എന്നെ നിങ്ങള്‍ക്ക് അറിയുമോ എന്ന് അറിയില്ല എന്നാല്‍ നിങ്ങളില്‍ ചിലരെ എനിക്ക് അറിയാം .ഈ അറിവുപരിമിതമാണ് എന്നും എനിക്കറിയാം ,എനിക്ക് അറിവ് പരിമിതം ആണ് എന്നും അറിയാം അപ്പോള്‍ നിങ്ങളെ അടുത്തറിയാന്‍, അറിവിനെ അറിയാന്‍ അറിവുള്ളവരെ അറിയാന്‍ ആയി ആണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത് , അപ്പോള്‍ എന്നെ അറിയാന്‍ ആയി ഇവിടെ വരിക നിങ്ങളെ അറിയാന്‍ എന്ന് അനുവദിക്കുക ,എന്ത് പറയുന്നു നമുക്ക് തുടരാമോ ?
Sunday, 19 December 2021
എന്ത് കൊണ്ടാണ് ഖത്തറിന്റെ ദേശീയ ദിനം ഡിസംബർ പതിനെട്ടിന് ആഘോഷിക്കപ്പെടുന്നത് ? നമ്മുടെ റിപ്പബ്ലിക് ദിനം പോലെയോ സ്വാതന്ത്ര്യ ദിനം പോലെയോ വളരെ പ്രാധാന്യത്തോടെ ഖത്തർ എന്ന ചെറു രാജ്യം അവരുടെ ദേശീയദിനം വളരെ ഗംഭീരമായി ആഘോഷിക്കുന്നു . അത് ഖത്തർ എന്ന രാജ്യം റിപ്പബ്ലിക് ആയതു കൊണ്ടോ സ്വാതന്ത്ര്യ പ്രഖ്യാപന ദിനമോ അല്ല പകരം ഖത്തറിന്റെ നാഷണൽ ഹീറോ ആയിരുന്ന ഭരണാധികാരിയും ഖത്തറിലെ വിവിധ ഗോത്രങ്ങളെ ഏകീകരിച്ച് ഖത്തർ എന്ന രാഷ്ട്രത്തിനു തുടക്കം കുറിച്ച ശൈഖ് ജാസിം അൽ താനിയുടെ അധികാര ആരോഹണത്തിന്റെ ഓർമ്മ ദിനമാണ്
വളരെ കുറച്ചു കുടുംബങ്ങളും മുത്തുവാരൽ പോലെ തൊഴിലും മരുഭൂമിയിലെ പരിമിതമായ കൃഷിയുമായി ജീവിച്ചിരുന്ന വിവിധ ചെറു ഗോത്രങ്ങൾ എല്ലാം ചേർന്നാൽ തന്നെ ഏതാനും അയ്യാരിരത്തിൽ കുറവുമാത്രം ജനങ്ങൾ വസിച്ചിരുന്ന അതിൽ തന്നെ ഏറിയ പങ്കും സ്ഥിര താമസക്കാർ അല്ലാതിരുന്ന നാടോടികളും സമുദ്ര സഞ്ചാരികളുമായിരുന്ന ആളുകൾ താമസിച്ചിരുന്ന ഒരു മരുദേശമായിരുന്നു ഖത്തര്‍. അവരുടെ ഗോത്ര നേതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ താനി ആയിരുന്നു[1870 ] നാല് നൂറ്റാണ്ടു കാലത്തോളം ഖത്തർ തുർക്കി ഒട്ടോമന്‍ ഭരണത്തിൻ കീഴിലായിരുന്നുവെങ്കിലും ഏറെക്കുറെ സ്വതന്ത്ര ജീവിതമായിരുന്നു ഈ മരുഭൂ ഗോത്രങ്ങൾ നിലനിർത്തിയിരുന്നത് . എങ്കിലും തുർക്കി ഇടയ്ക്കിടയ്ക്ക് അവരുടെ അധികാരം നിലനിർത്തുന്നതിനായി ഖത്തറിൽ ഇടപെട്ടു കൊണ്ടിരിക്കുകയും കച്ചവട ഉരുക്കൾക്കും വ്യപാരത്തിനും ചുങ്കം കൂട്ടുകയും മറ്റും ചെയ്തു കൊണ്ടിരുന്നു അത് കൊണ്ടുതന്നെ ഖത്തർ ഭരണാധികാരികളും തുർക്കിയും തമ്മിൽ സുഗമമായ ഒരു ബന്ധം നിലനിന്നിരുന്നില്ല . അത്തരം ഒരു സാഹചര്യം നിലനിൽക്കുമ്പോഴാണ് ശൈഖ് മുഹമ്മദ് ബിന്‍ താനിയുടെ വിയോഗത്തെ തുടര്‍ന്ന് 1878 ഡിസംബര്‍ 18 ന് അദ്ദേഹത്തിന്റെ പുത്രന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി അധികാരത്തിലെത്തുന്നത്. ഖത്തര്‍ എന്ന രാഷ്ട്രത്തിന് ശിലയിട്ട ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനിയുടെ പോരാട്ടത്തിന്റെ ഓര്‍മ്മ ദിനമാണ് ഡിസംബര്‍ 18. ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് അധികാരം ഏറ്റതോടെ ഖത്തറിലെ ഗോത്ര ജനതകളെ ഏകീകരിക്കുന്നതിനായി അദ്ദേഹം ശ്രമം തുടങ്ങിയിരുന്നു ഓട്ടോമൻ ഭരണകൂടവുമായി ഒരു കരാറിൽ എത്തുകയും ചെയ്തിരുന്നു .
ഷെയ്ഖ് ജാസിം അൽ താനിയുടെ പ്രഥമ ദൗത്യം അച്ചടക്ക രഹിതവും നിസാര കാര്യങ്ങൾക്ക് പോലും പരസ്പ്പരം പോരടിച്ചിരുന്ന ഗോത്രങ്ങളെ ഐക്യപ്പെടുത്തലായിരുന്നു .അതൊരു രാഷ്ട്ര രൂപീകരണത്തിന്റെ അടിത്തറ പാകലായിരുന്നു , പക്ഷെ തങ്ങളുടെ അധികാരം നഷ്ടമായേക്കുമെന്നു ഭയന്ന തുർക്കികൾ 1892 ഓടെ ഷെയ്ഖ് ജാസിമുമായി ഉണ്ടാക്കിയ കരാർ ലംഘിച്ച് ഖത്തറിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടു തുടങ്ങി. ശൈഖ് ജാസിമുമായി ഉണ്ടായ കരാറില്‍ നിന്ന് മാറി സര്‍വ്വാധികാര ശ്രമങ്ങള്‍ തുടങ്ങി. അമിതമായ നികുതി ചുമത്തി. ദോഹയിലെ അല്‍ബിദയില്‍ സൈനികരെ അധികമായി വിന്യസിച്ചു.[ ഇന്നത്തെ ആൽബിദാ പാർക്ക് ഓർക്കുക ] അതോടെ ശൈഖ് ജാസിമിന് തുര്‍ക്കികളുമായി സംഘർഷത്തിൽ ഏർപ്പെടേണ്ടിവരികയും 1892 ആഗസ്റ്റില്‍ രാജിവെക്കേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് ചുങ്കം നല്‍കുന്നത് അദ്ദേഹം നിര്‍ത്തി. സാഹചര്യം ഇതോടെ കലുഷമായി.
തുടർന്ന് വളരെ ചെറിയ ഈ മരുദേശം തുർക്കിയോടും തങ്ങളുടെമേൽ അവകാശ വാദമുന്നയിച്ച അയൽദേശത്തിന്റെ നിഴൽ യുദ്ധങ്ങളോടും [ അത് മറ്റൊരു കഥയാണ് ] വിജയിച്ചു വന്ന കഥകൾ ദേശീയ ദിനത്തോട് അനുബന്ധിച്ച് വന്ന കുറിപ്പുകളിൽ നിന്ന് വായിക്കുക . ഇന്നത്തെ തുർക്കി ഖത്തറിന്റെ ഏറ്റവും നല്ല സുഹൃത്താണ് ഒരു വിധം എല്ലാ അയൽക്കാരോടും സമാധാന പൂർവ്വമായ സഹവർത്തിത്വം പുലർത്തുന്നു ഈ ദേശം . ചരിത്രത്തിൽ നിതാന്ത ശത്രുക്കൾ ഇല്ലതന്നെ ..
