Wednesday 26 January 2011

പ്രിയമുടയവര്‍

എന്റെ ചെറുപ്പ കാലത്ത് തന്നെ പിതാവ് ഈ ലോകത്ത് നിന്നു കടന്നു പോയിരുന്നു , എങ്കിലും ഓര്‍മ്മകളിലെ നേരിയ നിഴലായും പറഞ്ഞു കേട്ട അറിവായും ,നാട്ടു മുഖ്യന്‍ ആയിരുന്ന പിതാവിന്റെ മക്കള്‍ എന്ന നിലക്ക് നാട്ടു കൂട്ടം തന്നിരുന്ന സ്നേഹത്താലും ഒക്കെ വാപ്പ എന്റെ ഉള്ളില്‍ ശക്തനും ബഹുമാന്യനും ആയി നിലനിന്നിരുന്നു . അപ്പോഴും സ്നേഹിക്കാന്‍ ഒരു അച്ഛന്‍ ഇല്ലാതെ അച്ഛനാല്‍ സ്നേഹിക്കപ്പെടാത്ത ഒരു ബാല്യം കടന്നു പോയി . അപ്പോള്‍ പിന്നെ എല്ലാ സ്നേഹവും ഉമ്മ എന്ന തണല്‍ വ്രക്ഷത്തിനു ചുവട്ടില്‍ കേന്ദ്രീകരിച്ചു . എല്ലാ സ്നേഹവും സംരക്ഷണവും നല്‍കുമ്പോഴും നല്ല ശിക്ഷണം എന്ന നിലക്ക് കടുത്ത ശിക്ഷയും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു , ഏറെ വലുതായിട്ടും ഉമ്മയെ ചുറ്റി പ്പറ്റി നിലക്കുക എന്നത് ഞങ്ങള്‍ സഹോദരങ്ങള്‍ക്ക്‌ ഒഴിവാക്കാന്‍ പറ്റിയിരുന്നില്ല . കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരും കടന്നു പോയതോടെ തറവാട്ടിന്റെ അടുക്കളയിലും ഉമ്മറത്തും ഒക്കെ ഉമ്മയോട് ഒട്ടി നിന്നു കഥ കേള്‍ക്കുകയും ശകാരം എല്ക്കുകയും ഒക്കെ ചെയ്തിരുന്ന സുഖം നഷ്ട്ടമായി .ഇപ്പോള്‍ അവിടെ കയറി ചെല്ലുംപോള്‍ ഉള്ള ശൂന്യത വല്ലാത്തതാണ്‌ .അത് കൊണ്ട് തന്നെ അധികനേരം അവിടെ ചിലവഴിക്കാരുമില്ല .

ഉമ്മ ഞങ്ങളെ ബന്ധു വീടുകളിലും അയല്‍ വീടുകളിലും ആവശ്യത്തിനല്ലാത്ത പോകാന്‍ സമ്മതിച്ചിരുന്നില്ല .അയാള്‍ വീടുകളില്‍ കളിക്കാന്‍ പോകാം പക്ഷെ അവരുടെ വീടിനകത്ത് കയറികളിക്കയോ അവര്‍ തരുന്ന വല്ലതും വാങ്ങി കഴിക്കയോ പാടില്ലായിരുന്നു .  കഷ്ട്ടകാലത്തിനു അയല്‍ വീടുകളില്‍ കയറിയത് ഉമ്മകണ്ടാല്‍ അതിനു വിശദീകരണം തൃപ്തി കരം ആയില്ല എങ്കില്‍ അടി ഉറപ്പായിരുന്നു . ബന്ധു  വീടുകളില്‍ പറഞ്ഞയക്കുമ്പോള്‍ പോകുന്നതിനു മുന്‍പ് ശരിക്ക് ഒരു ക്ലാസ്സ് തന്നിരിക്കും ,അവിടെ പോയാല്‍ പറയേണ്ടത് എന്ത് , പറയേണ്ടാത്തത്   