എന്റെ ബാല്യ കാലത്തെ ഹീറോ കളില്‍ ഒരാള്‍ ആയിരുന്നു, കൊമ്പന്‍ മേയ്റ്റി നേരിട്ട് കാണുന്നതിനു മുന്‍പ് തന്നെ മൈറ്റിയെ കുറിച്ചു ഒരു പാട് സങ്കല്‍പ്പങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ വീര കഥകള്‍ മറ്റു കുട്ടികള്‍ പറഞ്ഞു കേട്ടും ചിലപ്പോള്‍ പ്രായമുള്ളവര്‍ പീടിക കൊലായകളില്‍ ഇരുന്നു പറയുന്നത് കേട്ടുമൊക്കെ മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ടായിരുന്നു . മേയ്റ്റി എന്റെ നാട്ടുകാരന്‍ അല്ല അയാള്‍ ഗ്രാമ പരിസരങ്ങളില്‍ എവിടെയോ ഉള്ള ഒരാള്‍ ആണ് .ഒരു ഉമ്മയ്ക്ക് ഒറ്റ മകന്‍ ആണ് എന്നും കേട്ടിരുന്നു . കല്യാണം കഴിച്ചിട്ടില്ല എന്നും പറഞ്ഞു കേട്ടിരുന്നു .മറ്റൊന്ന് ആ കാലത്തെ മുസ്ലിംകള്‍ക്ക് ഇടയില്‍ പതിവ് ഇല്ലാത്ത കള്ളുകുടി അദ്ദേഹത്തിനു ഉണ്ടായിരുന്നു എന്നും കേട്ടു കേള്‍വി ഉണ്ട് .മേയ്റ്റി എന്ന പേര് മേയ്തീന്‍ കുട്ടിയുടെ ലോപം ആണ് എന്ന് തോന്നുന്നു .എന്തായാലും അദ്ദേഹം ആകാലത്തെ നാടന്‍ ഹീറോകളില്‍ ഒരാള്‍ ആയിരുന്നു .
പലപ്പോഴും ഉറക്കത്തില്‍ മേയ്റ്റി എത്തി അദ്ദേഹത്തിന്റെ വീരപരിവേഷം ഉള്ള ശരീരത്താല്‍ അഭ്യാസങ്ങള്‍ കാണിച്ചു സ്വപ്ന ലോകത്തിന്‍റെ അത്ഭുതങ്ങളില്‍ അഭിരമിക്കാന്‍ എനിക്ക് ആയിരുന്നു .പേടി സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ആ കുട്ടിക്കാലത്ത് ഇത്തരം സ്വപ്‌നങ്ങള്‍ ഒരാശ്വാസം ആണല്ലോ ? അതുപോലെ ഞാന്‍ തുടരെ കണ്ടിരുന്നതും ഇന്നും കാണാന്‍ ആഗ്രഹിക്കുന്നതും ആയ സ്വപനം ആണ് വീട്ടിലെ തൊടിയിലെ തെങ്ങുകള്‍ക്ക് ഇടയില്‍ കൂടി വാനത്തു പറക്കുന്നത് .വലുതായപ്പോള്‍ നഷ്ടപ്പെട്ടു പോയ ഈ സ്വപ്നങ്ങള്‍ക്ക് പകരമായി ഇന്ന് മനസ്സില്‍ ഒന്നും ഇടം നേടിയില്ല എന്നത് പ്രായത്തിന്റെ നഷ്ട്ടങ്ങളില്‍ ഒന്നത്രേ , കുട്ടിക്കാലത്ത് കാണുന്നതരം സ്വപ്‌നങ്ങള്‍ വലുതയാല്‍ കാണുകയില്ല എന്ന് തോന്നുന്നു . മാത്രമല്ല അന്നുള്ള സ്വപ്നങ്ങളുടെ സമര്‍ദ്ധിയും ഇന്നില്ല സ്വപ്നങ്ങളെ കുറിച്ചല്ല പറഞ്ഞു വന്നത് ഹീറോ മൈറ്റിയെ കുറിച്ചാണ് .ഇദ്ദേഹത്തിന്റെ ജോലി തടി പിടുത്തം ആണ് .വെറുതെ തടി പിടുത്തം അല്ല , ആന വരെ വിചാരിച്ചാല്‍ കയറാത്ത തടി ലോറിയില്‍ കയറ്റണം എങ്കില്‍ .വാഹനം ചെല്ലാത്ത ഇടത്തെ തടികള്‍ വാഹനത്തില്‍ എത്തിക്കണം എങ്കില്‍ എല്ലാം അന്ന് ആള്‍ക്കാര്‍ മൈറ്റിയെ ആണത്രേ വിളിച്ചു കൊണ്ട് വരിക മൈറ്റിക്ക് ആനക്ക് കൊടുക്കുന്ന ചിലവുകള്‍ എല്ലാം കൊടുക്കണം എന്നുമാത്രം .
