അബുദാബിയുടെ ഇന്നത്തെ ആകാശം വളരെ മനോഹരമാണ് ,സംഹ വില്ലേജിലെ തോട്ടങ്ങള്‍ക്ക് ഇടയില്‍ കൂടി വിജനവും ശാന്തവുമായ് വഴികളിലൂടെ ഞാന്‍ ആകാശത്തിന്റെ മനോഹാരിതയില്‍ സ്വച്ചന്ദ സുന്ദര ശാന്തിയില്‍ അലിഞ്ഞു നടന്നു വന്നു ,ഇത് കുറിക്കാന്‍ ഇരിക്കയാണ് ,മരുഭൂമി ഏറ്റവും മനോഹരി ആകുക ഈ കാലങ്ങളില്‍ ആണ് ,തണുത്ത പ്രഭാതങ്ങളെ അത് നമുക്കായി കരുതി വയ്ക്കുന്നു ,മനോഹര രാത്രികളില്‍ ആകാശത്തു ദീപങ്ങള്‍ കൊളുത്തി വച്ചു നമ്മെ വഴി നടത്തുന്നു , ഞാന്‍ കടന്നു വഴികളില്‍ ഉടനീളം ചിരി തൂകി കുണുങ്ങി കുലുങ്ങി ശോഭിത ചന്ദ്രനും ഉണ്ടായിരുന്നു , അങ്ങകലെ സപ്തര്‍ഷികളുടെ കോണില്‍ വലതു ഭാഗത്ത് മാര്‍സ് ദേവനും , ഇടയ്ക്കിടയ്ക്ക് കണ്ണുചിമ്മി ചിമ്മി സുരയ്യാ നക്ഷത്രവും , ക്ഷീരപഥങ്ങളും ,നക്ഷത്ര കൂട്ടങ്ങളും എല്ലാം തെളിഞ്ഞു കാണാവുന്ന മനോഹര രാത്രികള്‍ സമ്മാനിക്കാന്‍ മരുഭൂമിക്കു ആകുന്നതു പോലെ മറ്റൊരു ഭൂവിഭാഗത്തി നും ആകുമെന്നു തോന്നു ന്നില്ല , ഒരു പക്ഷെ കടല്‍ യാത്രികര്‍ക്ക് പറയാന്‍ ആയേക്കാം , മരുഭൂമിയെ കാള്‍ തുറന്ന ആകാശക്കാഴ്ച്ചകള്‍ കടലില്‍ സാധ്യമാണെന്ന് തോന്നുന്നു ,,
പറഞ്ഞു വന്നത് ഈ ഭൂമിയില്‍ അല്ലാതെ മറ്റൊരു ഗ്രഹത്തിലാണ് നാം ജനിച്ചിരുന്നത് എങ്കില്‍ എങ്ങിനെയാണ് മനസിനെ ഉന്മത്തം ആക്കുന്ന കാഴ്ച്ചകള്‍ കാണാകുക. ഈ മനോഹരവും ഉര്‍വ്വരവും ആയ ഭൂമിയിലെ ജീവിതം എത്ര തന്നെ ശപ്തംആണെന്നാലും ഇതുപെക്ഷിച്ച് എങ്ങിനെ ആണ് ഞാന്‍ മറ്റൊരു സ്വര്‍ഗം തേടി പ്പോകുക ? ഇല്ലതന്നെ മറ്റൊരു പറുദീസ ഉണ്ടെന്നു നിങ്ങള്‍ രേഖാമൂലം എഴുതി ഉറപ്പു തന്നാലും ഞാന്‍ അങ്ങോട്ട് വരില്ലതന്നെ , ഞാനീ മരുഭൂമികളില്‍ വഴി നടന്നു കൊള്ളാം ,ഞാന്‍ എന്റെ പാലപൂത്ത കുന്നുകളില്‍ നിശാചരികളും ആയി സല്ലപിച്ചിരുന്നു കൊള്ളാം . കാനനചോലകളില്‍ തണുപ്പിച്ച വീഞ്ഞ് മോന്തി ഞാവല്‍ പഴങ്ങള്‍ പെറുക്കി തിന്നു പുല്‍മേടുകളില്‍ ഇഴഞ്ഞു കൊള്ളാം ,,
ഫകീറിന്റെ പാഥേയം ഏതേതു യാത്രാ പഥങ്ങളില്‍ നിന്നാണോ പൊതിഞ്ഞെടുക്കാന്‍ ആവുക , ഏതുതരുതണലില്‍ ആണ് വിശ്രമ സങ്കേതം ലഭ്യം ആകുക എവിടെ ആണ് അവസാനം വീണു ഒടുങ്ങാന്‍ ആകുക എന്നതൊന്നും കേവലം യാത്രികന്‍ ആയ ഒരാളിന് വിഷയം ആകേണ്ടതില്ല , പക്ഷെ ഒന്ന് ഉറപ്പാണ് ,ഈ ഭൂമിയില്‍ അവസാനിക്കുന്നതാണീ യാത്ര ,, മറ്റൊരു യാത്രയ്ക്ക് സാധ്യത ഇല്ല തന്നെ ,, ഓ പ്രിയ ധരിത്രീ മനോഹരി ആയ നിന്റെ മടിത്തട്ടില്‍ ജനിക്കാന്‍ നിന്റെ മാറില്‍ പുളച്ചു ജീവിക്കാന്‍ അവസാനം നിന്റെ കാല്‍പാദത്തില്‍ഒടുങ്ങാന്‍ അവസരംതരുന്ന നീ തന്നെ ആരാധ്യ . ഇല്ല അപ്പോഴും ഞാന്‍ നിനക്കായി സ്തുതി ഗീതികള്‍ പാടില്ല , ഇല്ല ജപ മണികള്‍ തിരിക്കില്ല
No comments:
Post a Comment