Sunday 19 December 2010

ഇന്ന് ഇപ്പോള്‍ ഈ നിമിഷം

കാലം അതിന്റെ ആരക്കാലുകള്‍ അതിശീഘ്രം കറക്കി മുന്നോട്ടു കുതിക്കുമ്പോള്‍  എന്റെ  ആയുസ്സിന്റെ പുസ്തകങ്ങളില്‍നിന്നു ഏടുകള്‍ മറിഞ്ഞു പോകയാണ് , ആരാണ് അത് ഇത്ര ദ്രുതം മറിച്ചു കളയുന്നത് , എവിടെ നിന്നാണ് പിന്‍വിളി ഇടി മുഴക്കം പോലെ കര്‍ണ്ണപുടങ്ങളില്‍ പതിക്കുന്നത് , ആരാണ് കലാശം കൊട്ടി ആസുര താളം മുഴക്കുന്നത് , എവിടെ നിന്നാണ് കൊടുങ്കാറ്റിന്‍ ആരവമുയരുന്നത് ? അകലെ നിന്നല്ല വളരെ അടുത്തു നിന്നാണെന്നു  ഞാന്‍ അറിയുന്നു .ബോധാബോധങ്ങളുടെകുഴ മറിയലാല്‍ അന്തരാളത്തിന്റെ മായാഭാവങ്ങള്‍ കാഴ്ച്ച്ചയുടെയും കേള്‍വിയുടെയും കല്‍പനാചിത്രങ്ങള്‍ തീര്‍ക്കുന്നു എന്ന പാഴ് നിനവും എന്നിലില്ല . വാഴിവിന്റെ രഥം തെളിക്കുന്ന വഴിത്താരയില്‍ ഘനാന്ധകാരംവന്നു മൂടുന്നതെന്തു ,മുന്നില്‍ ദുര്‍ഘടപര്‍വ്വങ്ങളുടെ നൈരന്തര്യം എന്ത് , ഭയത്തിന്റെ നിറ രാഹിത്യമാര്‍ന്ന ചിത്രങ്ങളാല്‍ സ്വപ്ന പേടകം നിറയുവതെന്തു , ചിത്തഹാരികള്‍ ആയ കനവിന്‍ മായിക ദ്രശ്യങ്ങള്‍ മറഞ്ഞുപോയതെന്തു ?  അതെല്ലാം ഈ പാഴ്ഭൂ ജീവിതത്തിന്റെ പരിണിതി ആവാം , ആള്‍കൂട്ടങ്ങളിലും തനിയെ എന്ന സ്വാസ്ഥ്യരഹിതഭാവം കാരണമാകാം, വര്‍ണ്ണങ്ങളുടെ മഹോല്സവങ്ങളില്‍പോലുംശ്യാമ വര്‍ണ്ണങ്ങള്‍ തിരയുന്ന മനസ്സിന്‍ ന്യൂനത ആവാം. ആസുരകാലത്തിന്റെ ദയാരാഹിത്യങ്ങളാല്‍ കലങ്ങി പ്പോകുന്ന ഉള്ളത്തില്‍ നിണം കല്ലിച്ച് മരച്ചുപോയിരിക്കാം .എല്ലാം തോന്നലിന്‍ ആതുരതകള്‍ എന്നും ,   .ഇന്ന് ഇപ്പോള്‍ ഈ നിമിഷം ആണ് ഏറ്റവും വിലപിടിച്ചത് എന്നും ഞാന്‍ അറിയുന്നു .

