ഇന്നലെ സ്വപ്നം കൊണ്ട് ഞാന്‍
ഒരു മണിമാളികതീര്‍ത്തു
മുത്തും മരതകവും ചേര്‍ത്തടുക്കി
സ്പടിക ജാലകമുള്ള മാളിക
കിഴക്കും പടിഞ്ഞാറുമില്ല
തെക്കും വടക്കും ഇല്ല പൊന്‍ മാളികക്ക്
പടിപ്പുരയും വാതിലുമില്ല
ഉള്ളത് പ്രകാശമുള്ള ഇരുട്ടറകള്‍
കണ്ണുകള്‍ തുറന്നു ഞാന്‍ വീടിനകം പൂകവേ
ചുമരുകള്‍ എന്റെ വഴി തടഞ്ഞു
കണ്ണുകള്‍ അടച്ചു ഞാന്‍ പ്രവേശിക്കെ
വീട് സംഗീതം പൊഴിച്ചു സ്വീകരിച്ചു
ശൂന്യതയുടെ വിശാലതയില്‍
രക്തവര്‍ണ്ണ പരവതാനികള്‍ വിരിച്ച നിലം
കരിന്തിരികത്തുന്ന ശരറാന്തലുകള്‍ തൂക്കിയ തട്ടുകള്‍
നഞ്ചിന്‍ വീഞ്ഞ് കോപ്പകള്‍ നിറഞ്ഞ ഭോജന മേശകള്‍
മുറികളില്‍ നിന്നു മുറികളിലേക്ക് ഞാന്‍ നടന്നു
എല്ലാ അറകളിലും ഓരോകട്ടിലുകള്‍
അലങ്കരിച്ച ശവപേടകം പോലെ
ഓരോന്നിലും എന്റെ പേര് കൊത്തിയിരുന്നു
മരണം ആ മണി മേടയില്‍ അലയുന്നുവെന്നു -
ഭയന്നു ഞാന്‍ പുറത്തേക്ക് വഴി തിരഞ്ഞു
കണ്ണ് തുറന്നുമടച്ചും പുറംവാതില്‍ തേടി
അകവും പുറവും സ്വപ്ന മാളികക്കില്ലായിരുന്നു
കണ്ണ് തുറക്കുപോള്‍ ഭിത്തികളില്‍ ചെന്നിടിച്ചു വീണു
കണ്ണടക്കുമ്പോള്‍ സ്ഥല കാലങ്ങള്‍ തലതിരിഞ്ഞു
പിന്നെ ഞാനറിഞ്ഞു ഞാന്‍ അകത്തും പുറത്തുമല്ലെന്നു.
എന്റെ പേരുകൊത്തിയ പെട്ടികളില്‍ ഒന്നിലാണെന്ന് .
No comments:
Post a Comment