Thursday 23 December 2010

നീയാകുന്നു സര്‍വ്വം നിന്നിലാകുന്നു സര്‍വ്വം ...

നീയാകുന്നു സര്‍വ്വം നിന്നിലാകുന്നു സര്‍വ്വം ... ലോകാലോകങ്ങളുടെനാഥന്‍, ഈ അനന്ത പ്രപഞ്ച ത്തിന്റെസൃഷ്ട്ടാവ് കാഞ്ചനപ്രഭ കൊണ്ട് മനുഷ്യാസ്തിത്വം തീര്‍ത്തവന്‍ .മൃച്ചംകൊണ്ട് രൂപം മെനഞ്ഞവന്‍ തേജോഗോളങ്ങളാല്‍ ഭൂവില്‍ മനുജന് മേവാന്‍ പ്രഭ സ്രഷ്ട്ടിച്ച മഹാപ്രഭു , അജയ്യന്‍ അനന്തന്‍ആകാരരഹിതന്‍ , സ്ഥൂല സൂക്ഷ്മങ്ങളില്‍ വസിക്കുന്നവന്‍ . സ്ഥിതിയുടെ നാഥന്‍ സംഹാരത്തിനധിപന്‍ , അദൃശ്യ കരങ്ങളാൽ ദിനരാത്ര ചക്രം തീര്‍ക്കുന്നവന്‍ മഹാശൈലങ്ങൾക്ക് ഔന്നത്യം നല്കിയോന്‍ ആഴികള്‍ക്ക് നിമ്നതനല്കിയോന്‍ . തുശാരങ്ങളില്‍ സൂര്യാംശു തീര്‍ക്കുന്നവന്‍ മാരുതനാല്‍വീശി തണുപ്പിക്കുന്നവന്‍., പ്രചണ്ഡ വാതങ്ങളാല്‍ സാഗരങ്ങളെ തുള്ളിക്കുന്നവന്‍ മേഘമാലകലില്‍ നിന്നു കുളിര്‍വര്‍ഷം തരുന്നവന്‍ ജലഘനങ്ങളില്‍ നിന്ന് അഗ്നിയുടെ കൊള്ളിയാന്‍ പായിക്കുന്നവന്‍ . പ്രേമികളില്‍ മഹാപ്രേമി പ്രണയികളില്‍ മഹാപ്രണയി.രുദ്രഭാവത്തിന്റെഘോരരൂപാര്‍ജ്ജിതന്‍ .സൌമ്യ ഭാവത്തിന്റെ മൃദുരൂപലോലന്‍ ...നീയാകുന്നു സര്‍വ്വം നിന്നിലാകുന്നു സര്‍വ്വം ... നിന്നെ ഞാന്‍ പ്രണയിക്കുന്നു .ഒപ്പം നിന്നോട് പരിഭവിക്കുന്നു കലഹിക്കുന്നു , നീ തീര്‍ത്ത പച്ചപ്പില്‍ നിന്ന് പറിച്ചു ഭക്ഷിക്കുന്നതേ ക്കാള്‍എനിക്കിഷ്ട്ടം നീ തീര്‍ത്ത ഊഷരതയില്‍ വിളയിറക്കാനാണ് നീ തന്ന ഉര്‍വ്വരതയെ ഊറ്റുന്നതേക്കാൾ ആഴങ്ങളിലെ ഉറവുകള്‍ തേടാനാണ് എനിക്കിഷ്ട്ടം . നീ തന്ന വിശാലതയില്‍ മേയുന്നതിനു പകരം ഘനാന്ധകാരങ്ങളുടെ തടവിടങ്ങള്‍ആണ് ഞാന്‍ തിരഞ്ഞെടുക്കുക , നിന്റെ സംരക്ഷണത്തിന്റെ നീലതടാകങ്ങളില്‍ നീന്തി തുടിക്കുന്നതിനു പകരം കോള്‍ കൊണ്ട സാഗരങ്ങളില്‍ തുഴയാന്‍ ഞാന്‍ ശ്രമിക്കും . ഇല്ല ജപമണികള്‍ ഉരുട്ടി നിന്നെ ഞാൻ പ്രീണിപ്പിക്കില്ല പ്രാര്‍ഥനാ ഗീതികള്‍ ഉരുവിടില്ല . നിനക്കായി ഞാന്‍ ബലി അര്‍പ്പിക്കില്ല .കണ്ണീരിനാല്‍ ഖേദം തേടില്ല നിന്റെ ആലയങ്ങളില്‍ ഞാന്‍ ഹാജര്‍ വയ്ക്കില്ല , നിന്റെ വേദവാക്യങ്ങളില്‍നിന്നു ഒരു വരിപോലും വായിക്കയില്ല .മിനാരങ്ങളിനിന്നു നിന്റെ വാഴ്ത്തുയരുമ്പോള്‍ ഞാനതിനു ചെവികൊടുക്കില്ല നന്ദി എന്ന രണ്ടക്ഷരംപോലും ഞാന്‍ നിനക്ക് തിരിച്ചു തരികയില്ല വിധേയത്വം നീ പ്രതീക്ഷിക്കുക പോലുമരുത്പ്രിയനേ ... എങ്കിലും പ്രഭോ ഞാന്‍ നിനക്ക് വാഗ്ദാനം ചെയ്യുന്നു, സ്നേഹത്തിന്റെ ധൂപക്കൂടുകള്‍ ഒരുക്കി ഞാന്‍ തെരുവുകളില്‍ വയ്ക്കും മനുഷ്യരുടെ പാദങ്ങള്‍ മൂറോന്‍തൈലത്താല്‍ അഭിഷേകം ചെയ്യും ജീവസ്നേഹത്തിന്റെ ഊദും കുന്തിരിക്കവും നിന്റെ മുന്നില്‍ പുകയ്ക്കും . ലോകത്തിനായി പ്രകാശത്തിന്റെ ശമ്മകള്‍ജ്വലിപ്പിക്കും ജീര്‍ണ്ണതയുടെ കറുത്ത പായലുകള്‍ എന്റെ ഉള്ളിലെ ദേവാലയത്തില്‍ നിന്നും ചുരണ്ടി മാറ്റും ശവക്കോട്ടകളില്‍ നീ എന്റെ കൈകളില്‍ ചൊരിഞ്ഞ മുത്തും മാണിക്യങ്ങളുംവിതച്ചു ജീവന്റെ സൂര്യ കാന്തിപൂക്കളും സ്വര്‍ണ്ണ വര്‍ണ്ണ നെന്‍മണികളും കൊയ്യും . ലോകത്തെ ഊട്ടും . പ്രഭോ കരുണാമായാ കാരുണാ സിന്ധോ തേജോമയാ എന്നെ വിധിക്കാന്‍ ഞാന്‍ നിന്നെ അനുവദിക്കുന്നു ... നിന്റെ രക്ഷാ ശിക്ഷകള്‍ ഇനി നടപ്പാക്കിയാലും ......