1893 ഫെബ്രുവരിയില്‍ തുര്‍ക്കിയുടെ ബസറ ഗവര്‍ണര്‍ മുഹമ്മദ് ഹാഫിസ് പാഷ നേതൃത്വം നല്‍കിയ 300 ലധികം വരുന്ന സൈനികര്‍ ഖത്തറിലേക്ക് പടനയിച്ചു. വന്‍ ആയുധശേഖരവുമായിട്ടായിരുന്നു വരവ്. ലക്ഷ്യം ശൈഖ് ജാസിം മാത്രമായിരുന്നു. അദ്ദേഹത്തെ വധിക്കുകയോ അല്ലെങ്കില്‍ തടവിലാക്കുകയോ ചെയ്യുമെന്ന് തുര്‍ക്കി പ്രഖ്യാപിച്ചു. ശൈഖ് ജാസിമിനെതിരേയുള്ള പടയോട്ടത്തെ ചെറുക്കാന്‍ വിവിധ ചെറുഗോത്രങ്ങള്‍ തീരുമാനിച്ചു. 4,000 ത്തോളം വരുന്ന ഗോത്ര പോരാളികള്‍ അവരുടേതായ പാരമ്പര്യ ആയുധങ്ങളുമായി സജ്ജരായി. വളരെ കുറച്ച് ആയുധങ്ങള്‍ മാത്രമേ ഇവരുടെ കൈവശമുണ്ടായിരുന്നുള്ളൂ. രക്തരൂക്ഷിതമായ യുദ്ധമോ പോരാട്ടമോ ഇല്ലാതാക്കാന്‍ ചര്‍ച്ചയിലൂടെ ശൈഖ് ജാസിം ശ്രമിച്ചുനോക്കി. പക്ഷെ ഗോത്ര പോരാളികളെ പിരിച്ചുവിടാനും കീഴടങ്ങാനുമായിരുന്നു തുര്‍ക്കിയുടെ രേഖാമൂലമുള്ള ആവശ്യം. ഇത് ശൈഖ് ജാസിം നിരസിച്ചു. ദിനങ്ങളോളം ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയ ശേഷം 1893 മാര്‍ച്ചില്‍ തുര്‍ക്കി ചര്‍ച്ചക്ക് തയ്യാറായി. ചര്‍ച്ച ചെയ്യാന്‍ തന്റെ പ്രതിനിധിയായി ശൈഖ് ജാസിം സഹോദരന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍താനിയേയും വിവിധ ഗോത്ര പ്രമുഖരായ 16 നേതാക്കളേയുമയച്ചു. പക്ഷെ ഖത്തറി നേതാക്കളെ തടവിലാക്കുകയായിരുന്നു തുര്‍ക്കി ചെയ്തത്. മോചനദ്രവ്യം നല്‍കി മോചിപ്പിക്കാന്‍ പോലും ഗവര്‍ണ്ണര്‍ പാഷ കൂട്ടാക്കിയില്ല. ഇതോടെ അഭിമാനപോരാട്ടത്തിലേക്ക് ഖത്തര്‍ നീങ്ങി. തുര്‍ക്കി സൈന്യം തുടങ്ങിയ എല്ലാ ആക്രമണങ്ങള്‍ക്കും കനത്ത വില നല്‍കേണ്ടി വന്നു. ഖത്തര്‍ ഗോത്രസൈന്യം ഓട്ടോമന്‍ സൈന്യ സംഘത്തെ മുട്ടുകുത്തിച്ചു. ഖത്തരി തടവുകാരെ ഗവര്‍ണ്ണര്‍ മുഹമ്മദ് പാഷക്ക് മോചിപ്പിക്കേണ്ടിവന്നുവെന്ന് മാത്രമല്ല ഖത്തറില്‍ നിന്ന് സുരക്ഷിതമായി പിന്‍മാറാന്‍ സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെടുന്ന വിധം തലകുനിക്കേണ്ടി വന്നു. തുര്‍ക്കി സൈന്യത്തിന്റെ പകുതിയോളം കൊല്ലപ്പെട്ട ഖത്തറിലെ അല്‍വജ്ബ യുദ്ധത്തില്‍ 400-ഓളം പോരാളികള്‍ ഖത്തറിനു വേണ്ടി ധീര രക്തസാക്ഷികളായി. വന്‍വിജയം നേടിയ ഖത്തറിനു മുമ്പില്‍ അടിയറവു പറയേണ്ടി വന്ന തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് രണ്ടാമന്‍ ശൈഖ് ജാസിമിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകകയും ബസ്റ ഗവര്‍ണര്‍ മുഹമ്മദ് പാഷയെ പുറത്താക്കുകയും ചെയ്തു. ഇതോടെ ശൈഖ് ജാസിം ഖത്തറില്‍ എല്ലാ ഗോത്രങ്ങളുടേയും അംഗീകാരത്തോടെ 1913ല്‍ ഖത്തര്‍ എന്ന രാഷ്ട്രം സ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് പ്രകൃതിവാതകവും എണ്ണയും കണ്ടെത്തുന്നതോടുകൂടി ഒരു ആധുനിക രാജ്യത്തിന്റെ പ്രഭാവത്തിലേക്കു ഖത്തർ കടന്നു കയറി ലോക രാഷ്ട്രങ്ങൾക്കിടയിൽ ശ്രദ്ധേയമായ സ്ഥാനം നേടുകയും ചെയ്തു .
മധ്യപൂര്‍വ്വേഷ്യന്‍ അതിസമ്പന്ന രാജ്യമാണ് ഖത്തര്‍. വിസ്തൃതിയില്‍ ചെറുതായ ഈ രാജ്യം ജനസംഖ്യയിലും പിറകിലാണ് . 2022 ഫിഫ ലോകകപ്പ് കപ്പിന് തയാറെടുക്കുന്ന ഖത്തർ അത് കൊണ്ട് കൂടി ലോക രാജ്യങ്ങളുടെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുന്നു .ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍ ലോക നമ്പര്‍ വണ്‍ ആയ ഖത്തര്‍ ഇതര മേഖലയിലും വന്‍മുന്നേറ്റമാണ് നടത്തി വരുന്നത്.
ചരിത്രമെന്നത് വലിയ രാഷ്ട്രങ്ങൾക്കും ചക്രവർത്തിമാർക്കും മാത്രമല്ല കൊച്ചു ദേശങ്ങൾക്കും അവരുടെ ചെറിയ ചരിത്രം അഭിമാന പൂർവ്വം നെഞ്ചേറ്റാൻ ഉണ്ടാവും , വരും കാല ചരിത്രത്തിൽ തിളക്കമുള്ള അധ്യായങ്ങൾ എഴുതിക്കിച്ചേർക്കാൻ ഇനിയും ഖത്തറിന് സാധ്യമാവും .ഇനി ലോകം ചരിത്രം എഴുതുക പോരാട്ടങ്ങളും വിജയങ്ങളും നേതാക്കന്മാരും രാജാക്കന്മാരും എന്ന രീതിയിൽ ആവില്ല ആധുനിക മനുഷ്യന്റെ ശാസ്ത്രാന്വേഷണങ്ങളും സമാധാനത്തിനും സഹവർത്തിത്വത്തിനും മനുഷ്യത്വത്തിനും വേണ്ടിയുള്ള ശ്രമങ്ങളും അതിരുകൾ മാഞ്ഞുപോകുന്ന തരം പ്രവൃത്തികളും എന്ന നിലയിലായിരിക്കും എന്ന് നമുക്ക് പ്രത്യാശ കൊള്ളാം ..
Subscribe to:
Post Comments (Atom)
No comments:
Post a Comment