എങ്കിലും പ്രിയേ ഞാന്‍ വിഭ്രമം തീര്‍ത്ത ആന്ധ്യത്തില്‍ ആണ്ടു പോകില്ല എന്ന് നിന്നോട് വാഗ്ദാനം ചെയ്യുന്നു . പാഴായും പൊള്ളയായും കിടക്കുന്ന തരിശുകള്‍ താണ്ടി ,അല്ലലുകളുടെ ആഴികളും, തിരകളുടെ ഗര്‍ജ്ജനം ഒടുങ്ങാത്ത സാഗരങ്ങളും , ദുര്‍ഘടങ്ങളുടെ ആഗ്നേയ പാതകളും ,ഹിമ ശൈലങ്ങളും എല്ലാം താണ്ടി ഞാന്‍ നിന്റെ അരികില്‍ അണയും . നാം പണ്ട് നടന്നു തീര്‍ത്ത മരതക പാതകളില്‍ വീണ്ടും കൈകള്‍ കോര്‍ത്തു പിടിച്ചു നാം നടക്കും . പൊന്നു വിളയുന്ന പാട വരമ്പുകളില്‍ മഞ്ഞപ്പടുടയാട അണിഞ്ഞ തുമ്പികള്‍ക്ക് പിറകെ പായും , പാല്‍ നുരപതയുന്ന നീരജങ്ങളില്‍ പാദം ഇറക്കി കാലില്‍ വെള്ളി കൊലുസ്സെന്നുനീ പറയുന്നത് ,കിലുകിലാരവം ഉയര്‍ത്തി പാഞ്ഞു പോകുന്ന കൈതോടിനോടൊത്തു നീ ചിരിച്ചാര്‍ക്കുന്നത് എല്ലാം സ്വര്‍ഗീയ സംഗീതമെന്നപോലെഎന്റെ കാതുകളില്‍ പതിയും . വേലി പൂക്കളിലെ പരാഗം നിന്റെ നെറ്റിയില്‍ തൊട്ടു നീ എന്റെ വേളി പെണ്ണെന്നു നാണിച്ചു നില്‍ക്കുന്ന നിന്റെ കാതില്‍ ഞാന്‍ ചൊല്ലും . വയല്‍ പൂക്കള്‍ കൊരുത്ത ഹാരം ഞാന്‍ നിന്റെ കാര്‍കൂന്തലില്‍ ചാര്‍ത്തും . എന്നിട്ട് രഹസ്യം ചൊല്ലാനെന്ന മട്ടില്‍ കാതു ചോദിച്ചു കവിളില്‍ ചുംബനം ചൊരിയും .അപ്പോള്‍ തുടുത്ത പനിനീരുപോലെ നീ ചുവന്നുപോകുന്നത് ,പരിഭവത്തിന്റെ കണ്ണീര്‍  മുത്തുകള്‍ നിന്റെ നീല കണ്ണില്‍  നിന്നടരുന്നത് സ്വപ്ന രഥത്തില്‍ വന്നിറങ്ങിയ രാജകുമാരന്‍ എന്നപോലെ ഞാന്‍ നോക്കിക്കാണും. വിഭ്രമിച്ച   മാന്‍ പേടയെന്നപോലെ പായാന്‍ ആയുന്ന നിന്നെ നെഞ്ചില്‍ ചേര്‍ത്ത് അണച്ചു ആയിരം ചുംബനങ്ങളാല്‍   ഞാന്‍ നിന്റെ കണ്ണ് നീര്‍ തുടയ്ക്കും .

 കറുത്ത തിരശീലകള്‍ മാറ്റി വെളിച്ചത്തിന്റെ സ്വര്‍ണ്ണ വര്‍ണ്ണങ്ങള്‍ വിരുന്നു വരും .പൂപാടങ്ങള്‍ ഭൂമിയില്‍ സ്വര്‍ഗചാരുത തീര്‍ക്കും , കോകിലങ്ങള്‍ പാടും മയൂരങ്ങള്‍ നടനമാടും , തീര്‍ച്ചയായും ശുഭകാലത്തിന്റെ ധവളശോഭയും ഉയിര്‍പ്പിന്റെ അരുണ വര്‍ണ്ണവും അകലെ ചക്രവാളങ്ങളില്‍ ദ്രശ്യമാവും. കാലം അതിന്റെ പ്രയാണം തുടരട്ടേ, ആയുസ്സിന്റെ ഏടുകള്‍ മറിഞ്ഞു കൊള്ളട്ടെ . ഞാന്‍ പ്രതീക്ഷയുടെ മുനമ്പില്‍ കര്‍മ്മം ആയുധമാക്കി നിലമൊരുക്കുന്നു വിളവിറക്കുന്നു.അതില്‍ നിന്ന് കനക മണികള്‍ കൊയ്യാന്‍ വരിക നിങ്ങളും കൂട്ട് ചേരുക. സ്നേഹത്തോടെ ഗുരു രസഗുരു ലഘു ഗുരു ചക്കക്കുരു


No comments:

Post a Comment