Sunday 19 December 2010

ഇന്ന് ഇപ്പോള്‍ ഈ നിമിഷം

കാലം അതിന്റെ ആരക്കാലുകള്‍ അതിശീഘ്രം കറക്കി മുന്നോട്ടു കുതിക്കുമ്പോള്‍  എന്റെ  ആയുസ്സിന്റെ പുസ്തകങ്ങളില്‍നിന്നു ഏടുകള്‍ മറിഞ്ഞു പോകയാണ് , ആരാണ് അത് ഇത്ര ദ്രുതം മറിച്ചു കളയുന്നത് , എവിടെ നിന്നാണ് പിന്‍വിളി ഇടി മുഴക്കം പോലെ കര്‍ണ്ണപുടങ്ങളില്‍ പതിക്കുന്നത് , ആരാണ് കലാശം കൊട്ടി ആസുര താളം മുഴക്കുന്നത് , എവിടെ നിന്നാണ് കൊടുങ്കാറ്റിന്‍ ആരവമുയരുന്നത് ? അകലെ നിന്നല്ല വളരെ അടുത്തു നിന്നാണെന്നു  ഞാന്‍ അറിയുന്നു .ബോധാബോധങ്ങളുടെകുഴ മറിയലാല്‍ അന്തരാളത്തിന്റെ മായാഭാവങ്ങള്‍ കാഴ്ച്ച്ചയുടെയും കേള്‍വിയുടെയും കല്‍പനാചിത്രങ്ങള്‍ തീര്‍ക്കുന്നു എന്ന പാഴ് നിനവും എന്നിലില്ല . വാഴിവിന്റെ രഥം തെളിക്കുന്ന വഴിത്താരയില്‍ ഘനാന്ധകാരംവന്നു മൂടുന്നതെന്തു ,മുന്നില്‍ ദുര്‍ഘടപര്‍വ്വങ്ങളുടെ നൈരന്തര്യം എന്ത് , ഭയത്തിന്റെ നിറ രാഹിത്യമാര്‍ന്ന ചിത്രങ്ങളാല്‍ സ്വപ്ന പേടകം നിറയുവതെന്തു , ചിത്തഹാരികള്‍ ആയ കനവിന്‍ മായിക ദ്രശ്യങ്ങള്‍ മറഞ്ഞുപോയതെന്തു ?  അതെല്ലാം ഈ പാഴ്ഭൂ ജീവിതത്തിന്റെ പരിണിതി ആവാം , ആള്‍കൂട്ടങ്ങളിലും തനിയെ എന്ന സ്വാസ്ഥ്യരഹിതഭാവം കാരണമാകാം, വര്‍ണ്ണങ്ങളുടെ മഹോല്സവങ്ങളില്‍പോലുംശ്യാമ വര്‍ണ്ണങ്ങള്‍ തിരയുന്ന മനസ്സിന്‍ ന്യൂനത ആവാം. ആസുരകാലത്തിന്റെ ദയാരാഹിത്യങ്ങളാല്‍ കലങ്ങി പ്പോകുന്ന ഉള്ളത്തില്‍ നിണം കല്ലിച്ച് മരച്ചുപോയിരിക്കാം .എല്ലാം തോന്നലിന്‍ ആതുരതകള്‍ എന്നും ,   .ഇന്ന് ഇപ്പോള്‍ ഈ നിമിഷം ആണ് ഏറ്റവും വിലപിടിച്ചത് എന്നും ഞാന്‍ അറിയുന്നു .

എങ്കിലും പ്രിയേ ഞാന്‍ വിഭ്രമം തീര്‍ത്ത ആന്ധ്യത്തില്‍ ആണ്ടു പോകില്ല എന്ന് നിന്നോട് വാഗ്ദാനം ചെയ്യുന്നു . പാഴായും പൊള്ളയായും കിടക്കുന്ന തരിശുകള്‍ താണ്ടി ,അല്ലലുകളുടെ ആഴികളും, തിരകളുടെ ഗര്‍ജ്ജനം ഒടുങ്ങാത്ത സാഗരങ്ങളും , ദുര്‍ഘടങ്ങളുടെ ആഗ്നേയ പാതകളും ,ഹിമ ശൈലങ്ങളും എല്ലാം താണ്ടി ഞാന്‍ നിന്റെ അരികില്‍ അണയും . നാം പണ്ട് നടന്നു തീര്‍ത്ത മരതക പാതകളില്‍ വീണ്ടും കൈകള്‍ കോര്‍ത്തു പിടിച്ചു നാം നടക്കും . പൊന്നു വിളയുന്ന പാട വരമ്പുകളില്‍ മഞ്ഞപ്പടുടയാട അണിഞ്ഞ തുമ്പികള്‍ക്ക് പിറകെ പായും , പാല്‍ നുരപതയുന്ന നീരജങ്ങളില്‍ പാദം ഇറക്കി കാലില്‍ വെള്ളി കൊലുസ്സെന്നുനീ പറയുന്നത് ,കിലുകിലാരവം ഉയര്‍ത്തി പാഞ്ഞു പോകുന്ന കൈതോടിനോടൊത്തു നീ ചിരിച്ചാര്‍ക്കുന്നത് എല്ലാം സ്വര്‍ഗീയ സംഗീതമെന്നപോലെഎന്റെ കാതുകളില്‍ പതിയും . വേലി പൂക്കളിലെ പരാഗം നിന്റെ നെറ്റിയില്‍ തൊട്ടു നീ എന്റെ വേളി പെണ്ണെന്നു നാണിച്ചു നില്‍ക്കുന്ന നിന്റെ കാതില്‍ ഞാന്‍ ചൊല്ലും . വയല്‍ പൂക്കള്‍ കൊരുത്ത ഹാരം ഞാന്‍ നിന്റെ കാര്‍കൂന്തലില്‍ ചാര്‍ത്തും . എന്നിട്ട് രഹസ്യം ചൊല്ലാനെന്ന മട്ടില്‍ കാതു ചോദിച്ചു കവിളില്‍ ചുംബനം ചൊരിയും .അപ്പോള്‍ തുടുത്ത പനിനീരുപോലെ നീ ചുവന്നുപോകുന്നത് ,പരിഭവത്തിന്റെ കണ്ണീര്‍  മുത്തുകള്‍ നിന്റെ നീല കണ്ണില്‍  നിന്നടരുന്നത് സ്വപ്ന രഥത്തില്‍ വന്നിറങ്ങിയ രാജകുമാരന്‍ എന്നപോലെ ഞാന്‍ നോക്കിക്കാണും. വിഭ്രമിച്ച   മാന്‍ പേടയെന്നപോലെ പായാന്‍ ആയുന്ന നിന്നെ നെഞ്ചില്‍ ചേര്‍ത്ത് അണച്ചു ആയിരം ചുംബനങ്ങളാല്‍   ഞാന്‍ നിന്റെ കണ്ണ് നീര്‍ തുടയ്ക്കും .

