്‍പ് രാത്രി ഭക്ഷണവും കഴിക്കുക എന്ന ചൈനീസ് പാരമ്പര്യ രീതിയാണ് പഹാഡികള്‍ക്ക് . ഇന്ഡ്യന്‍ പക്ഷക്കാര്‍ക്ക് അങ്ങിനെ സമയ കാലങ്ങള്‍ ഒന്നുമില്ല .

ഇങ്ങിനെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഓരോ ജനതയ്ക്കും അവരുടെതായ വിത്യസ്ത ഭാവങ്ങള്‍ പ്രവൃത്തിയുടെയും ചലങ്ങളുടെയും ഒക്കെ നിരീക്ഷണത്തില്‍ കൂടി കണ്ടെത്താന്‍ ആകും . രസകരമാണ് മനുഷ്യരുടെ ചലനങ്ങള്‍ പ്രകൃതങ്ങള്‍ . ഓരോ മനുഷ്യരും ഓരോ വലിയ ലോകം ആണെന്ന് നാം നമ്മുടെ ഇടയില്‍ ഉള്ള ആളുകളെ തന്നെ മാറി നിന്നു നിരീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ ആകും .

അല്ല ഇപ്പൊ ഇതാ പണി ആളുകളെ നിരീക്ഷണം ചെയ്തിട്ട് എന്ത് കിട്ടാനാണ്‌ . നമ്മക്ക് വേറെ പണിയുണ്ട് , നിങ്ങളൊന്നു പോയേപ്പാ എന്നല്ലേ നിങ്ങള്‍ വിചാരിക്കുന്നത് . തന്നെ തന്നെ നിങ്ങളുടെ ഇപ്പോഴത്തെ ചലനം ഞാന്‍ മനസ്സില്‍ കുറിച്ചു വച്ചിട്ടുണ്ട് . അതില്‍ ഒരു കുരങ്ങന്‍ ചാട്ടം പോലും ഒളിഞ്ഞിരിപ്പുണ്ട് . സത്യമായും ഉണ്ട് . സംശയം ഉണ്ടെന്നാല്‍ കണ്ണാടിക്കുമുന്നില്‍ നിങ്ങള്‍ അതൊന്നു അവാര്‍ത്തിച്ച് ശേഷം വിലയിരുത്തൂ ..