അപ്പോള്‍ കൊമ്പന്‍ മൈറ്റി എന്ന കഥാപാത്രത്തെ കുറിച്ചു നിങ്ങള്ക്ക് ഒരൂഹം കിട്ടിക്കാണുമല്ലോ ? ഈ മൈറ്റി ഒരിക്കല്‍ ഞങ്ങളുടെ നാട്ടില്‍ തടി പിടിക്കാന്‍ എത്തും എന്ന ഒരു വാര്‍ത്ത കാട്ടു തീപോലെ പടര്‍ന്നു പലരും മൈറ്റിയെ കേട്ടിട്ടുണ്ട് എന്നല്ലാതെ കണ്ടിട്ടില്ല .കാരണം നിരന്തരം ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഈ വര്‍ക്ക് ഹോളിക്ക് ആയ മനുഷ്യന്‍ ഒരു ജോലി കഴിഞ്ഞാല്‍ മറ്റൊരിടത്തേക്ക് നിരന്തരം നീങ്ങി കൊണ്ടിരുന്നതിനാല്‍ അയല്‍ ഗ്രാമക്കാരന്‍ ആയിരുന്നിട്ടും കഥകള്‍ കേട്ടിട്ടുണ്ട് എന്നല്ലാതെ നാട്ടിലെ മുതിര്‍ന്നവര്‍ തന്നെ മിക്കവരും മൈറ്റിയെ കണ്ടിട്ടില്ല .കഥകള്‍ ആണെങ്കില്‍ വളരെ പൊടിപ്പും തൊങ്ങലും വച്ചു പ്രചരിപ്പിച്ചിരുന്നു .മൈറ്റി വലിയ തളികയില്‍ ആണ് ചോറ് തിന്നുക എന്നും . രാവിലെ അവല്‍ കുഴച്ചു വലിയ ഉരുളകള്‍ ആക്കി വിഴുങ്ങി ആണ് ജോലിക്ക് പോകുക എന്നും വലിയ മണ്ണിന്റെ കുടത്തില്‍ നിന്നു നേരെ തൊണ്ടയിലേക്ക് പകര്‍ന്നു ആണ് കള്ളടിക്കുക എന്നും ചുവന്നു കലങ്ങിയ കണ്ണ് ആണ് എന്നും വലുതായി ആരോടും സംസാരിക്കുക ഇല്ല എന്നും ഒക്കെ കഥകള്‍ കേട്ടിരുന്നു .ഈ കൊമ്പന്‍ ആണ് ഞങ്ങളുടെ ഗ്രാമത്തിലെ കോളനിയില്‍ ഉള്ള വമ്പന്‍ പ്ലാവ് വണ്ടിയില്‍ കയറ്റാന്‍ വേണ്ടി വരുന്നത് വാര്‍ത്ത കുട്ടികള്‍ കൈമാറിയപ്പോള്‍ തന്നെ ആ കാഴ്ച്ച കാണാന്‍ പോകണം എന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ചിരുന്നു .പക്ഷെ സ്കൂള്‍ ഉള്ള ദിവസം ആണ് എങ്കില്‍ പോക്ക് നടക്കില്ല .ഒന്നും പഠിച്ചില്ല എങ്കിലും ക്രത്യമായി സ്കൂളില്‍ അറ്റന്ട് ആയിരിക്കണം എന്ന നിര്‍ ബന്ധക്കാരിയാണ് നമ്മുടെ പ്രിയ മാതാവ്. അത് കൊണ്ട് തന്നെ അങ്ങിനെ സ്കൂള്‍ മുടക്കി കൊമ്പനെ കാണുക അസാധ്യമാണ് .പിന്നെ ഉള്ളില്‍ പ്രാര്‍ത്ഥന വെള്ളിയോ ഞായറോ ആയിരിക്കണേ കൊമ്പന്‍ വരുന്നത് എന്നായിരുന്നു .
അങ്ങിനെ ദിവസങ്ങള്‍ കഴി ഞ്ഞപ്പോള്‍ സ്കൂള്‍ വിട്ടു വന്ന ചേട്ടന്‍ വീട്ടില്‍ പ്രഖ്യാപനം നടത്തി ഞാന്‍ നാളെ വെള്ളിയാഴ്ച്ച സ്കൂളില്‍ പോകില്ല [ചേട്ടന് വെള്ളിയാഴ്ച്ച യു പി സ്കൂള്‍ ഉണ്ട് ] കാരണം നാളെ കോളനിയില്‍ കൊമ്പന്‍ മൈറ്റി വരുന്നു ,ഞാന്‍ തുള്ളി ച്ചാടിപ്പോയി വെള്ളിയാഴ്ച്ച ആണ് വരുന്നത് നമുക്ക് അവധി ആണ് . അന്ന് രാത്രി ഞാന്‍ തീരെ ഉറങ്ങിയില്ല രാവിലെ തന്നെ വല്ലതും തിന്നു എന്ന് വരുത്തി നേരത്തെ തന്നെ കോളനിയില്‍ മരം വെട്ടി ഇട്ടതിന്റെ അടുത്തു തന്നെ പോയി ഇരുപ്പു ഉറപ്പിച്ചു .അപ്പോഴേക്കും നാട്ടിലും പരിസരത്തും ഉള്ള കുട്ടി കുരങ്ങുകളുടെ കൂട്ടം മുഴുവന്‍ അവിടെ എത്തിക്കഴിഞ്ഞിരുന്നു .കൊമ്പന്‍ മൈറ്റി എന്റെ മനസ്സിലെ മാത്രം ഹീറോ അല്ല എന്ന് അപ്പോള്‍ ആണ് മനസ്സിലായത് .
അങ്ങിനെ ഒരു ഒന്‍പതു മണി ആയപ്പോള്‍ അതാവരുന്നു ചെറിയ ഒരു ആള്‍ക്കൂട്ടം മുന്നില്‍ കയറും കപ്പിയും ആയി ഒരാളും കുറെ തടിമാടന്മാര്‍ ആയ കുറെ ആള്‍ക്കാര്‍ വലിയ ഉരുണ്ട നീണ്ടു തടിച്ച തടികളും ചുമലില്‍ വച്ചു . അതില്‍ ആരാണ് മൈറ്റി എന്ന് തിരിച്ചറിയാന്‍ ആയില്ല എന്ന് മാത്രം അല്ല എന്റെ സങ്കല്പത്തില്‍ ഉള്ള ഒരാളെ അതില്‍ കാണാനും ആയില്ല കാണികള്‍ പിറ് പിറുക്കുന്നിതിനിടയില്‍ വന്നവര്‍ അവരുടെ പണി തുടണ്ടി തടിയുടെ ചില്ലകളും മുഴപ്പും ഒക്കെ വെട്ടി മാറ്റി തടി കുട്ടപ്പാന്‍ ആക്കി സാമാന്യം വണ്ണം ഉള്ള ഒരു പിലാവ് തന്നെയായിരുന്നു അത് . അവരെല്ലാം കൂടി ആതടി കുഴിയില്‍ നിന്നു ലോറി നില്‍ക്കുന്ന ഉയര്ര്‍ന്ന റോഡിലേക്ക് ഉരുട്ടി കയറ്റി . എന്നിട്ട് ലോറിയില്‍ നിന്നു തടിയുടെ അടിയിലേക്ക് ഒരു ഉത്തോലകം പോലെ കയ്യില്‍ കരുതി കൊണ്ട് വന്ന തടികള്‍ തിരുകി വച്ചു . .ഈ പ്രവര്‍ത്തി എല്ലാം ചെയ്യുമ്പോള്‍ ഈണത്തില്‍ താളത്തില്‍ മുഹമ്മദു മുതല്‍ അബ്ദുല്‍ കാദര്‍ ജീലാനി മുതല്‍ രിഫായി ശൈഖു വരെ ഉള്ളവരെ ഒരാള്‍ വിളിക്കയും മറ്റുള്ളവര്‍ ഹെലൈസ എന്ന് പറയുകയും ചെയ്യുന്നുണ്ടായിരുന്നു . അവസാനം ഈ തടി വിലക്ക് വാങ്ങിയ മനുഷ്യന്‍ എന്ന് തോന്നിക്കുന്ന ആള്‍ എന്നാ മേയ്റ്റി കേറ്റുക ആല്ലേ എന്ന് ചോദിച്ചപ്പോള്‍ ആണ് സാക്ഷാല്‍ കൊമ്പന്‍ മേയ്റ്റി എന്ന ആള്‍ ലോറിയുടെ വലതു വശത്തെ വാതില്‍ തുറന്നു വെളിയില്‍ വരുന്നതും ജനം അന്തം വിടുന്നതും .