 കറുത്ത തിരശീലകള്‍ മാറ്റി വെളിച്ചത്തിന്റെ സ്വര്‍ണ്ണ വര്‍ണ്ണങ്ങള്‍ വിരുന്നു വരും .പൂപാടങ്ങള്‍ ഭൂമിയില്‍ സ്വര്‍ഗചാരുത തീര്‍ക്കും , കോകിലങ്ങള്‍ പാടും മയൂരങ്ങള്‍ നടനമാടും , തീര്‍ച്ചയായും ശുഭകാലത്തിന്റെ ധവളശോഭയും ഉയിര്‍പ്പിന്റെ അരുണ വര്‍ണ്ണവും അകലെ ചക്രവാളങ്ങളില്‍ ദ്രശ്യമാവും. കാലം അതിന്റെ പ്രയാണം തുടരട്ടേ, ആയുസ്സിന്റെ ഏടുകള്‍ മറിഞ്ഞു കൊള്ളട്ടെ . ഞാന്‍ പ്രതീക്ഷയുടെ മുനമ്പില്‍ കര്‍മ്മം ആയുധമാക്കി നിലമൊരുക്കുന്നു വിളവിറക്കുന്നു.അതില്‍ നിന്ന് കനക മണികള്‍ കൊയ്യാന്‍ വരിക നിങ്ങളും കൂട്ട് ചേരുക. സ്നേഹത്തോടെ ഗുരു രസഗുരു ലഘു ഗുരു ചക്കക്കുരു


Saturday 18 December 2010

.ദൈവത്തിനു പ്രിയമല്ലാത്തത്

നന്മയും തിന്മയും എന്നത് മാനവകുലം ഉണ്ടായത് മുതല്‍ ഉള്ള ഒരു കണ്‍സപ്ട്ടു ആണ് .  ഇത് പലപ്പോഴും വിശ്വാസവും ആയി ബന്ധപ്പെടുത്തിയാണ് നാംസാധാരണ വായിച്ചെടുക്കുക  .ദൈവത്തിനു  പ്രിയമല്ലാത്തത് തിന്മ പ്രിയമായത് നന്മ എന്നതാണ് മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവര്‍ കരുതുന്നത് . അത് കൊണ്ട് തന്നെ മത മൂല്യങ്ങളില്‍ വിശ്വസിച്ചു വന്നിരുന്ന പൂര്‍വ്വ കാല മനുഷ്യര്‍ മതമൂല്യങ്ങള്‍ വളരെ സൂക്ഷ്മം ആയി പാലിക്കയും ദൈവത്തിന്റെ അപ്രീതിക്ക് പാത്രമാവതിരിക്കാന്‍ ശ്രമിക്കയും ചെയ്തു . അത് കൊണ്ട് തന്നെ സമൂഹത്തില്‍ വലിയ തോതില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാതെയും സമൂഹത്തില്‍ സഹവര്‍ത്തിത്വവും സമാധാനവും ഒക്കെ പുലരുകയുമൊക്കെ ചെയ്തു . പിന്നീട് മതം തന്നെ വലിയ എസ്ട്ടാബ്ലിഷ്മെന്റുകള്‍ ആയി മാറിയതോടെ തിന്മ എന്നത് അവരുടെ കുത്തകയായി മാറി എന്നതാണ് കഥ അതാണല്ലോ ജീസസിന് പള്ളികളില്‍ നിന്ന് ചുങ്കക്കാരെയും പരീഷന്മാരെയും ചാട്ടക്ക് അടിച്ചു പുറത്താക്കേണ്ടി വന്നത് .

ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത് ആധുനിക  കാലത്തെ നന്മ തിന്മകള്‍ എന്ന കാഴ്ച്ച്ചപ്പാടിനെ കുറിച്ചു ആണ് . കാലം മാറുന്നതിനു അനുസരിച്ചു മനുഷ്യ ചിന്തകളില്‍ പരിവര്‍ത്തനം വരികയും മൂല്യ വിചാരങ്ങളിലും കാഴ്ച്ചപ്പാടുകളിലും  മാറ്റം വരികയും ചെയ്യും ,വരണം എങ്കില്‍ മാത്രമേ മുന്നോട്ടുള്ള പ്രയാണം തടസ്സ ലേശം ഇല്ലാതെ പോകുക ഉള്ളൂ . നാം കുട്ടിക്കാലത്ത് കൊണ്ട് നടന്ന ചിന്തകള്‍ ഇപ്പോഴും പിന്തുടരുന്നു എന്ന് വന്നാല്‍ അതിനര്‍ത്ഥം നമ്മുടെ ബുദ്ധി വികാസം കൊണ്ടില്ല എന്നാണു .അതേ പോലെ സമൂഹവും വളരുന്നതിന് അനുസരിച്ചു അതിന്റെ മൂല്യ ചിന്തകള്‍ മാറ്റി പണിയേണ്ടത് ഉണ്ട് . അത്തരം ഒരു നിലപാട് തറയില്‍ നിന്ന് കൊണ്ട് ഗുരു സ്വന്തം നന്മ തിന്മകളെ കുറിച്ചുള്ള കാഴ്ച്ചപ്പാട് ഇവിടെ അവതരിപ്പിക്കയാണ് .ആദ്യമേ പറഞ്ഞു വയ്ക്കാം മതമൂല്യങ്ങള്‍ക്ക് എതിരായ ഒരു പ്രസ്താവനയോ ദൈവത്തിന്റെ നിയമങ്ങളെ മറികടക്കാനോ  വെല്ലുവിളി ഉയര്‍ത്താനോ ഉള്ള ഒരു ശ്രമം ഇത് കൊണ്ട് ഉദ്ദേശിക്കുന്നില്ല . തികച്ചും ഒരു വ്യക്തി എന്നനിലക്ക്‌ നന്മതിന്മകളെ കുറിച്ചുള്ള എന്റെ അഭിപ്രായം കുറിക്കുന്നു എന്നുമാത്രം .അത് കൊണ്ട് ആദ്യമേ തന്നെ തിമകളെ കുറിച്ചുള്ള ഗുരുവിന്റെ ഫത്‌വകള്‍  കുറിച്ചു കൊണ്ട് തുടങ്ങാം .

