Monday, 8 April 2013

മരിച്ചു വീഴും മുന്‍പെഴുന്നു നില്‍ക്കും

ഒരു നാഴി കനല്‍ ചുമട് തലയില്‍ തരിക
അഴലിന്റെ ആഴിയും തീര്‍ക്കുക
നടവഴികളില്‍ ഞെരിഞ്ഞില്‍ മുള്ളുകള്‍ -
വിതച്ചു പരവതാനി ഒരുക്കുക
നഞ്ചില്‍ മുക്കിയ വിഷസൂചി കണ്ണിലും
നെഞ്ചിലേക്ക് ഒരിരട്ടക്കുഴലും ചൂണ്ടുക

ഉടലില്‍ തീതൈലം തളിക്കുക
മനം തുളച്ചകം നീറ്റാന്‍ എരിവുള്ള വാക്കുകള്‍-
കര്‍ണ്ണ പുടങ്ങളില്‍ തിരുകുക
ഇടവഴികളില്‍ ഒടിയനെ നിര്‍ത്തുക
മന്ത്രം ജപിച്ചു മായം മറിഞ്ഞെന്റെ-
കുടല്‍ കുത്തി പിളര്‍ക്കുക

കനല്‍ ചുമന്നു കരിഞ്ഞ ശിരസ്സും
ഞെരിഞ്ഞുടഞ്ഞ തനുവും
പിളര്‍ന്ന ഉദരവും താങ്ങി
കണ്ണ് കെട്ടവന്‍ ഞാന്‍ വഴിനടന്നെത്തും
അകകാമ്പില്‍ പന്തം കൊളുത്തി
പോരുതാന്‍ ഉറച്ചു ഞാന്‍ വരും

വാഴ്വിനായ് പൊരുതി മുന്നേറും
നിങ്ങള്‍ തടഞ്ഞ കാറ്റിന്‍വഴി തുറക്കും
സ്വന്തമാക്കിയ നീര്‍ത്തടങ്ങള്‍ തീണ്ടും
സ്വാതന്ത്ര്യത്തിന്റെ വെളി നിലം താണ്ടും
മരിച്ചു വീഴും മുന്‍പെഴുന്നു നില്‍ക്കും
ഇരു നാഴി കനല്‍ എങ്കിലും പകരം തരും

No comments:

Post a Comment