വെളുത്തു മെലിഞ്ഞു കുറുകിയ കാലിലും കൈകളിലും പച്ച നരമ്പുകള്‍ കാണാവുന്ന ഒരു സാദാരണ മനുഷ്യന്‍ ജനം മൂക്കത്ത് വിരല്‍ വച്ചു പോയി ,എനിക്ക് അപ്പോഴും അയാള്‍ ആണ് കൊമ്പന്‍ മൈറ്റി എന്ന് വിശ്വസിക്കാന്‍ ആകാത്തത് കൊണ്ട് അയാള്‍ വെറും ഒരു മൈറ്റി ആയിരിക്കും എന്നും കൊമ്പന്‍ പിറകെ വരും എന്നും ഞാന്‍ കരുതി പക്ഷെ ഉടുത്ത മുണ്ട് തറ്റു ഉടുത്തു .തടിയുടെ മുന്തല ഭാഗത്ത് നില ഉറപ്പിച്ചു മറ്റുള്ളവരോട് മറുവശത്ത് നിന്നു തടി തള്ളി കയറ്റാന്‍ ആ മനുഷ്യന്‍ ആവശ്യപ്പെട്ടപ്പോള്‍ ജനം ഒന്ന് കൂടി ഞെട്ടി .ഒരു വശത്ത് മൈറ്റി എന്ന മനുഷ്യന്‍ മാത്രം മറ്റേ വശത്ത് കുറെ തടി മാടന്മാര്‍ എങ്ങിനെ ശരിയാവും പക്ഷെ ജനത്തിന്റെ അന്തക്കേട് മാറുന്നതിനു മുന്‍പ് ഒരു വശം ഉയര്‍ന്ന തടിയുടെ അടിയിലേക്ക് കുനിഞ്ഞു കൊമ്പന്‍ മൈറ്റി എന്ന പ്രതിഭാസം ചുമല്‍ കൊടുത്ത് തള്ളിയതും ആ കൂറ്റന്‍ തടി അതാ കിടക്കുന്നു ലോറിയില്‍ . അവിശ്വസിനീയമായ കാഴ്ച്ചയില്‍ നിന്നു ഞട്ടി ത്തിരിഞ്ഞ ജനം ആരവം മുഴക്കി .
ഞാന്‍ പിന്നീട് ഈ സംഭവം ഒരു മനനത്തിനു വിധേയമാക്കിയപ്പോള്‍ കിട്ടിയ ആകെത്തുക ഇതാണ് പലപ്പോഴും നമ്മുടെ നാട്ടു ഹീറോകള്‍ നിത്യഭ്യാസം കൊണ്ട് സ്വായത്തമാക്കിയ കഴിവിനാല്‍ പുലര്‍ന്നു പോന്നവര്‍ ആണ് . .പിന്നീട് നാട്ടു കൂട്ടം അവരെ കുറിച്ചു ഓരോരുത്തര്‍ക്കും ആവുന്ന തരത്തില്‍ കഥകള്‍ സ്രഷ്ട്ടിച്ച്ചു പ്രചരിപ്പിക്കുന്നു . അത് വാമൊഴിയായി പ്രചരിക്കയും പിന്നീട് അവര്‍ മരിച്ചു കഴിഞ്ഞു കുറെ കാലം ഈ കഥകള്‍ വാമൊഴികളില്‍ നിലനില്‍ക്കയും ക്രമേണ ഇല്ലാതാവുകയും ചെയ്യുന്നു .ഇനി ഇത്തരം ഹീറോകളെ ആരെങ്കിലും പാട്ടിലോ കഥയിലോ വരച്ചു വച്ചാല്‍ പിന്നീട് അവര്‍ ഇതിഹാസ കഥാപാത്രം ആയി മാറുന്നു .
No comments:
Post a Comment