സമൂഹം തിന്മ എന്ന് കരുതുന്ന വ്യഭിചാരം , കള്ളുകുടി ,ചൂത് കളി എന്നിവയെ കുറിച്ചു ആദ്യം  തന്നെ പറയാം . വ്യതിചലിക്കുക ആചാരത്തില്‍ നിന്ന് അതാണ്‌ വ്യഭിചാരം കൊണ്ട് ഉദ്ദേശിക്കുന്നത് .ആചാരം എന്നത് സമൂഹം അന്ഗീകരിച്ച്ചു കൊണ്ടുള്ള ലൈന്ഗികത  ആണ് അതില്‍ നിന്ന് മാറി രണ്ടു വ്യക്തികള്‍ ഒളിഞ്ഞോ തെളിഞ്ഞോ ആ വ്ര്‍ത്തിയില്‍  ഏര്‍പ്പെട്ടാല്‍ അത് കുറ്റകരം ആയി ഗണിക്കപ്പെടും . ഈ വിചാരത്തെ ഗുരു അന്ഗീകരിക്കുന്നില്ല പ്രായ പൂര്‍ത്തി ആയ സ്ത്രീയും പുരുഷനും ഉഭയ സമ്മതപ്രകാരം ലൈന്ഗികതയില്‍ ഏര്‍പ്പെടുന്നത് തിന്മ ആയി കാണുക വയ്യ .അത് തിന്മ ആകുക ബലാല്‍ ഒരാള്‍ മറ്റൊരാളുടെ മേല്‍ അക്രമാസക്ത ലൈന്ഗികത അടിച്ചേല്‍പ്പിക്കുക ആണ് എങ്കില്‍ മാത്രം ആണ് . അപ്പോള്‍ പ്രായപൂര്‍ത്തി ആകാത്തവരായാല്‍ എന്ത് എന്ന ചോദ്യത്തിന് ഉത്തരം അവരുടെ തീരുമാനങ്ങള്‍ അപക്വം ആകുന്നു എന്നത് ആണ് . അതുപോലെ തന്നെ ആണ് മനുഷ്യേതര   ജീവികളുമായി സംഗം ചെയ്യുന്നതും .കാരണം അവയുമായി കമ്മ്യൂണി ക്കേട്ടു    ചെയ്യാന്‍ നമുക്ക് മാര്‍ഗം ഇല്ലാത്തതിനാല്‍ അവ ലൈഗികത ആസ്വദിക്കുന്നുവോ എന്ന് നമുക്കറിയില്ല മാത്രമല്ല പ്രകര്തിക്ക് അത് സ്വീകാര്യം ആണ് എന്ന് തോന്നുന്നുമില്ല . മദ്യപാനം നേരത്തെ ഞാന്‍ നയം പറഞ്ഞു കഴിഞ്ഞത് ആണ് .ഒരാള്‍ മദ്യപിക്കുന്നത് സ്വയം ആസ്വദിക്കാന്‍ ആണ് അത് സമൂഹത്തില്‍ വലിയ പ്രശ്നം സ്ര്ഷ്ട്ടിക്കാത്തിടത്തോളം അത് തികച്ചും അയാളുടെ വ്യക്തിപരമായ കാര്യത്തില്‍ ഒതുങ്ങുന്നു, അത്കൊണ്ട് തന്നെ അയാള്‍ സ്വന്തം ശരീരത്തോട് ചെയ്യുന്ന പാപം ആണ് എന്ന് കണക്കില്‍ എടുത്താല്‍ പോലും സമൂഹത്തെ ബാധിക്കുന്നില്ലാ എങ്കില്‍ അത് ഗുരു തിന്മ ആയി . കാണുന്നില്ല , ഇനി കള്ളുകുടിച്ചു ഒരാള്‍ മറ്റൊരാളെ ആക്രമിച്ചു  എന്ന് വയ്ക്കുക ഇവിടെ തിന്മ കള്ളടിച്ചു  എന്നത് അല്ല അടിച്ചു എന്നത് ആണ് കാരണം അടി ശാരീരികം ആയി ഒരാളെ ക്ഷത പ്പെടുത്തുകയും മാനസിക സംഘര്‍ഷവും അഭിമാന നഷ്ട്ടം  വരുത്തുകയും ഒക്കെ ചെയ്യുന്നതിനാല്‍ അടി തിന്മയാണ് . സ്കൂളില്‍ അധ്യാപകര്‍  കുട്ടികളെ അടിക്കുന്നത് വരെ തിന്മ ആയി ഗുരു കരുതുന്നു . ഇവിടെ അടിക്കു കാരണം ആയതു മദ്യം  ആണ് എന്ന് പറഞ്ഞാല്‍ , അത് വെറും തമാശ ആയിട്ടേ കരുതുന്നുള്ളൂ
കാരണം അതി മദ്യപന്റെ അടി വളരെ ദുര്‍ബ്ബലം ആയിരിക്കും . അതേ സമയം ക്ഷോഭം കൊണ്ട് ബുദ്ധി മരച്ച ഒരാളിന്റെ അടി വളരെ അപകടകരം ആയിരിക്കയും ചെയ്യും .
ചൂത് കളി ഇന്ന് ആധുനിക ലോകത്തിലെ വലിയ വിനോദങ്ങളില്‍ ഒന്നാണ്  .ഇതില്‍ നഷ്ട്ടം എന്നത് വ്യക്തികള്‍ക്ക് ആണ് . ഏറിവന്നാല്‍ അയാളുടെ കുടുംബത്തിനു . മറ്റൊരാള്‍ അത് വഴി നേടുകയും ചെയ്യും സത്യത്തില്‍ സന്തോഷ ദു.ഖ സമ്മിശ്രമായ ഒരു പ്രതികരണം സ്രഷ്ട്ടിക്കുന്ന ഈ പരിപാടി പൊതുവേ സമൂഹത്തെ വലിയ തോതില്‍ ബാധിക്കുന്നില്ല  എന്നത് കൊണ്ട് തന്നെ ഇത് ഒരു വലിയ തിന്മ ആയി കണക്കിലെടുക്കേണ്ടതില്ല എന്നതാണ് ഗുരു മതം . ലോട്ടറിയെ ചിലര്‍ ചൂതിന്റെ പരിധിയില്‍ പെടുത്താറു   ഉണ്ട് . നമ്മുടെ നാട്ടിലെ ലോട്ടറിയൊക്കെ ഒരു പാട് പേരുടെ കഞ്ഞി കുടിയാണ് എന്ന് മനസ്സിലാക്കുമ്പോള്‍  അതിലൊന്നും തിന്മ്മ വലിയ അര്‍ത്ഥം ഇല്ല . പിന്നെ ലോകത്ത് നടക്കുന്ന ഹൈക്ലാസ്സ് ചൂത് കളി ഒന്നും സാധാരണ ജനത്തെ ബാ  ധിക്കുന്നുമില്ല .സമൂഹത്തെ നേരിട്ട് ബാധിക്കുമ്പോള്‍ മാത്രം അതൊരു തിന്മ ആയി കണ്ടാല്‍ മതിയാകും .

