Thursday, 18 November 2010

ഞാന്‍ എന്റെ നാവില്‍ ശൂലംതറച്ചു

നിങ്ങള്‍ക്ക് വിഹായസ്സിന്റെ വിശാലത ഉള്ളപ്പോള്‍ ഞാന്‍ ചോദിക്കുന്നത് ഭൂമിയുടെ ഒരു തുണ്ട്  മയില്‍‌പീലി ഒളിപ്പിക്കാന്‍  ഒരു പുസ്തകം ചേമ്പില ചൂടി നടക്കാന്‍ ഒരു വയല്‍ വരമ്പ്

രാജപാതകളില്‍ പട്ടുവില്ലീസിട്ട രഥങ്ങളില്‍  ആശ്വ വേഗത്തില്‍ കുതിച്ചു പായുമ്പോള്‍ കൈകൂപ്പിനില്‍ക്കാന്‍ ഞങ്ങള്‍ക്ക് തെല്ലൊരിടം തെരുവോരത്ത് നിങ്ങള്‍ നീക്കിവയ്ക്കണം

ശീമയില്‍ നിന്ന് ശീതീകരിച്ചെത്തുന്ന ഭോജ്യങ്ങള്‍ നിശാ നൃത്തശാലയുടെ അടുക്കളയില്‍ മൊരിയുമ്പോള്‍ ചേരികളിലെ കുടിലില്‍ നമ്മുടെ കുഞ്ഞുങ്ങളെ - ആവോളം ആസ്വദിക്കാന്‍ അനുവദിക്കണം

പകരം നഗരം ഞങ്ങള്‍ മോടിയില്‍ വയ്ക്കാം  തെരുവും  ശൌചാലയവും വൃത്തിയാക്കം    തിളങ്ങുന്ന കാറുകളില്‍ കൊഴുത്തശ്വാവുകള്‍ ഒത്തു - കടന്നുവരുന്ന മഹതികളെ കുനിഞ്ഞു തൊഴാം

അധികാരത്തിന്റെ സിംഹാസനം നിങ്ങള്‍ക്കായി - ഉറപ്പിക്കാന്‍ ജാഥകളില്‍ അണിചേരാം ആകാശത്തിലേക്ക് മുഷ്ട്ടികള്‍  ഉയര്‍ത്തി ഉച്ചത്തില്‍ ജയ്‌ വിളിക്കാം

എന്നിട്ടും മരിച്ചൊടുങ്ങാനുള്ള ഒരുപിടി മണ്ണ് കവര്‍ന്നെടുക്കുന്നത്‌ എന്ത് കൊണ്ട് ? തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക്‌ ആട്ടിയ കറ്റപ്പെടാന്‍ കാരണമെന്ത് ?

ഇല്ല ഞാന്‍ എന്റെ നാവില്‍ ശൂലംതറച്ചു ശബ്ധിക്കാനുള്ള അവകാശം  അടിയറ വച്ചു നിങ്ങള്‍ എനിക്ക് നേരെ ഉന്നം വച്ച തോക്കില്‍ നിന്ന് ഒരു വെടിച്ചില്ല് മാത്രം ഞാന്‍ ചോദിക്കുന്നു

No comments:

Post a Comment