Thursday, 23 December 2010

നീയാകുന്നു സര്‍വ്വം നിന്നിലാകുന്നു സര്‍വ്വം ...

നീയാകുന്നു സര്‍വ്വം നിന്നിലാകുന്നു സര്‍വ്വം ... ലോകാലോകങ്ങളുടെനാഥന്‍, ഈ അനന്ത പ്രപഞ്ച ത്തിന്റെസൃഷ്ട്ടാവ് കാഞ്ചനപ്രഭ കൊണ്ട് മനുഷ്യാസ്തിത്വം തീര്‍ത്തവന്‍ .മൃച്ചംകൊണ്ട് രൂപം മെനഞ്ഞവന്‍ തേജോഗോളങ്ങളാല്‍ ഭൂവില്‍ മനുജന് മേവാന്‍ പ്രഭ സ്രഷ്ട്ടിച്ച മഹാപ്രഭു , അജയ്യന്‍ അനന്തന്‍ആകാരരഹിതന്‍ , സ്ഥൂല സൂക്ഷ്മങ്ങളില്‍ വസിക്കുന്നവന്‍ . സ്ഥിതിയുടെ നാഥന്‍ സംഹാരത്തിനധിപന്‍ , അദൃശ്യ കരങ്ങളാൽ ദിനരാത്ര ചക്രം തീര്‍ക്കുന്നവന്‍ മഹാശൈലങ്ങൾക്ക് ഔന്നത്യം നല്കിയോന്‍ ആഴികള്‍ക്ക് നിമ്നതനല്കിയോന്‍ . തുശാരങ്ങളില്‍ സൂര്യാംശു തീര്‍ക്കുന്നവന്‍ മാരുതനാല്‍വീശി തണുപ്പിക്കുന്നവന്‍., പ്രചണ്ഡ വാതങ്ങളാല്‍ സാഗരങ്ങളെ തുള്ളിക്കുന്നവന്‍ മേഘമാലകലില്‍ നിന്നു കുളിര്‍വര്‍ഷം തരുന്നവന്‍ ജലഘനങ്ങളില്‍ നിന്ന് അഗ്നിയുടെ കൊള്ളിയാന്‍ പായിക്കുന്നവന്‍ . പ്രേമികളില്‍ മഹാപ്രേമി പ്രണയികളില്‍ മഹാപ്രണയി.രുദ്രഭാവത്തിന്റെഘോരരൂപാര്‍ജ്ജിതന്‍ .സൌമ്യ ഭാവത്തിന്റെ മൃദുരൂപലോലന്‍ ...നീയാകുന്നു സര്‍വ്വം നിന്നിലാകുന്നു സര്‍വ്വം ... നിന്നെ ഞാന്‍ പ്രണയിക്കുന്നു .ഒപ്പം നിന്നോട് പരിഭവിക്കുന്നു കലഹിക്കുന്നു , നീ തീര്‍ത്ത പച്ചപ്പില്‍ നിന്ന് പറിച്ചു ഭക്ഷിക്കുന്നതേ ക്കാള്‍എനിക്കിഷ്ട്ടം നീ തീര്‍ത്ത ഊഷരതയില്‍ വിളയിറക്കാനാണ് നീ തന്ന ഉര്‍വ്വരതയെ ഊറ്റുന്നതേക്കാൾ ആഴങ്ങളിലെ ഉറവുകള്‍ തേടാനാണ് എനിക്കിഷ്ട്ടം . നീ തന്ന വിശാലതയില്‍ മേയുന്നതിനു പകരം ഘനാന്ധകാരങ്ങളുടെ തടവിടങ്ങള്‍ആണ് ഞാന്‍ തിരഞ്ഞെടുക്കുക , നിന്റെ സംരക്ഷണത്തിന്റെ നീലതടാകങ്ങളില്‍ നീന്തി തുടിക്കുന്നതിനു പകരം കോള്‍ കൊണ്ട സാഗരങ്ങളില്‍ തുഴയാന്‍ ഞാന്‍ ശ്രമിക്കും . ഇല്ല ജപമണികള്‍ ഉരുട്ടി നിന്നെ ഞാൻ പ്രീണിപ്പിക്കില്ല പ്രാര്‍ഥനാ ഗീതികള്‍ ഉരുവിടില്ല . നിനക്കായി ഞാന്‍ ബലി അര്‍പ്പിക്കില്ല .കണ്ണീരിനാല്‍ ഖേദം തേടില്ല നിന്റെ ആലയങ്ങളില്‍ ഞാന്‍ ഹാജര്‍ വയ്ക്കില്ല , നിന്റെ വേദവാക്യങ്ങളില്‍നിന്നു ഒരു വരിപോലും വായിക്കയില്ല .മിനാരങ്ങളിനിന്നു നിന്റെ വാഴ്ത്തുയരുമ്പോള്‍ ഞാനതിനു ചെവികൊടുക്കില്ല നന്ദി എന്ന രണ്ടക്ഷരംപോലും ഞാന്‍ നിനക്ക് തിരിച്ചു തരികയില്ല വിധേയത്വം നീ പ്രതീക്ഷിക്കുക പോലുമരുത്പ്രിയനേ ... എങ്കിലും പ്രഭോ ഞാന്‍ നിനക്ക് വാഗ്ദാനം ചെയ്യുന്നു, സ്നേഹത്തിന്റെ ധൂപക്കൂടുകള്‍ ഒരുക്കി ഞാന്‍ തെരുവുകളില്‍ വയ്ക്കും മനുഷ്യരുടെ പാദങ്ങള്‍ മൂറോന്‍തൈലത്താല്‍ അഭിഷേകം ചെയ്യും ജീവസ്നേഹത്തിന്റെ ഊദും കുന്തിരിക്കവും നിന്റെ മുന്നില്‍ പുകയ്ക്കും . ലോകത്തിനായി പ്രകാശത്തിന്റെ ശമ്മകള്‍ജ്വലിപ്പിക്കും ജീര്‍ണ്ണതയുടെ കറുത്ത പായലുകള്‍ എന്റെ ഉള്ളിലെ ദേവാലയത്തില്‍ നിന്നും ചുരണ്ടി മാറ്റും ശവക്കോട്ടകളില്‍ നീ എന്റെ കൈകളില്‍ ചൊരിഞ്ഞ മുത്തും മാണിക്യങ്ങളുംവിതച്ചു ജീവന്റെ സൂര്യ കാന്തിപൂക്കളും സ്വര്‍ണ്ണ വര്‍ണ്ണ നെന്‍മണികളും കൊയ്യും . ലോകത്തെ ഊട്ടും . പ്രഭോ കരുണാമായാ കാരുണാ സിന്ധോ തേജോമയാ എന്നെ വിധിക്കാന്‍ ഞാന്‍ നിന്നെ അനുവദിക്കുന്നു ... നിന്റെ രക്ഷാ ശിക്ഷകള്‍ ഇനി നടപ്പാക്കിയാലും ......

No comments:

Post a Comment