തിന്മകളെ  കുറിച്ചു പറയുമ്പോള്‍ സമൂഹത്തെയും അപര വ്യക്തികളെയുംബാധിക്കുന്ന പ്രശ്നങ്ങള്‍ ,ഉദാഹരണത്തിന് മോഷണം പോലുള്ളവ നാം അദ്വാനിച്ച്ചു ഉണ്ടാക്കിയ ധനം നമുക്ക് നഷ്ട്ടം ആകുമ്പോള്‍ അത് നമ്മുടെ ജീവ സന്ധാ രണം മുട്ടിക്കുമ്പോള്‍ അത് വലിയ കുറ്റം തന്നെ ആകുന്നു . കള്ളം പറഞ്ഞു നമ്മെ ഒരാള്‍ പ്രതിസന്ധിയില്‍ ആക്കുകയും അപമാനിക്കയും വ്യക്തി ഹത്യ നടത്തുകയും ഒക്കെ ചെയ്‌താല്‍ അത് തിന്മ ആയി കണക്കാക്കാം . പക്ഷെ നിര്‍ദോഷം  ആയ  ഒരു കള്ളം പറഞ്ഞു നരകത്തില്‍ പോകുന്നെങ്കില്‍ പോകട്ടെ ..നേരത്തെ പറഞ്ഞ മര്‍ദ്ദനം, പിടിച്ചു പറി, ടെററിസം ,ഫാസിസം പരിസ്ഥിതി നാശം ,മാലിന്യം തള്ളി പരിസരംനശിപ്പിക്കല്‍ ജീവികളെ കൊല്ലല്‍ തുടങ്ങി വലിയ വലിയ തിന്മകളെ നാം കാണാതെ പോകയും .പകരം ഗുരു കള്ളുകുടിച്ചു പെണ്ണ് പിടിച്ചു എന്ന തികച്ചും വ്യക്തി പരം ആയകാര്യം വലിയ തിന്മ ആണ് എന്ന് വരുന്നത് മിതമായി പറഞ്ഞാല്‍ കാപട്യം ആണ് .കുടിക്കുക തിന്നുക ലൈഗിക വ്ര്‍ത്തിയില്‍ ഏര്‍പ്പെടുക എന്നത് ഒക്കെ മനുഷ്യന്റെ ജീവന താളത്തിന്റെ അനിവാര്യതകള്‍ ആണ് .അത് കൊണ്ട് പ്രിയരേ അതുകളെ  തിന്മകള്‍ ആയി മാറ്റി നിര്‍ത്തി ജീവിതം ആസ്വദിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കാതിരിക്കുക . കഴിയുമെന്നാല്‍ പുസ്തകങ്ങളില്‍ ഇതിനെ കുറിച്ചു ഉള്ള കാഴ്ച്ചപ്പാടുകള്‍ ഭാവിയില്‍ എങ്കിലും തിരുത്താന്‍ ആവുന്ന തരത്തില്‍ ഇപ്പോഴേ തലമുറയില്‍ പുതു  ചിന്തകള്‍ പാകുക .അവരെങ്കിലും ജീവിതം ആസ്വാദ്യ  കരം ആക്കട്ടെ ... സ്നേഹത്തോടെ ഗുരു രസഗുരു ലഘു ഗുരു ചക്കക്കുരു

Friday 17 December 2010

രതിപ്പൂക്കള്‍ പറിക്കുക

മഞ്ഞു കാലം വന്നിരിക്കുന്നു ഉണരുക
മഹാ ശൈലങ്ങളും സൈകതങ്ങളും -
മഞ്ഞിന്‍ പട്ടുടുപ്പു അണിഞ്ഞിരിക്കുന്നു
താരും തളിരുമതില്‍ പൂക്കള്‍ തുന്നിയിരിക്കുന്നു

കോകിലങ്ങള്‍ കുഴലോശമീട്ടുന്നു
രാപ്പാടികള്‍ രാഗാദ്രമായ് പാടുന്നു
വണ്ടുകളും ശലഭങ്ങളും മലരിന്‍ -
ചുണ്ടുകളില്‍ ചുംബിച്ചു ഉലയ്ക്കുന്നു

പ്രഭാത സൂര്യന്‍ വര്‍ണ്ണ രശ്മികലെയ്ത് -
നീലനഭസ്സില്‍മായ്ക്കാഴ്ച്ച്ചകളും
പ്രദോഷത്തില്‍ ചാരുവര്‍ണ്ണ പടങ്ങളും
തീര്‍ത്തു വിസ്മയ മൊരുക്കുന്നു

പ്രേമീ ഉണരുക നിന്‍റെ പാദങ്ങള്‍
പുല്‍തകിടിയിലെ തുശാരകണങ്ങളില്‍
അമര്‍ന്നു മര്‍മരമുയര്‍ത്തുന്നത്
പ്രേയസിയുടെ കാതില്‍ പതിക്കട്ടെ

നിലാവിന്റെ സ്വര്‍ണ്ണ വര്‍ണ്ണ തിരശ്ശീല മാറ്റി
നീ അണയുന്നത് കാണ്‍കെ 
പ്രിയയവള്‍ മോദം കൊള്ളട്ടെ
ഉന്മാദത്തില്‍ പാനപാത്രം നിറയ്ക്കട്ടെ

ചഷകത്തിലെ മുന്തിരിച്ചാറും ചുംബനവും
നീയവളുടെ ചുണ്ടുകളില്‍ പകര്‍ന്നു നല്‍കുക
പ്രേമ ലീലയാല്‍ ഉണര്‍ത്തുക ഉടലില്‍ -
പടര്‍ന്നെറുക , രതിപ്പൂക്കള്‍ പറിക്കുക 

ഭൂവിതില്‍ ജീവന സന്ഗീതമാവുക
ഉടലാലുയിര്‍പ്പിന്റെ മേളമുയര്‍ത്തുക
ഉണരുക വാഴ്വോരുന്മാദമാക്കുക
ധരണിയില്‍ പ്രേമത്താല്‍ സ്വര്‍ഗമൊരുക്കുക.

Friday 10 December 2010

കഥയ മമ കഥയ മമ

കഥയല്ല സംഭവ കഥയാണ് ഗുരു ഇവിടെ കുറിക്കുന്നത് .കഥയ മമ കഥയ മമ എന്ന് തലക്കെട്ട്‌ കൊടുത്തത് നാട്ടുകഥകളുടെ   നൈരന്തര്യം ഓര്‍ത്ത്‌ ആണെന്ന്  മാത്രം . ഈ സംഭവം നടന്നിട്ട് കുറഞ്ഞത്‌ നൂറു കൊല്ലത്തിനു അടുത്തു ആയിക്കാണും .കഥയിലെ കഥാപാത്രങ്ങള്‍ ഒന്നും ജീവിച്ചിരിപ്പില്ല എന്ന് പറയേണ്ടതില്ലല്ലോ ? ഞാന്‍ ഈ കഥ കേട്ടത് എന്റെ നാട്ടുകാരന്‍ ആയ ഒരു വ്രദ്ധന്‍ പീടികക്കോലായില്‍ നിന്ന് അവിടെ ചായ കുടിക്കാന്‍ എത്തിയ ശ്രോതാക്കളോട് ഈ കഥ പറയുമ്പോള്‍ ആണ് .എന്റെ നാട്ടിലെ വയസ്സായ ചില  ആള്‍ക്കാര്‍ ഞങ്ങള്‍  നാട്ടുകാര്‍ ബന്ധലടി  എന്ന് വിളിക്കുന്ന ഇത്തരം കഥകള്‍ വിളമ്പുന്നതില്‍ മിടുക്കന്‍മാര്‍ ആണ് . നാടോടി കഥകളുടെ മഹത്തായ പാരമ്പര്യം തന്നെയാണ് ഇത്തരം സംഭവ കഥകളെ പൊടിപ്പും തൊങ്ങലും ചാര്‍ത്തി അവതരിപ്പിക്കാന്‍ ജനതിതികളില്‍ പ്രേരകം ആകുന്നതു . മഹാനായ എഴുത്ത് കാരന്‍ ഇറ്റാലോ കാല്‍വിനോ ഇറ്റാലിയന്‍ നാടോടി കഥകളുടെ സമാഹരത്തിനും പ്ര സിദ്ധീകരിക്കാനും    ആയി അദ്ദേഹത്തിന്റെ വിലപ്പെട്ട സര്‍ഗാത്മക വര്‍ഷങ്ങള്‍ ആണ് നീക്കി വച്ചത് . ആ കഥകള്‍ മനോഹരങ്ങള്‍ ആയിരുന്നു .ഇവിടെ ഗുരു കുറിക്കുന്നത് ഒരു കൊച്ചു സംഭവം മാത്രം , ഇത്തിരി ശ്ലീല രാഹിത്യം തോന്നാം എങ്കിലും അന്നത്തെ നാട്ടു കൂട്ടത്തിന്റെ നടപ്പുരീതി വച്ചു വിലയിരുത്തിയാല്‍ വലിയ കുറ്റം പറയാവതല്ല. രസം മാത്രം കണക്കില്‍എടുത്തും സോദ്ധേശ്യം മാനിച്ചും അത്തരം കാര്യങ്ങളെ പൊറുക്കാം

കഥ നടക്കുന്നത് എന്റെ നാട് ആയ നൂഞ്ഞേരിയില്‍ ആണ് ,ജന്മിത്തവും അതിനു സമ്പൂര്‍ണ്ണ പിന്തുണ കൊടുത്ത ബ്രിട്ടീഷു ഭരണവും കൊടികുത്തി വാഴുന്ന കാലം .ഞങ്ങളുടെ നാട്ടില്‍ ഒരേ ഒരു പൊതു വഴി മാത്രമേ വിശാലമായി ഉള്ളൂ അത് .അധികാരി അമ്മോന്‍ എന്നാ നാട്ടു ഭരണാധികാരിയുടെ ജടുക്ക വണ്ടി പോകാനും പല്ലക്ക് പോകാനും ഉള്ള വഴി ആണ് അത് വഴി നാട്ടു കാരിലെ താഴ്ന്ന ജാതിക്കാര്‍ക്ക് വഴിനടക്കാന്‍ പാടില്ലായിരുന്നു . മുസ്ലിംകള്‍ക്ക് നടക്കാം .അതെങ്ങിനെ ഒപ്പിച്ചു എന്ന് എനിക്കറിയില്ല .മുസ്ലിംകള്‍ അയ്ത്തം വകവെക്കാത്തത് കൊണ്ടോ , ചിലപ്പോള്‍ വണിക്കുകളും കര്‍ഷകരും ഒക്കെ ആയ മാപ്പിളമാരെ ഒഴിവാക്കാന്‍ ആവത്തതിനാലോ ആവണം അവര്‍ക്ക് ചില ഇളവുകള്‍ ഒക്കെ കിട്ടിയിരിക്കുക . എന്റെ നാട്ടില്‍ പല്ലക്ക് ഉപയോഗിച്ചിരുന്ന മമ്മത് ഹാജി   തങ്ങള്‍ എന്ന ദിവ്യനും ഉണ്ടായിരുന്നു .അദ്ദേഹത്തിന്റെ പല്ലക്ക് ഈ വഴി ചുമന്നാണ് അമാലന്മാര്‍ കൊണ്ട് പോയിരുന്നത് . അദ്ദേഹത്തെ ചുമന്നു കൊണ്ട് പോകുന്നവര്‍ അല്ലാ അല്ലാ  എന്ന് ഹാ"കാരം ചേര്‍ത്തു ശബ്ദം ഉണ്ടാക്കുമത്രേ ,ജന്മി പോകുമ്പോള്‍ ഹോയ് ഹോയ് എന്നും . ജന്മ്മിക്കു  അയ്ത്ത ജാതിക്കാരെ അകറ്റുന്നതിന് ആണ് ശബ്ദം എങ്കില്‍ , തങ്ങള്‍ക്കു എന്തിനാണ് ശബ്ദം എന്ന് എനിക്കറിയില്ല .

പറയാന്‍ പോകുന്നത് അയ്ത്തവും ആയി ഭന്ധപ്പെട്ട കഥ ആയതിനാല്‍ ആണ് ഇതത്രയും കാര്യങ്ങള്‍ വ്യക്തമാക്കിയത് .ഈ കഥയിലെ പ്രധാന കഥാപാത്രം മമ്മുഞ്ഞി ഹാജി എന്ന ഒരാള്‍ ആണ് കഥ പറയുന്ന ആളുടെ വിവരണം അനുസരിച്ചു ഒത്ത പൊക്കവും നല്ല തടിയും ഒക്കെ ഉള്ള ആജാന ഭാഹു ,  പരമ ഭക്തനും  ഒപ്പം ധിക്കാരിയും ആയ ഈ മനുഷ്യന്‍ ഭയ ലേശം  ഇല്ലാത്ത ആള്‍ ആയിരുന്നത്രേ , അദ്ധ്വാനിയും കര്‍ഷകനും ആയ ഇദ്ദേഹത്തെ കുറിച്ചു പല കഥകളും ഉണ്ട് .അതില്‍ രസകരം ആയി തോന്നിയ ഒരുകഥയാണ്  ഇത് . എന്റെ നാട് മുണ്ടേരി പ്പുഴയുടെ തീരത്ത്‌ ആണ് .പഴയ കാലത്ത് രണ്ടു തരം കൃഷി    ആണ് പുഴയുടെ രണ്ടു ഭാഗത്തും ആയി ഉണ്ടായിരുന്ന കൈപ്പാട് നിലങ്ങളില്‍ ചെയ്തിരുന്നത് . അതില്‍ ഒന്ന് ഓര്‍ക്കയമ എന്ന ഓര് വെള്ളത്തില്‍ വിളയുന്ന നെല്ലിനം വിതക്കുക .ചതുപ്പില്‍ ഞാറു നാട്ടു  .കര്‍ഷകന്‍ ഇങ്ങു പോരും . പിന്നീട് വിളയുമ്പോള്‍ കൊയ്യാന്‍ മാത്രം പോയാല്‍ മതി.  നൂറു മേനി ഉറപ്പു .മറ്റൊന്ന് ചെമ്മീന്‍ കൃഷി . പുഴയുടെ കരയില്‍ നിന്ന് ഇത്തിരി ഉള്ളിലേക്ക് കുളം പോലെ വെട്ടി പലക ഷട്ടര്‍ ഇട്ടു വയ്ക്കും .വേലിയേറ്റ  സമയത്ത് അതില്‍ കയറുന്ന ചെമ്മീന കുഞ്ഞുങ്ങള്‍ പുറത്തു കടക്കാന്‍ ആവാതെ അതില്‍ തന്നെ പെട്ട് പെരുകും .ചെമ്മീന്‍ വലുതാകുമ്പോള്‍ കോര് വല ഉപയോഗിച്ചു പിടിച്ചു വള്ളങ്ങളില്‍ നിറച്ചു കളങ്ങളില്‍ ഉണക്കി കക്കാട്‌ മാര്‍ക്കറ്റില്‍ കൊണ്ട് പോയി വില്‍ക്കും . ഈ ലാഭകരം ആയതും ഒട്ടും ചെലവ് ഇല്ലാത്തതും ആയ പരിപാടി തൊള്ളായിരത്തി അറുപത്തി നാലിലെ കമ്മുനിസ്ട്ടു മന്ത്രി സഭ നടപ്പാക്കിയ ഇറിഗേഷന്‍ പദ്ധതി [കാട്ടാമ്പള്ളി ] വഴി തകിടം മറിഞ്ഞു പോയി . ചതുപ്പുകള്‍ മണ്ണിലെ രാസമാറ്റത്താല്‍ ഉറഞ്ഞു പോകയും  കക്കാട്‌  പുഴ വറ്റിപ്പോകയും ചെയ്തു എന്നതായിരുന്നു , കണ്ണില്ലാ വികസനം നടപ്പാക്കിയതിന്റെ ഫലം ആയി സംഭവിച്ചത് . [കാട്ടാമ്പള്ളി  കര്‍ഷകരും സോളിടാരിട്ടിക്കാരും ഒക്കെ ചേര്‍ന്ന് നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലം ആയി നാല്പതു കൊല്ലത്തിനു ശേഷം   ഡാമിന്റെ ഷട്ടര്‍ സ്ഥിരമായി ഉയര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചു എന്ന് കേള്‍ക്കുന്നു .ഇനി വീണ്ടും ഓര് വെള്ളം കേറുകയും ഭൂമി പൂര്‍വ സ്ഥ്തിയില്‍ ആവുകയും ചെയ്യുമോ എന്തോ ? ]