എന്ത് എവിടെ ഇരിക്കണം എങ്ങിനെ പെരുമാറണം  എന്നൊക്കെ . ഞങ്ങള്‍ ഇതെല്ലാം ക്രത്യം ആയി പാലിക്കയും ചെയ്തിരുന്നു . കാരണം അപൂര്‍വമായി കിട്ടുന്ന ഇത്തരം സന്ദര്‍ശനങ്ങള്‍ നിയമം തെറ്റിച്ചാല്‍ പിന്നെ അനുവദിക്കില്ല . ഇത്രയൊക്കെ കര്‍ശനം ആണ് എങ്കിലും രസകരം ആയി തോന്നിയ ഒരു കാര്യം ആണ് പറയാം ഉദേശിക്കുന്നത് . വാപ്പയുടെ വീട്ടില്‍ വാപ്പാന്റെ പെങ്ങളുടെ മക്കളും മറ്റുമാണ് താമസിച്ചിരുന്നത് .അവിടെ ഞങ്ങളുമായി ഒരിക്കലും ഉമ്മ സന്ദര്‍ശനം  നടത്തിയതായി ഓര്‍ക്കുന്നില്ല .പോകുന്നുവെങ്കില്‍ ഉമ്മ തനിയെ പോയി പെട്ടെന്ന് തിരിച്ചെത്തും . പിന്നീട് ഞങ്ങള്‍ വലുതായപ്പോള്‍ ആണ് ആവീടുമായി അടുത്ത ബന്ധം പുലര്‍ത്തിയത്‌ . ഇത്രയൊക്കെ കടുത്ത നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴും യാതൊരു നിയന്ത്രണവും ഇല്ലാതെ ഞങ്ങള്‍ക്ക് കയറിപ്പോകാനും ഭക്ഷണം കഴിക്കാനും ഒക്കെ അനുവാദം ഉള്ള ഒന്ന് രണ്ടു ബന്ധുവീടുകള്‍ ഉണ്ടായിരുന്നു . അവരെ ഞങ്ങള്‍ ഉമ്മാമ്മ എന്ന് വിളിച്ചു അയല്പക്കത്ത് താമസിച്ചിരുന്ന ഉമ്മയുടെ അമ്മായി ആയിരുന്ന വെളുത്തു ചുവന്നു സുന്ദരിയായിരുന്ന ഉമ്മാമ്മയെ ഞങ്ങള്‍ അങ്ങിട്ടെ ഉമ്മാമ്മ എന്ന് വിളിച്ചു . ചെറുപ്പത്തില്‍ സ്ക്കൂളില്‍ നിന്നു ഞാന്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ ഞങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍ ഓടിച്ചെന്നു മടിയില്‍ ഇരുന്നു അവരുടെ തൂങ്ങിയ മുലകളില്‍ ഞാന്‍ പിടിച്ചു വലിക്കുമായിരുന്നത് നേരിയ ഓര്‍മ്മയായി എന്നിലുണ്ട് , അവരപ്പോള്‍ കളിയാക്കി ചിരിക്കുന്നത് ആഹ്ലാദകരം ആയ കാഴ്ച്ചയായിരുന്നു . ഇങ്ങിനെ പ്രിയമുടയ മൂന്ന് ഉമ്മാമ്മ മാരെ കുറിച്ചു പറയാം . അങ്ങിട്ടെ ഉമ്മാമ്മയുടെ വീട്ടില്‍ അന്ന് കുട്ടികള്‍ ഇല്ല ,അവിടെ ചെന്ന് കളിക്കുന്നതില്‍ ഉമ്മയ്ക്ക് വിരോധം ഇല്ല ആവീട്ടില്‍ കയറാം അവര്‍ തരുന്ന ഭക്ഷണം കഴിക്കാം . അത് പോലെ വിശേഷങ്ങള്‍ ഉണ്ടായാല്‍ ഞങ്ങള്‍ എല്ലാവരും തന്നെ അവിടെ പോകും ,അവിടെ ഞങ്ങളെ അയക്കുന്നതില്‍ വളരെ സന്തോഷം ആണ് ഉമ്മയ്ക്ക് . അവര്‍ ഇപ്പോഴും വലിയ നെയ്യപ്പം ചുട്ടു കുരു മുളകില്‍ പൂഴ്ത്തി വച്ചു ഞങ്ങള്‍ക്ക് തന്നു .