കഥ പറഞ്ഞു കാട് കയറി അല്ലേ ?  പറഞ്ഞല്ലോ മമ്മുഞ്ഞി ഹാജി മേല്‍ പറഞ്ഞ പാടത്ത് വിള ഇറക്കുകയും ചെമ്മീന്‍ മഞ്ച  നടത്തുകയും ഒക്കെചെയ്യുന്ന ആള്‍ ആയിരുന്നു .  വിള കൊയ്താല്‍ അദ്ദേഹത്തിന്റെ തറവാട് ആയ കേളോത്ത് എന്ന ഇടത്ത് എത്തിക്കാന്‍ ഹാജിയുടെ പണിക്കാര്‍ ആയ പുലയര്‍ക്കു കുന്നും മേടും കാടും താന്ടെണ്ടി വന്നു .വിശാലം ആയ വെട്ടു വഴി ഉള്ളപ്പോള്‍ അത് വഴി നടക്കാന്‍ ഹരിജങ്ങള്‍ക്ക് അവകാശം ഇല്ലാത്തതിനാല്‍ ചുമടും ആയി വളരെ ഏറെ നടക്കേണ്ടി വരുന്ന അവസ്ത്ത ആയിരുന്നു . ഒരിക്കല്‍ ഹാജി സ്വയം തീരുമാനം എടുത്തു ചുമട്ടു കാര്‍ അധികാരിയുടെ വഴിയില്‍ കൂടി പോകട്ടെ , ചുമട്ടു കാര്‍ക്ക് പേടി ആയിരുന്നു തല പോകുന്ന പണി ആണ് . ഹാജി വിരട്ടി  വടിയും പിടിച്ചു പിറകില്‍ നടന്നു പുലയരെ ജന്മിയുടെ വഴിയിലൂടെ നടത്തി .ചെകുത്താനും കടലിനും ഇടയ്ക്കു എന്നപോലെ ജോലിക്കാര്‍ ചുമടും ആയി നീങ്ങി .ഹാജിയെയും  അവര്‍ക്ക് പേടി ആണ് . അധികാരിയുടെ വീട്ടു പേരും കേളോത്ത് എന്നാണു .കേളോത്തെ വീടിനടുത്ത് എത്തിയപ്പോള്‍ അതാവരുന്നു അമ്മോന്റെ കാര്യസ്ഥന്‍  ഹായ് ഹായ് എന്താ ഈ കാണുന്നേ ഈ വഴി പുലയര് നടക്ക്യേ .പോ പോ വേറെ വഴി മാറി പ്പോ ,അപ്പോള്‍ ഹാജി വന്നു പറഞ്ഞു ഞാനാണ് അവരെ വഴി നടത്തിയത് .നീയാരാ മാറി പ്പോകാന്‍ പറയാന്‍, ഹാജിയെ  അറിയാവുന്ന കാര്യക്കാരന്‍ ദൂരെ മാറി നിന്ന് പറഞ്ഞു ഈ വഴി അധികാരീന്റെ വഴിയാണ് എന്ന് അറിയില്ലേ .തിരിച്ചു പോക .അപ്പോഴാണ്‌ ഹാജിയുടെ ഭാവം മാറിയത് . പോ നായിന്റെ മോനെ നിന്റെ അധികാരീന്റെ അമ്മരെ പറയാന്‍ പാടില്ലാത്ത സ്ഥലം . ഹാജി അതിന്റെ നാടന്‍ പേര് തന്നെ ആണ് ഉപയോഗിച്ചത് . ഗുരു അത് ഇവിടെ പറയുന്നില്ല എന്ന് മാത്രം . ആ നായിന്റെ മോനോട് പോയി പറ  മമ്മൂഞ്ഞി  പുലയന്മാരെ കൊണ്ട് ചെരുപ്പ് ഇടുവിച്ചു ഈ വഴി നടത്തിക്കും . താഴന്ന ജാതിക്കാര്‍ക്ക് മേല്‍ മുണ്ടും  ചെരുപ്പും പാടില്ലാത്ത കാലമാണ് എന്ന് ഓര്‍ക്കുക . ഇത് കേട്ടതേ കാര്യക്കാരന്‍ തിരിഞ്ഞു ഓടി . അധികം നിന്നാല്‍ അടിയും കിട്ടിയേക്കാം .

പ്രശ്നം ഗുരുതരം ആണ് വൈകുന്നേരം അധികാരി ടൂര്‍ കഴിഞ്ഞു എത്തിയപ്പോള്‍ കാര്യസ്ഥന്‍ കാര്യം ബോധിപ്പിച്ചു ,സംഭവം വിവരിച്ചു ,അങ്ങുന്നിനെ വേണ്ടാത്തത് പറഞ്ഞു .എന്താ വേണ്ടാത്തത് പറഞ്ഞത് . അതെനിക്ക് പറയാന്‍ പറ്റാത്തത് ആണ് എന്ന് അയാള്‍ പറഞ്ഞു . ഹാജിയെ വിളിച്ചു കൊണ്ട് വരാന്‍ അയാളെ തന്നെ അധികാരി പറഞ്ഞയച്ചു .ഹാജിയോടു കാര്യം പറഞ്ഞപ്പോള്‍ കാര്യസ്ഥന്ന്റെ ഭാര്യയുടെ വേണ്ടാത്ത സ്ഥലത്തെ കുറിച്ചാണ് ഹാജി പുലഭ്യം പറഞ്ഞത് . മാത്രമല്ല .ഞാന്‍ അങ്ങോട്ട്‌ വരുന്നുണ്ട് എന്ന് നിന്റെ അധികാരി നായിന്റെ മോനോട് പറ എന്നും പറഞ്ഞു . കുറച്ചു  കഴിഞ്ഞു ഹാജി അധികാരിയുടെ മുന്നില്‍ ഹാജര്‍ ആയി . സാന്ദര്‍ഭികമായി പറയട്ടേ ഈ അധികാരി സാത്വികന്‍ ആയിരുന്നു . അധികാരി ആയിരുന്നിട്ടും നാട്ടില്‍ ആരെയെങ്കിലും വല്ലാതെ ഉപദ്രവിച്ചതായി പറഞ്ഞു കേട്ടിട്ടില്ല .   വിചാരണ തുടങ്ങി .ഹാജി നമ്മെ കുറിച്ചു വേണ്ടാത്തത്‌ പറഞ്ഞു എന്ന് നമ്മുടെ കാര്യക്കാരന്‍ പറയുന്നു . മാത്രല്ല പുലയരെ നടത്തി എന്നും . അപ്പോള്‍ ഹാജി പറഞ്ഞു ഞാന്‍ എന്താ പറഞ്ഞത് എന്ന് ഇവന്‍ കേട്ടു എന്നല്ലേ പറയുന്നത് . എന്നീടു കടുപ്പത്തില്‍ ഉച്ചത്തില്‍ ചോദിച്ചു ഞാന്‍ എന്താടാ വേണ്ടാത്തത്‌ പറഞ്ഞത് . കാര്യസ്ഥന്‍ പരുങ്ങി ജന്മിയുടെമുന്നില്‍ എങ്ങിനെ ആ വാക്ക് ഉച്ചരിക്കും , ഹാജിയാണെങ്കില്‍ വിരട്ടുകയും ചെയ്യുന്നു . അപ്പോഴും അയാള്‍ പറഞ്ഞു വേണ്ടാത്തത്‌ പറഞ്ഞു . അപ്പോള്‍ ഹാജി വടിയുമായി ചെന്നു . ഉറക്കെ ചോദിച്ചു ഞാന്‍ എന്താടാ വേണ്ടാത്തത്‌ പറഞ്ഞത് ? .നിവര്‍ത്തി കെട്ടു അയാള്‍ പറഞ്ഞു അധികാരീടെ അമ്മേടെ ഡാഷ് പറഞ്ഞു . അപ്പോള്‍ ഹാജി ഞാന്‍ അങ്ങിനെ ആണോടാ  പറഞ്ഞത്  കാര്യസ്ഥന്‍ അത് ആവര്‍ത്തിച്ചു പറയേണ്ടി വന്നു . അപ്പോള്‍ അധികാരിക്ക്‌ കാര്യം പിടി കിട്ടി . ശപ്പന്‍. ഹാജി വീണ്ടും വീണ്ടും ചോദിക്കും എന്നിട്ട് നിന്നെ കൊണ്ട് അത് എന്റെ മുന്നില്‍ വച്ചു വീണ്ടും വീണ്ടും പറയിക്കും , ഏഭ്യന്‍ എന്റെ മുന്‍നിന്നു പോയേ . ഹാജിയും പോ ഇനി അങ്ങിനെ ഉണ്ടാവരുത് എന്ന തക്കീതോടെ ഹാജിയെയും  വിട്ടു എന്ന് കഥ ,പുലയരെ  നടത്തിയ കഥ ഈ ഭ ഹളത്തില്‍    മുങ്ങി പ്പോകയും ചെയ്തു .

Wednesday 8 December 2010

guruumer: കണ്ണാടി മാളികയി ലെറിയുവസാധ്യം

guruumer: കണ്ണാടി മാളികയി ലെറിയുവസാധ്യം: "നീ ഗണിക തെരുവിലെ മാംസ വില്പനക്കാരി ചുണ്ടുകളില്‍ ചായം തേച്ചു, കണ്ണില്‍ മഷി എഴുതി നാഗഫണം പോലെ ചുരുള്‍ മുടി വിരിച്ചിട്ടു കല്ല്‌ മാലയും മുല്ലപ്..."

കണ്ണാടി മാളികയി ലെറിയുവസാധ്യം

നീ ഗണിക തെരുവിലെ മാംസ വില്പനക്കാരി
ചുണ്ടുകളില്‍ ചായം തേച്ചു, കണ്ണില്‍ മഷി എഴുതി
നാഗഫണം പോലെ ചുരുള്‍ മുടി വിരിച്ചിട്ടു
കല്ല്‌ മാലയും  മുല്ലപ്പൂവും ചൂടി നീ നിന്നു

നിന്‍റെ ചുണ്ടുകളില്‍ വികാരത്തിന്റെ നനവും
ചലനങ്ങളില്‍ ലാസ്യഭാവവും, പുഞ്ചിരിയില്‍ -
പ്രലോഭനത്തിന്റെ വശ്യവും ഞാന്‍ കണ്ടു
കണ്ണില്‍  വിശപ്പ്‌ തിളക്കമാകുന്നതും

പട്ടുവസ്ത്രം ചുറ്റിയ മാദക മങ്കകള്‍
ആരാധകരുടെ അരക്കെട്ടില്‍ കൈചുറ്റി
നിശാ നര്‍ത്തന ശാലയില്‍ വിരുന്നിനെത്തിയത്
നിന്‍റെ കണ്ണുകള്‍കണ്ടിരിക്കില്ല

കണ്ണാടി മാളികയില്‍ നിന്നു ഉയരുന്ന -
സ്വര രാഗ വിസ്താരവും നൂപുര ധ്വനികളും
തുടിതാളങ്ങളുടെ മേളപ്പെരുക്കവും
നിന്‍റെ കാതുകളില്‍ പതിയുകയില്ല

നിന്നെ തേടിയെത്തുന്ന ശരീരംപോലും
രാത്രിയുടെ കാമുകി നീ കാണില്ല
അവന്‍ നീട്ടുന്ന നാണയങ്ങള്‍ അല്ലാതെ.
നിന്‍റെ കുഞ്ഞിന്‍ കരച്ചിലല്ലാതെ കേള്‍ക്കില്ല

എല്ലാമെനിക്കറിയാം സോദരീ എങ്കിലും
നിന്നെ മാത്രമേ കല്ലെറിയുവാന്‍

കള്ളമുള്ളില്‍ പേറും എനിക്കാവൂ
കണ്ണാടി മാളികയി ലെറിയുവസാധ്യം