അടുത്ത വീട് കുന്നിന്മേല്‍ ഉള്ളതാണ് അത് കൊണ്ട് ആയ ഉമ്മാമ്മയെ ഞങ്ങള്‍ കുന്നുമ്മല്‍ ഉമ്മാമ്മ എന്ന് വിളിച്ചു . വീട്ടില്‍ നിന്നു കുറച്ചു അകലെ കുന്നിന്‍ പുറത്ത്തു വിശാലമായ തൊടിയില്‍ വലിയ മാവുകളും വന്‍ മരങ്ങളും വളരെ ആഴമേറിയ കിണറും അതില്‍ തണുത്ത വെള്ളവും ഉള്ള വീട് .അവര്‍ക്ക് പെണ്മക്കള്‍ ഇല്ല .മിക്കവരും ശാന്തമായിരിക്കും അവിടെ ഇടയ്ക്കു ഞങ്ങളെ അവര്‍ ആളയച്ചു വിളിപ്പിക്കും ,ഉമ്മ അവരെ വിളിച്ചിരുന്നത് കുന്നുമ്മലെ ഉമ്മാമ്മ എന്ന് തന്നെയാണ് . എങ്ങിനെയാണ് അവര്‍ തമ്മിലെ ബന്ധം എന്നത് ഞാന്‍ മറന്നു . ഞങ്ങള്‍ കുന്നു കയറി അവിടെ എത്തുമ്പോള്‍ വീട് പൂട്ടിയിരിക്കും പിന്നെ ഞങ്ങള്‍ തിരഞ്ഞു തൊടിയില്‍ എത്തും പോള്‍ അവര്‍ ആടുമായോ പൈക്കളുമായോ ഒക്കെ സംസാരിക്കയാവും . ഞങ്ങളെ കാണുമ്പോള്‍ ചിരിക്കാന്‍ തുടങ്ങും വാതോരാതെ സംസാരിക്കാനും . പിന്നെ ഞങ്ങളെയും കൂട്ടി വീട്ടിലെത്തി അടുപ്പ് കത്തിച്ചു ഉണ്ണിഅപ്പമോ  മറ്റോ ഉണ്ടാക്കി തരും  .അപ്പോഴെല്ലാം ചിരിക്കയും വര്‍ത്തമാനം പറയുകയും ചെയ്തു കൊണ്ടിരിക്കും . ആണ്‍മക്കള്‍ വരാത്തതിനെ കുറിച്ചും ,പെണ്മക്കള്‍ ഇല്ലാത്തതിനെ കുറിച്ചു മൊക്കെ ആവും  പലപ്പോഴും പറയുക .തിരിച്ചു പോകുമ്പോള്‍ ഞങ്ങളുടെ കയ്യില്‍ ഓലകൊണ്ട് ഉണ്ടാക്കിയ കൊട്ടയില്‍ മാങ്ങ പൈനാപ്പിള്‍ ,തുടങ്ങി സാധങ്ങള്‍ നിറച്ചു തരും അതുമായി വീട്ടില്‍ എത്തിയാല്‍ ഉമ്മാക്ക് സന്തോഷം ആണ് .ഈ വസ്തുക്കള്‍ എല്ലാം ഞങ്ങളുടെ തൊടിയിലും ഉണ്ട് ,പക്ഷെ അവര്‍ തന്നയക്കുംപോള്‍ അത് വലിയ കാര്യം ആയി ഉമ്മ കണക്കാക്കിയിരുന്നു . അത് പോലെ ഞങ്ങളുടെ വീട്ടില്‍ ഉണ്ടാക്കിയ പലഹാരങ്ങളുടെ ഒരു ഓഹരി അവര്‍ക്ക് എത്തിക്കാന്‍ വേണ്ടി ഇടയ്ക്കിടയ്ക്ക് കുന്നു കയറുക എന്നതും ഞങ്ങള്‍ക്ക് ജോലിയായിരുന്നു .

ഇനി മൂന്നാമത്തെയാല്‍  കുഞ്ചീരി ഉമ്മാമ എന്നു ഉമ്മ വിളിക്കുന്ന ഉയരം കുറഞ്ഞു കറുത്തു സുന്ദരി ആയ കുഞ്ഞി മറിയം ഉമ്മാമ ആണ് .അവരുടെ വീട്ടില്‍ ഞങ്ങള്‍ പോകില്ല .മാസത്തില്‍ ഒന്നോ രണ്ടോ തവണ അവര്‍ ഞങ്ങളെ സന്ദര്‍ശിക്കയാണ് പതിവ് , വരുമ്പോള്‍ മടിയില്‍ ഒരു പൊതി ഉണ്ടാവും അത് മിക്കവാറും ചക്കര ആവും കല്ലില്‍ നിന്നു ഉണ്ടാക്കുന്ന വട്ട ചക്കര അല്ലെങ്കില്‍ പീടിക പലഹാരം ആണ് അവര്‍  ഞങ്ങള്‍ക്കായി കൊണ്ട് വരിക . അവരോടു വളരെ ആദരവോടെ പെരുമാറണം അല്ലെങ്കില്‍ പിണങ്ങും എന്നത് കൊണ്ട് .ഒരു അകലം  പാലിച്ചാണ് ഞങ്ങള്‍ അവര്‍ പറയുന്ന കഥകളും കാര്യങ്ങളും ഒക്കെ കേട്ടത് . പിന്നെ വയറു വേദന വന്നാല്‍ വേണ്ടുന്ന ചോട്ട് മരുന്നുകള്‍ . തേങ്ങാ പാല് തേച്ച കുളി ഇതെല്ലാം അവരുടെ നിര്‍ദേശപ്രകാരം ആണ് .കുട്ടികളില്‍നടപ്പാക്കുക. കറുമ്പന്‍ ആയ എന്നെ കണ്ടാല്‍ അവര് പറയുക നീ  അങ്ങ് കറുത്തു പോയല്ലോടാ . അതിനു തേങ്ങാപാലില്‍ കസ്തൂരി മഞ്ഞള്‍ അരച്ചു തേച്ചു കുളിക്കണം  . അതിനുള്ള ഏര്‍പ്പാട് അന്ന് വൈകുന്നേരം തുടങ്ങും .ഇങ്ങിനെ പ്രിയപ്പെട്ട സ്ത്രീകള്‍ മാത്രം അല്ല പുരുഷന്മാരും വീട്ടില്‍ സന്ദര്‍ശകര്‍ ആയി എത്താറുണ്ട് .അതില്‍ ഓഷടങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ഉമ്മ വിളിച്ചു വരുത്താറുള്ള അസീസുക്കാക്ക ഉമ്മയുടെ ബന്ധുവാണ് . മന്ത്രിക്കുന്ന ഉപ്പാപ്പ യും ബന്ധു തന്നെ .പനിയോ മറ്റോ വന്നാല്‍ ശൂ ശൂ എന്ന് തുപ്പല്‍ ചേര്‍ത്തു ഊതിമാറ്റാന്‍ അദ്ദേഹം വന്നു . പിന്നെ പുസ്തകങ്ങളുടെ കുത്ത് വിട്ടു പോയാല്‍ ബൈണ്ട് ചെയ്യുന്നതും അദ്ദേഹം  ആണോ അത് വേറെ ഒരു ഉപ്പാപ്പയാണോ എന്ന് ഇപ്പോള്‍ ഒരമ്മയില്ല .പിന്നെ വെളുത്തു സുന്ദരന്‍ ആയ പാട്ട് പാടുന്ന ഉപ്പാപ്പ .അദ്ദേഹം അവധി ദിവസങ്ങളില്‍ വരം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു .മധുര ശബ്ദത്തില്‍ പഴയ ബദര്‍ പാട്ടും പടപ്പാട്ടും സഫീനകളും ഒക്കെ അദ്ദേഹം പാടി . അദ്ദേഹം ബന്ധു ആയിരുന്നില്ല എങ്കിലും വാപ്പായ്ക്ക് പ്രിയപ്പെട്ടവന്‍ ആയിരുന്നത് കൊണ്ട് ആകണം ഉമ്മ അദ്ദേഹത്തെയും ആദരിച്ചു . അദ്ദേഹം ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ ഉമ്മറത്തെ കൈഉള്ള മരക്കസേരയില്‍  കോഴി കയറി സാധിച്ചു വച്ചിരുന്നു .അതില്‍ ഇരുന്നു .ഇരുന്നപ്പോഴേക്കും ആള്‍ ചാടി എഴുന്നേറ്റു അതെ കുറിച്ചു ഒരു പാട്ടും പാടി തൂവെള്ള വസ്ത്രം മനോഹരമായി അണിഞ്ഞിരുന്ന അദ്ദേഹത്തിനു അങ്ങിനെ പറ്റിയതില്‍ ഉമ്മയ്ക്ക് വളരെ വിഷമം തോന്നിയിരുന്നു .

ഇങ്ങിനെ പ്രിയമുടയ ഒരു പാട് പേര്‍ ആ കാലത്തിലൂടെ കടന്നു പോയി .ഇന്ന് എന്റെ തറവാട്ടില്‍ അഥിതികള്‍ വരാറുണ്ടോ എന്ന് സംശയം ആണ് . അത്തരം ആള്‍ക്കാരെ സ്വീകരിക്കാനുള്ള മനസ്സ് അവിടത്തെ താമസക്കാര്‍ സൂക്ഷിക്കുന്നുവോ എന്തോ ? ഞാന്‍ അത് ആഗ്രഹിക്കുന്നുണ്ട് .ടെലിവിഷന്‍ കാണാന്‍ അല്ലാതെ കഥ കേള്‍ക്കാന്‍ കുട്ടികള്‍ തയ്യാര്‍ ആവുകയും . കയ്യില്‍ ഉണ്ണിയപ്പ പൊതികളുമായി പ്രിയമുള്ള ഒരാള്‍ കടന്നു വരികയും ചെയ്യുന്ന ഒരു വീട്ടിടം . തൊടികളില്‍ ഓടിനടക്കാന്‍ കഴിയുന്ന അതിരുകളില്ലായ്മ , ഭയരഹിതമായി കുട്ടികള്‍ക്ക് കുന്നും ഇടവഴികളും താണ്ടാവുന്ന ഒരു നാട്ടിടം ..   അവസാനമായി ഒരാളെ കൂടി കുറിച്ചു പറഞ്ഞു നിര്‍ത്താം ഞങ്ങളുടെ കൂടെ എന്നുമുണ്ടായിരുന്ന കുമാരാ എന്ന് ഉമ്മനീട്ടി വിളിക്കാറുള്ള കുമാരേട്ടന്‍ വളരെ  ചെറുപ്പത്തില്‍ തന്നെ വീട്ടിലെ ക്ര്‍ഷിയുടെ മേല്‍നോട്ടവും മേസ്തിരിയും ഒക്കെയായ  ഉമ്മ എല്ലാത്തിനും അഭിപ്രായം ചോദിച്ചിരുന്ന കുമാരന എന്ന ഉപ്പയുടെ പുലയന്‍ .അവരെല്ലാം ഞങ്ങള്‍ക്ക് പ്രിയമുടയവര്‍ ആയിരുന്നു . എല്ലാവരും കടന്നു പോയിരിക്കുന്നു .എല്ലാവര്ക്കും പ്രണാമം അര്‍പ്പിച്ചു .ഗുരു രസഗുരു ലഘു ഗുരു ചക്കക്കുരു .

1 comment: