Wednesday, 9 February 2022

127 അവേഴ്‌സ്
ഇന്നലെ മലമ്പുഴയിലെ മലമടക്കിൽ നിന്ന് സൈനികർ പ്രിയൻ ബാബുവിനെ രക്ഷപ്പെടുത്തുന്ന നേരമത്രയും ഞാൻ ഓർത്തത് ആരോൺ റാൾസ്റ്റണെന്ന ധീരനയാണ് , മേലെ നൽകിയ മൂവി നിങ്ങളിൽ പലരും കണ്ടുകാണും എന്നും ഞാൻ കരുതുന്നു . മലകയറ്റക്കാരനായ ഈ യുവാവും വീട്ടിൽ പറഞ്ഞിട്ടല്ല എങ്ങോട്ടെങ്കിലും പോകുക ഒന്നോ രണ്ടോ ദിവസം മലകയറാനായും നീന്തലിനായും ഒക്കെ പോകുന്ന അദ്ദേഹം പലപ്പോഴും ആരോടും പറയാതെ പോകുന്നത് കൊണ്ടുതന്നെ മലയുടെ വിള്ളലിൽ പാറയുടെ അടിയിൽ കൈകുടുങ്ങിപ്പോയ അവസ്ഥയിൽ ആരും രക്ഷപ്പെടുത്താനില്ലാതെ കുടുങ്ങിക്കിടന്നു . ആ യഥാർത്ഥ കഥ സിനിമയിൽ കണ്ടപ്പോൾ അവസാന നിമിഷം വരെ അസ്വസ്ഥനായാണ് ഞാനത് കണ്ടു തീർത്തത് ആരെങ്കിലും വരേണമേ എങ്ങിനെയെങ്കിലും ഈ പയ്യൻ രക്ഷപ്പെടണമേ എന്ന് അതി തീവൃമായി ഞാൻ ആഗ്രഹിച്ചു കൊണ്ടായിരുന്നു . അവസാനം സ്വന്തം കൈ ചെറിയ കത്തികൊണ്ട് അറുത്തുമാറ്റാൻ ആവാതെ ഒരൊറ്റ തിരിച്ചിൽ വഴി കൈ പാറയിടുക്കിൽ നിന്ന് പറിച്ചെടുത്തു ആറോൺ ജീവിതത്തിലേക്ക് നടന്നു കയറുന്നു . ഞാൻ അധികമെഴുതുന്നില്ല നിങ്ങൾ മൂവി കണ്ടവർ ആയിരിക്കും കണ്ടില്ലയെങ്കിൽ കാണാൻ ശ്രമിക്കുക റാൾസ്റ്റണിന്റെ ഓർമ്മക്കുറിപ്പായ ബിറ്റ് വീൻ എ റോക്ക് ആൻഡ് എ ഹാർഡ് പ്ലേസ് (2004) അടിസ്ഥാനമാക്കിയുള്ള ചിത്രം, ബോയ്‌ലും സൈമൺ ബ്യൂഫോയും ചേർന്ന് ക്രിസ്റ്റ്യൻ കോൾസണും ജോൺ സ്മിത്‌സണും ചേർന്ന് നിർമ്മിച്ചതും എആർ റഹ്‌മാനും ചേർന്ന മൂവി . ബ്യൂഫോയ്, കോൾസൺ, റഹ്മാൻ എന്നിവരെല്ലാം മുമ്പ് സ്ലംഡോഗ് മില്യണയർ (2008) എന്ന ചിത്രത്തിൽ ബോയിലിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 127 അവേഴ്‌സ് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യത നേടുകയും ലോകമെമ്പാടുമായി $60 ദശലക്ഷം സമ്പാദിക്കുകയും ചെയ്തു. ഫ്രാങ്കോയ്ക്ക് മികച്ച നടനും മികച്ച ചിത്രവും ഉൾപ്പെടെ ആറ് അക്കാദമി അവാർഡുകൾക്ക് ഇത് നാമനിർദ്ദേശം ചെയ്യപ്പെട്ടു . റാൽസ്റ്റൺ ആരോൺ ബ്ലൂ ജോൺ കാന്യോണിൽ കുടുങ്ങിയപ്പോൾ മുതൽ മുതലുള്ള മണിക്കൂറുകളുടെ ചിത്രീകരണമാണ് ഈ സിനിമയുടെ പേരിനാധാരം 2003 ഏപ്രിലിൽ, ആവേശകരമായ പർവതാരോഹകനായ ആരോൺ റാൾസ്റ്റൺ ആരോടും പറയാതെ യൂട്ടായിലെ കാന്യോൺലാൻഡ് ദേശീയ ഉദ്യാനത്തിൽ കാൽനടയാത്ര നടത്തുന്നു . കാൽനടയാത്രക്കാരായ ക്രിസ്റ്റിയുമായും മേഗനുമായും അവൻ ചങ്ങാത്തം കൂടുകയും അവർ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് അവർക്ക് ഒരു ഭൂഗർഭ കുളം കാണിക്കുകയും അതിൽ അവരോടുത്തു ചാടി നീന്തുകയും ചെയ്യുന്നു. അതിനുശേഷം , ബ്ലൂജോൺ കാന്യോണിലെ മലയിടുക്കിലൂടെ ആരോൺ കയറ്റം തുടരുന്നു . കയറുന്നതിനിടയിൽ, അവൻ തൂങ്ങിക്കിടന്ന ഒരു പാറ ഇടിഞ്ഞു വീഴുകയും അത് അവന്റെ വലതു കൈ അതിനടിയിൽ ആയിപ്പോകുകയും ചെയ്യുന്നു ആറോൺ പാറ നീക്കാൻആവുന്നത് ശ്രമിക്കുന്നു, പക്ഷേ അത് അനങ്ങുന്നില്ല; അവൻ തനിച്ചാണെന്ന് പെട്ടെന്നുതന്നെ അവനു ബോധ്യമാവുകയും നിലവിളിക്കുകയും ചെയ്യുന്നു പിന്നീട് അദ്ദേഹം ഒരു വീഡിയോ ഡയറി റെക്കോർഡ് ചെയ്യാൻ തുടങ്ങുന്നു ഒരു പോക്കറ്റ് കത്തി ഉപയോഗിച്ച് പാറയുടെ ചില ഭാഗങ്ങൾ കട്ട് ചെയ്യാൻ ശ്രമിക്കുന്നു . അടുത്ത അഞ്ച് ദിവസങ്ങളിൽ, ആരോൺ തന്റെ ഭക്ഷണവും ശേഷിക്കുന്ന 300 മില്ലി വെള്ളവും റേഷൻ ചെയ്യുന്നു, രാത്രിയിൽ ചൂട് നിലനിർത്താൻ പാടുപെടുന്നു, വെള്ളം തീർന്നാൽ മൂത്രം കുടിക്കാൻ നിർബന്ധിതനാകുന്നു . പാറക്കെട്ട് ഉയർത്താനുള്ള വൃഥാശ്രമത്തിൽ അവൻ തന്റെ കയറുന്ന കയർ ഉപയോഗിച്ച് പാർ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തുന്നു പക്ഷെ എല്ലാം വൃഥാവിലാകുകയാണ് ആ ദിവസങ്ങളിലുടനീളം, ആരോൺ നിരാശനും വിഷാദവാനും ആയിത്തീരുന്നു, കൂടാതെ തന്റെ ബന്ധങ്ങളിലെ വീഴ്ചകൾ തന്റെ കുടുംബവും തന്റെ മുൻ കാമുകി റാണയും ഉൾപ്പെടെയുള്ള മുൻകാല അനുഭവങ്ങൾ എന്നിവയെക്കുറിച്ച് ഭ്രമം തുടങ്ങുന്നു. ഒരു ഹാലുസിനേഷനിൽ, താൻ എവിടേക്കാണ് പോകുന്നതെന്നോ എത്ര നേരം എന്നോ ആരോടും പറയാതിരുന്നതാണ് തന്റെ തെറ്റെന്ന് ആരോൺ മനസ്സിലാക്കുന്നു. ആറാം ദിവസം, ആരോൺ ഒരു കുട്ടിയെ സ്വപ്നം കാണുന്നു ഒരു കൈമുറിഞ്ഞ നിലയിൽ ആ കുട്ടിയുമായി കളിക്കുന്ന സ്വപ്നം , തുടർന്ന് ഉണർന്ന ആരോൺ ക്യാമൽ ബാക് ട്യൂബ് ഇൻസുലേഷനിൽ നിന്ന് ഒരു ടൂർണിക്യൂട്ട് ഉണ്ടാക്കുകയും അത് മുറുക്കാൻ ഒരു കാരാബൈനർ ഉപയോഗിക്കുകയും ചെയ്യുന്നു. തുടർന്ന്, ടോർക്കിനെക്കുറിച്ചുള്ള തന്റെ അറിവ് ഉപയോഗിച്ച് , അവൻ തന്റെ കൈയിലെ എല്ലുകൾ തകർക്കുകയും, മൾട്ടി-ടൂൾ ഉപയോഗിച്ച്, അത് സാവധാനം ഛേദിക്കുകയും ചെയ്യുന്നു. പക്ഷെ മുഴുവനായി മുറിക്കാൻ ആവുന്നില്ല ശേഷം പാറക്കെട്ട് താഴേക്ക് വീഴുന്നതിന് മുമ്പ് പാറയുടെ ചിത്രം എടുക്കുന്നു. പിന്നീട് കണ്ടു നിൽക്കാൻ ആവാത്ത രീതിയിൽ ഒരു തിരിച്ചിലാണ് കൈ പറിഞ്ഞു പോരുന്നു കയ്യിലുള്ള പരിമിതമായ തുണികൾ കൊണ്ട് ബാൻഡേജ് ചെയ്തു ആരോൺ താഴേക്കു ഇറങ്ങുമ്പോൾ കുറച്ചു മഴവെള്ളം അവൻ കണ്ടെത്തി ആ കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കുകയും നടത്തം തുടരുകയും ചെയ്യുന്നു. തിരികെ മരുഭൂമിയിൽ ഒരു കുടുംബത്തെ കാണുകയും സഹായത്തിനായി വിളിക്കുകയും ചെയ്യുന്നു. അവർ അവന് വെള്ളം കൊടുക്കുകയും അധികാരികളെ അറിയിക്കുകയും ചെയ്യുന്നുഅവർ ഹൈവേ പട്രോൾ ഹെലികോപ്റ്റർ അവനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു. അസാദ്ധ്യം എന്ന് തോന്നിക്കുന്ന ഈ മനക്കരുത്തിനെ നാമെന്താണ് വിളിക്കുക ?! വർഷങ്ങൾക്കുശേഷം, ആരോൺ വിവാഹിതനാകുകയും ഒരു പുത്രനുണ്ടാകുകയും ചെയ്തു . ഇപ്പോഴും അവൻ മലകയറ്റം തുടരുന്നു, ഇപ്പോൾ എവിടേക്കാണ് താൻ പോകുന്നതെന്ന് ഏതൊരു ചെറിയ യാത്രയിലും കുറിപ്പുകൾ ഉണ്ടാക്കി കുടുംബത്തെയും സുഹൃത്തുക്കളെയും അറിയിക്കുന്നു , ചില ടെലിവിഷൻ പരിപാടികളിലെ അവതാരകനായും ആരോൺ പ്രവർത്തിക്കുന്നു .

Sunday, 19 December 2021

എന്ത് കൊണ്ടാണ് ഖത്തറിന്റെ ദേശീയ ദിനം ഡിസംബർ പതിനെട്ടിന് ആഘോഷിക്കപ്പെടുന്നത് ? നമ്മുടെ റിപ്പബ്ലിക് ദിനം പോലെയോ സ്വാതന്ത്ര്യ ദിനം പോലെയോ വളരെ പ്രാധാന്യത്തോടെ ഖത്തർ എന്ന ചെറു രാജ്യം അവരുടെ ദേശീയദിനം വളരെ ഗംഭീരമായി ആഘോഷിക്കുന്നു . അത് ഖത്തർ എന്ന രാജ്യം റിപ്പബ്ലിക് ആയതു കൊണ്ടോ സ്വാതന്ത്ര്യ പ്രഖ്യാപന ദിനമോ അല്ല പകരം ഖത്തറിന്റെ നാഷണൽ ഹീറോ ആയിരുന്ന ഭരണാധികാരിയും ഖത്തറിലെ വിവിധ ഗോത്രങ്ങളെ ഏകീകരിച്ച് ഖത്തർ എന്ന രാഷ്ട്രത്തിനു തുടക്കം കുറിച്ച ശൈഖ് ജാസിം അൽ താനിയുടെ അധികാര ആരോഹണത്തിന്റെ ഓർമ്മ ദിനമാണ് വളരെ കുറച്ചു കുടുംബങ്ങളും മുത്തുവാരൽ പോലെ തൊഴിലും മരുഭൂമിയിലെ പരിമിതമായ കൃഷിയുമായി ജീവിച്ചിരുന്ന വിവിധ ചെറു ഗോത്രങ്ങൾ എല്ലാം ചേർന്നാൽ തന്നെ ഏതാനും അയ്യാരിരത്തിൽ കുറവുമാത്രം ജനങ്ങൾ വസിച്ചിരുന്ന അതിൽ തന്നെ ഏറിയ പങ്കും സ്ഥിര താമസക്കാർ അല്ലാതിരുന്ന നാടോടികളും സമുദ്ര സഞ്ചാരികളുമായിരുന്ന ആളുകൾ താമസിച്ചിരുന്ന ഒരു മരുദേശമായിരുന്നു ഖത്തര്‍. അവരുടെ ഗോത്ര നേതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ താനി ആയിരുന്നു[1870 ] നാല് നൂറ്റാണ്ടു കാലത്തോളം ഖത്തർ തുർക്കി ഒട്ടോമന്‍ ഭരണത്തിൻ കീഴിലായിരുന്നുവെങ്കിലും ഏറെക്കുറെ സ്വതന്ത്ര ജീവിതമായിരുന്നു ഈ മരുഭൂ ഗോത്രങ്ങൾ നിലനിർത്തിയിരുന്നത് . എങ്കിലും തുർക്കി ഇടയ്ക്കിടയ്ക്ക് അവരുടെ അധികാരം നിലനിർത്തുന്നതിനായി ഖത്തറിൽ ഇടപെട്ടു കൊണ്ടിരിക്കുകയും കച്ചവട ഉരുക്കൾക്കും വ്യപാരത്തിനും ചുങ്കം കൂട്ടുകയും മറ്റും ചെയ്തു കൊണ്ടിരുന്നു അത് കൊണ്ടുതന്നെ ഖത്തർ ഭരണാധികാരികളും തുർക്കിയും തമ്മിൽ സുഗമമായ ഒരു ബന്ധം നിലനിന്നിരുന്നില്ല . അത്തരം ഒരു സാഹചര്യം നിലനിൽക്കുമ്പോഴാണ് ശൈഖ് മുഹമ്മദ് ബിന്‍ താനിയുടെ വിയോഗത്തെ തുടര്‍ന്ന് 1878 ഡിസംബര്‍ 18 ന് അദ്ദേഹത്തിന്റെ പുത്രന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി അധികാരത്തിലെത്തുന്നത്. ഖത്തര്‍ എന്ന രാഷ്ട്രത്തിന് ശിലയിട്ട ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനിയുടെ പോരാട്ടത്തിന്റെ ഓര്‍മ്മ ദിനമാണ് ഡിസംബര്‍ 18. ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് അധികാരം ഏറ്റതോടെ ഖത്തറിലെ ഗോത്ര ജനതകളെ ഏകീകരിക്കുന്നതിനായി അദ്ദേഹം ശ്രമം തുടങ്ങിയിരുന്നു ഓട്ടോമൻ ഭരണകൂടവുമായി ഒരു കരാറിൽ എത്തുകയും ചെയ്തിരുന്നു . ഷെയ്ഖ് ജാസിം അൽ താനിയുടെ പ്രഥമ ദൗത്യം അച്ചടക്ക രഹിതവും നിസാര കാര്യങ്ങൾക്ക് പോലും പരസ്പ്പരം പോരടിച്ചിരുന്ന ഗോത്രങ്ങളെ ഐക്യപ്പെടുത്തലായിരുന്നു .അതൊരു രാഷ്ട്ര രൂപീകരണത്തിന്റെ അടിത്തറ പാകലായിരുന്നു , പക്ഷെ തങ്ങളുടെ അധികാരം നഷ്ടമായേക്കുമെന്നു ഭയന്ന തുർക്കികൾ 1892 ഓടെ ഷെയ്ഖ് ജാസിമുമായി ഉണ്ടാക്കിയ കരാർ ലംഘിച്ച് ഖത്തറിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടു തുടങ്ങി. ശൈഖ് ജാസിമുമായി ഉണ്ടായ കരാറില്‍ നിന്ന് മാറി സര്‍വ്വാധികാര ശ്രമങ്ങള്‍ തുടങ്ങി. അമിതമായ നികുതി ചുമത്തി. ദോഹയിലെ അല്‍ബിദയില്‍ സൈനികരെ അധികമായി വിന്യസിച്ചു.[ ഇന്നത്തെ ആൽബിദാ പാർക്ക് ഓർക്കുക ] അതോടെ ശൈഖ് ജാസിമിന് തുര്‍ക്കികളുമായി സംഘർഷത്തിൽ ഏർപ്പെടേണ്ടിവരികയും 1892 ആഗസ്റ്റില്‍ രാജിവെക്കേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് ചുങ്കം നല്‍കുന്നത് അദ്ദേഹം നിര്‍ത്തി. സാഹചര്യം ഇതോടെ കലുഷമായി. തുടർന്ന് വളരെ ചെറിയ ഈ മരുദേശം തുർക്കിയോടും തങ്ങളുടെമേൽ അവകാശ വാദമുന്നയിച്ച അയൽദേശത്തിന്റെ നിഴൽ യുദ്ധങ്ങളോടും [ അത് മറ്റൊരു കഥയാണ് ] വിജയിച്ചു വന്ന കഥകൾ ദേശീയ ദിനത്തോട് അനുബന്ധിച്ച് വന്ന കുറിപ്പുകളിൽ നിന്ന് വായിക്കുക . ഇന്നത്തെ തുർക്കി ഖത്തറിന്റെ ഏറ്റവും നല്ല സുഹൃത്താണ് ഒരു വിധം എല്ലാ അയൽക്കാരോടും സമാധാന പൂർവ്വമായ സഹവർത്തിത്വം പുലർത്തുന്നു ഈ ദേശം . ചരിത്രത്തിൽ നിതാന്ത ശത്രുക്കൾ ഇല്ലതന്നെ .. 1893 ഫെബ്രുവരിയില്‍ തുര്‍ക്കിയുടെ ബസറ ഗവര്‍ണര്‍ മുഹമ്മദ് ഹാഫിസ് പാഷ നേതൃത്വം നല്‍കിയ 300 ലധികം വരുന്ന സൈനികര്‍ ഖത്തറിലേക്ക് പടനയിച്ചു. വന്‍ ആയുധശേഖരവുമായിട്ടായിരുന്നു വരവ്. ലക്ഷ്യം ശൈഖ് ജാസിം മാത്രമായിരുന്നു. അദ്ദേഹത്തെ വധിക്കുകയോ അല്ലെങ്കില്‍ തടവിലാക്കുകയോ ചെയ്യുമെന്ന് തുര്‍ക്കി പ്രഖ്യാപിച്ചു. ശൈഖ് ജാസിമിനെതിരേയുള്ള പടയോട്ടത്തെ ചെറുക്കാന്‍ വിവിധ ചെറുഗോത്രങ്ങള്‍ തീരുമാനിച്ചു. 4,000 ത്തോളം വരുന്ന ഗോത്ര പോരാളികള്‍ അവരുടേതായ പാരമ്പര്യ ആയുധങ്ങളുമായി സജ്ജരായി. വളരെ കുറച്ച് ആയുധങ്ങള്‍ മാത്രമേ ഇവരുടെ കൈവശമുണ്ടായിരുന്നുള്ളൂ. രക്തരൂക്ഷിതമായ യുദ്ധമോ പോരാട്ടമോ ഇല്ലാതാക്കാന്‍ ചര്‍ച്ചയിലൂടെ ശൈഖ് ജാസിം ശ്രമിച്ചുനോക്കി. പക്ഷെ ഗോത്ര പോരാളികളെ പിരിച്ചുവിടാനും കീഴടങ്ങാനുമായിരുന്നു തുര്‍ക്കിയുടെ രേഖാമൂലമുള്ള ആവശ്യം. ഇത് ശൈഖ് ജാസിം നിരസിച്ചു. ദിനങ്ങളോളം ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയ ശേഷം 1893 മാര്‍ച്ചില്‍ തുര്‍ക്കി ചര്‍ച്ചക്ക് തയ്യാറായി. ചര്‍ച്ച ചെയ്യാന്‍ തന്റെ പ്രതിനിധിയായി ശൈഖ് ജാസിം സഹോദരന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍താനിയേയും വിവിധ ഗോത്ര പ്രമുഖരായ 16 നേതാക്കളേയുമയച്ചു. പക്ഷെ ഖത്തറി നേതാക്കളെ തടവിലാക്കുകയായിരുന്നു തുര്‍ക്കി ചെയ്തത്. മോചനദ്രവ്യം നല്‍കി മോചിപ്പിക്കാന്‍ പോലും ഗവര്‍ണ്ണര്‍ പാഷ കൂട്ടാക്കിയില്ല. ഇതോടെ അഭിമാനപോരാട്ടത്തിലേക്ക് ഖത്തര്‍ നീങ്ങി. തുര്‍ക്കി സൈന്യം തുടങ്ങിയ എല്ലാ ആക്രമണങ്ങള്‍ക്കും കനത്ത വില നല്‍കേണ്ടി വന്നു. ഖത്തര്‍ ഗോത്രസൈന്യം ഓട്ടോമന്‍ സൈന്യ സംഘത്തെ മുട്ടുകുത്തിച്ചു. ഖത്തരി തടവുകാരെ ഗവര്‍ണ്ണര്‍ മുഹമ്മദ് പാഷക്ക് മോചിപ്പിക്കേണ്ടിവന്നുവെന്ന് മാത്രമല്ല ഖത്തറില്‍ നിന്ന് സുരക്ഷിതമായി പിന്‍മാറാന്‍ സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെടുന്ന വിധം തലകുനിക്കേണ്ടി വന്നു. തുര്‍ക്കി സൈന്യത്തിന്റെ പകുതിയോളം കൊല്ലപ്പെട്ട ഖത്തറിലെ അല്‍വജ്ബ യുദ്ധത്തില്‍ 400-ഓളം പോരാളികള്‍ ഖത്തറിനു വേണ്ടി ധീര രക്തസാക്ഷികളായി. വന്‍വിജയം നേടിയ ഖത്തറിനു മുമ്പില്‍ അടിയറവു പറയേണ്ടി വന്ന തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് രണ്ടാമന്‍ ശൈഖ് ജാസിമിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകകയും ബസ്റ ഗവര്‍ണര്‍ മുഹമ്മദ് പാഷയെ പുറത്താക്കുകയും ചെയ്തു. ഇതോടെ ശൈഖ് ജാസിം ഖത്തറില്‍ എല്ലാ ഗോത്രങ്ങളുടേയും അംഗീകാരത്തോടെ 1913ല്‍ ഖത്തര്‍ എന്ന രാഷ്ട്രം സ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് പ്രകൃതിവാതകവും എണ്ണയും കണ്ടെത്തുന്നതോടുകൂടി ഒരു ആധുനിക രാജ്യത്തിന്റെ പ്രഭാവത്തിലേക്കു ഖത്തർ കടന്നു കയറി ലോക രാഷ്ട്രങ്ങൾക്കിടയിൽ ശ്രദ്ധേയമായ സ്ഥാനം നേടുകയും ചെയ്തു . മധ്യപൂര്‍വ്വേഷ്യന്‍ അതിസമ്പന്ന രാജ്യമാണ് ഖത്തര്‍. വിസ്തൃതിയില്‍ ചെറുതായ ഈ രാജ്യം ജനസംഖ്യയിലും പിറകിലാണ് . 2022 ഫിഫ ലോകകപ്പ് കപ്പിന് തയാറെടുക്കുന്ന ഖത്തർ അത് കൊണ്ട് കൂടി ലോക രാജ്യങ്ങളുടെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുന്നു .ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍ ലോക നമ്പര്‍ വണ്‍ ആയ ഖത്തര്‍ ഇതര മേഖലയിലും വന്‍മുന്നേറ്റമാണ് നടത്തി വരുന്നത്. ചരിത്രമെന്നത് വലിയ രാഷ്ട്രങ്ങൾക്കും ചക്രവർത്തിമാർക്കും മാത്രമല്ല കൊച്ചു ദേശങ്ങൾക്കും അവരുടെ ചെറിയ ചരിത്രം അഭിമാന പൂർവ്വം നെഞ്ചേറ്റാൻ ഉണ്ടാവും , വരും കാല ചരിത്രത്തിൽ തിളക്കമുള്ള അധ്യായങ്ങൾ എഴുതിക്കിച്ചേർക്കാൻ ഇനിയും ഖത്തറിന് സാധ്യമാവും .ഇനി ലോകം ചരിത്രം എഴുതുക പോരാട്ടങ്ങളും വിജയങ്ങളും നേതാക്കന്മാരും രാജാക്കന്മാരും എന്ന രീതിയിൽ ആവില്ല ആധുനിക മനുഷ്യന്റെ ശാസ്ത്രാന്വേഷണങ്ങളും സമാധാനത്തിനും സഹവർത്തിത്വത്തിനും മനുഷ്യത്വത്തിനും വേണ്ടിയുള്ള ശ്രമങ്ങളും അതിരുകൾ മാഞ്ഞുപോകുന്ന തരം പ്രവൃത്തികളും എന്ന നിലയിലായിരിക്കും എന്ന് നമുക്ക് പ്രത്യാശ കൊള്ളാം ..

Monday, 13 September 2021

മാന്യതയുടെ ഉടുത്തു കെട്ടുകൾ സമൂഹം ആവശ്യപ്പെടുന്ന അച്ചടക്കങ്ങളെ ലംഘിക്കുമ്പോൾ മാത്രമേ കാനായി ശില്പങ്ങൾ ഉണ്ടായിവരികയുള്ളൂ , ഉടുപുടവകളുടെയും ഉടുത്തു കെട്ടുകളുടെയും തടവറകളിൽ നിന്ന് കൊണ്ടായിരിക്കയില്ല ഖജുരാഹോ ശില്പങ്ങൾ സൃഷ്ടിക്കപ്പെടുക . മാധവിക്കുട്ടിയുടെ മനോഹര കഥകകളിലെ സൗന്ദര്യ ശാസ്ത്രം മാന്യതയുടെ ഉന്മാദം കൊണ്ട് ബുദ്ധികെട്ടുപോയ നമ്മുടെ ആളുകൾക്ക് വായിച്ചെടുക്കാൻ ആകാതെപോയത് വിവരമില്ലായ്മ കൊണ്ടല്ല നാം ഓരോരുത്തരും സ്വയം മാന്യരാണെന്നു തെറ്റിദ്ധാരണ കൊണ്ട് നടക്കുക മൂലം സത്യസന്ധമായി അത്തരം മനോഹര സൃഷ്ടികളെ സമീപിക്കാൻ ആകാതെ വന്നത് കൊണ്ടാണ് . കോട്ടും ട്രൗസറും അണിഞ്ഞുകൊണ്ട് കിടപ്പറയിൽ പെരുമാറാൻ ശ്രമിക്കുന്ന മാന്യവിചാരക്കാർക്ക് അവിടെ കാര്യമായി ഒന്നും ചെയ്യാനില്ല ദയവായി ടോയ്‌ലറ്റിൽ മാത്രം പോകൂ ..

Saturday, 20 February 2021

ആഴക്കടൽ സംവാദം സംവാദ ശേഷം --------------------------------------------------------------- ഇ എ ജബ്ബാർ എം എം അകബർ സംവാദം കഴിഞ്ഞു ആഴ്ചകൾ ഏറെ ആയി , അതിന്റെ വിലയിരുത്തലുകൾ സോഷ്യൽ മീഡിയകളിൽ ഇപ്പോഴും നടക്കുകയും മുഖ്യധാരാ മാധ്യമങ്ങൾ വരെ വളരെ പ്രാധാന്യപൂർവ്വം ഈ സംവാദം കൈകാര്യം ചെയ്യുകയും ചെയ്തു . സംവാദവും സംവാദാനന്തര ചർച്ചകളും സാകൂതം വീക്ഷിച്ച തീത്തും നിഷ്പക്ഷൻ അല്ലാത്ത ഒരാളെന്ന നിലയ്ക്ക് ആരാണ് സംവാദം ജയിച്ചതെന്നു ചോദിച്ചാൽ കൃത്യമായി ഞാൻ പറയും ജയിച്ചത് അക്ബർ ആണെന്ന് . പക്ഷെ സാങ്കേതിമായ മേന്മയും എന്തുമേതും സത്യമോ അസത്യമോ ആയാലും ഔന്നത്യമുള്ള ശബ്ദഘോഷത്തോടെ അവതരിപ്പിക്കാനുള്ള ശേഷിയും മൂലമാണ് ഈ വിജയം എന്ന് വരുന്നു എന്നതാണതിലെ ന്യൂനത . പകരം ഇ എ ജബ്ബാർ ഉന്നയിച്ച കൃത്യതയുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നൽകുവാൻ അദ്ദേഹത്തിന് ആയിട്ടല്ല എന്നത് പക്ഷപാതിത്വമേതുമില്ലാത്ത ഒരാളിന് വ്യക്തമായിരിക്കും എന്നുതന്നെയാണ് സ്വതന്ത്രലോക പക്ഷത്തു നിലയുറപ്പിച്ചു കൊണ്ട് ഞാൻ വിചാരിക്കുന്നത് . സാങ്കേതികമായും സാമ്പത്തികമായും തങ്ങളുടെ ദരിദ്ര പശ്ചാത്തലം എടുത്തു കാണിക്കുന്ന രീതിയിൽ യുക്തിവാദികളും കൂട്ടരും പതറിപ്പോയപ്പോൾ ഉയർന്ന സാങ്കേതിക തികവും നല്ലരീതിയിൽ അനുകൂലമായി പ്രതികരിക്കാൻ ഉതകുന്ന സദസ്യരെയും മീഡിയാ കവറേജിനുമുള്ള സംവിധാനങ്ങൾ ഒരുക്കിയാണ് അഖ്‌ബറും സംഘവും എത്തിയതെന്നതുതന്നെ അവരുടെ സാമ്പത്തിക മേൽക്കൈയ്യും സാങ്കേതിക തികവും ആസൂത്രവും ഒക്കെ എത്ര മികച്ചതായിരുന്നു എന്ന് കാണാനാകുക , ഇതിൽ നിന്ന് സ്വതത്ര ലോകക്കാർക്കും യുക്തിവാദികൾക്കും മികച്ച ദൃഷ്ടാന്തമുണ്ട് [ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ] ആധുനിക കാലത്തു സംവാദത്തിനായാലും ചർച്ചകൾക്കോ പഠനത്തോനോ ആയാലും ഏറ്റവും മികച്ച മീഡിയകളും വിവര സാങ്കേതിക സംവിധാനങ്ങളും ആവശ്യമുണ്ട് എന്ന പാഠം സ്റ്റേജിൽ ഏറ്റവും മികച്ച സ്ലൈഡുകളും വിവരണങ്ങളും ആയി എത്തിയ അക്ബറിൽ നിന്നും ഒരു കൊച്ചു ലാപ്ടോപുമായി പ്രതിരോധിക്കാൻ ഇറങ്ങിയ ജബ്ബാർ മാഷും കൂട്ടരും പഠിച്ചെടുക്കേണ്ടതുണ്ട് . [ മത വിചാരക്കാർക്ക് ലഭ്യമാകുന്ന സാമ്പത്തിക മേൽക്കൈ യുക്തിവാദികൾക്ക് ഈ നൂറ്റാണ്ടിൽ ലഭ്യമാവില്ല എന്ന് അറിയാം ] സംവാദത്തിന്റെ ആമുഖത്തിൽ തന്നെ തന്റെ ഉദ്ദേശ്യം എന്തെന്ന് ഇ എ ജബ്ബാർ വ്യക്തമാക്കുന്നു , ഖുർആനിൽ ശാസ്ത്രം ഉണ്ടെന്ന വാദത്തെ നിരാകരിക്കുകയും അങ്ങിനെ ഉണ്ടെന്നു വരുത്തിത്തീർക്കാൻ ആഗോളവ്യാപകമായി ഒരു പ്രചാരണ പരിപാടിയും പ്രൊജക്റ്റും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അതിൽ നിന്നുള്ള വാദങ്ങളാണ് ഇവിടെ ഖുർആൻ ശാസ്ത്ര സത്യങ്ങൾ എന്ന പേരിൽ കഴിഞ്ഞ വർഷങ്ങളായി ഇവിടെ പ്രചരിപ്പിക്കുന്നത് എന്നും അതിന്റെ പിന്നിലെ ആളുകൾ ആരെന്നും അതിനുള്ള സാമ്പത്തിക സ്രോതസ്സുകൾ എവിടെ നിന്നെല്ലാം ആണെന്നുമുള്ള വ്യക്തമായ വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് അക്ബർ അങ്ങിനെ ഒന്നാണ് ഇവിടെ അവതരിപ്പിക്കുക എന്ന ഒരു മുൻധാരണ സദസ്യരിൽ ഉണ്ടാക്കാൻ ആദ്ദേഹത്തിനാവുന്നുണ്ട് . തുടർന്ന് ഖുർആൻ ശാസ്ത്രം വിളമ്പുന്ന ആളുകളോട് ആറാം നൂറ്റാണ്ടിലെ അറബികൾക്ക് അറിയാത്ത എന്തൊരു ശാസ്ത്രീയ അറിവാണ് ഖുർആനിൽ ഉള്ളതെന്ന് പറയാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അക്ബറാവട്ടെ നേരത്തെ പറഞ്ഞത് പോലെ മികച്ച സാങ്കേതികതയുടെ അകമ്പടിയോടെ ഖുർആനിലെ ഒരു അദ്ധ്യായത്തിലെ വാക്കുകൾ സ്ലൈഡുകളുടെ സഹായത്തോടെ ആധുനിക ശാസ്ത്രത്തിലെ ഓഷ്യാനോ ഗ്രാഫിയുമായി താരതമ്യപ്പെടുത്തി അവതരിപ്പിച്ചു ഏറ്റവും മികച്ച രീതിയിൽ തന്നെ അതിനെ പ്രതിരോധിക്കുന്നു അക്ബറിന് അറിയാം ഇത്തരം സദസ്സിൽ വന്നിരിക്കുന്ന ആളുകൾ വേദപാഠങ്ങളുടെ ആഴം അറിയുന്നവർ ആയിരിക്കയില്ലായെന്നും അവരുടെ അജ്ഞാനത്തെ ഏറ്റവും മികച്ച ഭാഷകൊണ്ടും മറയിട്ട വാക്കുകൾ കൊണ്ടും കയ്യിലെടുക്കാമെന്ന് . പക്ഷെ സംവാദത്തിന്റെ രണ്ടാം സെഷനിൽ തന്നെ അക്ബർ അവതരിപ്പിച്ച വാദം ഖണ്ഡിക്കപ്പെട്ടു പോകുകയാണ് ഉണ്ടായത് തുടർന്ന് സംവാദം മുന്നോട്ടു കൊണ്ട് പോകേണ്ടതുതന്നെ ഉണ്ടായിരുന്നില്ല , ആഴക്കടൽ ആയാലും ഉൾക്കടൽ ആയാലും അക്ബർ കൊണ്ടുവന്ന വേദ വാക്യം ഒരു ഉപമാലങ്കാരമാണ് എന്ന് വ്യക്തമാക്കപ്പെടുകയും ഉപമ എന്നാൽ നിലവിലുള്ള ഒന്നിനെ മറ്റൊന്നുമായി ചേർത്ത് പറഞ്ഞു ആശയം വ്യക്തമാക്കുന്ന രീതിയാണ് എന്നും ഒന്നിനെ ഉപമിക്കണമെങ്കിൽ ഉപമിക്കപ്പെടുന്നവസ്തുതയും വസ്തുവും അത് കേൾക്കുന്ന ആളുകൾക്ക് അറിയുന്നതായിരിക്കണം എന്ന വാദം ഉന്നയിക്കപ്പെടുമ്പോൾ അക്ബർ പിന്നീട് അതെത്രതന്നെ വിശദീകരണത്തിനു ശ്രമിച്ചാലും മുന്നോട്ടു കൊണ്ടുപോകാൻ ആകില്ല . അതിനർത്ഥം മറ്റൊരു ആശയം അക്ബർ കൊണ്ട് വരണമായിരുന്നു എന്നാണ് . എന്നെ സംബന്ധിച്ച് സംവാദം ഇവിടെ അവസാനിക്കുന്നു . പിന്നീട് അക്ബർ അവതരിപ്പിക്കുന്ന ഹൃദയത്തിന്റെ ചിന്തയും ഹൃദയത്തിന്റെ തലച്ചോറുമെല്ലാം ഇനിയും തെളിയിക്കപ്പെടേണ്ടതാണ് എന്ന വാദമൊക്കെ ബാലിശമായി മാത്രമെ എടുക്കാനാവൂ .. എങ്കിലും മേൽപറഞ്ഞ കാരണങ്ങൾ കൊണ്ടെല്ലാം തന്നെ സംവാദത്തിൽ മികവ് അക്ബർ നിലനിർത്തി എന്ന് പറയുന്നതിൽ സ്വതന്ത്ര പക്ഷത്തു നിൽക്കുന്ന എനിക്ക് പറയാനാകും . സംവാദാനന്തരം എന്താണുണ്ടായത് , സംവാദത്തിനു മുൻപ് എക്സ് മുസ്ലിംകളുടെ ശല്യംസഹിയാഞ്ഞു അവരെ പ്രതിരോധിക്കുവാൻ സാമുദായിക ഐക്യം ഉണ്ടാക്കണം എന്ന ആശയത്തിന്റെ ഫലമായി സമുദായത്തിലെ എല്ലാ ഭിന്നവിഭാഗങ്ങളും എം എം അക്ബറിനു പിന്തുണ നല്കുകയാണുണ്ടായത് അതൊരു വിജയമായി അവർ ആഘോഷിക്കുകയുംചെയ്തു മഹല്ലുകളിൽ ഇടയ ലേഖനങ്ങൾ വിതരണം ചെയ്തു തങ്ങൾക്കു അനുകൂലമായ പശ്ചാത്തലംഒരുക്കുവാൻ അവർക്കു ആകുകയും ചെയ്തു. മൗലവിമാരും മുല്ലമാരും മുസ്ലിയാക്കന്മാർ തുടങ്ങി ആധുനിക മീഡിയാ പ്രചാരകർ വരെ ഞാനും ഫയൽവാനും ജയിച്ചെന്ന തരത്തിൽ ആഘോഷമായി തന്നെ ഈ വിഷയം കൊണ്ടാടി . പിന്നീടാണ് വഴിത്തിരിവുണ്ടാകുന്നത് അക്ബർ ഖുർആൻ വചനങ്ങളെ തനിക്കു അനുകൂലമായി വളച്ചൊടിക്കുകയാണ് ചെയ്തതെന്നും വേദവാക്യങ്ങളെ തങ്ങൾ പ്രചരിപ്പിക്കുന്ന ശാസ്ത്രവുമായികൂട്ടിക്കെട്ടുവാൻ ഇത്തരം നിന്ദ്യമായ പ്രവർത്തികൾ പാടില്ലായെന്നും വിവിധ കോണുകളിൽ നിന്ന് അഭിപ്രായമുയരുകയും ഖുർആൻ ശാസ്ത്ര സത്യങ്ങൾ പറയുന്ന ഒന്നല്ല എന്നും ഖുർആനെ ശാസ്ത്രവുമായി കൂട്ടിക്കെട്ടിയല്ല പഠിപ്പിക്കേണ്ടതെന്നും അതിന്റെ ഭക്തി വിചാരങ്ങളെയും കാവ്യഭാവത്തെയും മറ്റും ഉയർത്തിക്കാട്ടിയാണ് അത് ദൈവത്തിന്റെ വേദമാണ് എന്ന് സ്ഥാപിക്കേണ്ടതും വേദത്തെ വളച്ചൊടിച്ച് വികൃതമാക്കി തങ്ങൾക്കു അനുകൂലമായി പ്രചരിപ്പിക്കുകയാണ് അക്‌ബറാദികൾ ചെയ്യുന്നതെന്നും വ്യക്തമായ തിരിച്ചവ് സമുദായത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ഉണ്ടായിവരികയും ചെയ്തു . സമുദായത്തിലെ പഠിതാക്കളായ ചെറുപ്പക്കാർ ഈ സംവാദത്തോടെ സിന്താനി പ്രൊജക്റ്റ്‌ പോലുള്ള വിഷയങ്ങളെ കാര്യമായി സമീപിക്കുകയും ശരിതെറ്റുകളുടെ വിശകലനത്തിന് തയാറാവുകയും ചെയ്തു എന്നതാണ് ആത്യന്തികമായി സംവാദാനന്തര ഫലവും അതിന്റെ വിജയവും . നിഷ്പക്ഷം എന്നൊരു പക്ഷം നിലനിൽക്കുകയില്ല എന്ന് കൂടി പറഞ്ഞുവയ്ക്കട്ടെ , നിലപാടുതറകൾ ഇല്ലാതെ മുട്ടവിളക്കും വേദപുസ്തകവും സ്രാമ്പികളിലെ ഇരുട്ടും മുസ്ലിയാരും അതുവഴി വെളിവാക്കപ്പെടുന്ന ശാസ്ത്ര സത്യവും എല്ലാം ഉന്നയിച്ചു എങ്ങും തൊടാതെ അന്തരീക്ഷത്തിൽ തൂങ്ങി നിൽക്കുന്ന ആളുകളോട് പറയാനുള്ളത് നിങ്ങളുടെ ശൂന്യസ്ഥലികൾ കാപട്യം മാത്രമാണെന്നാണ് . ശുഭമസ്തു

Wednesday, 14 March 2018

പ്രപഞ്ച ശൂന്യതയില്‍ ഞാനൊരു കണിക ആയിരുന്നില്ലേ,കാഞ്ചന ശോഭയാര്‍ന്നതല്ല,അഞ്ജനകാന്തിയിയന്ന ഘനസാന്ദ്രബിന്ദു . തമതലങ്ങളിലെ ഘനഗൌഹരങ്ങളില്‍തപംകൊള്ളുകയായിരുന്നില്ലേ, പിന്നെപ്പോഴാണു കാലങ്ങളും കാതങ്ങളുംതാണ്ടിനേര്‍ത്ത പ്രകാശ രേണുക്കള്‍ എന്നെ തേടിയെത്തിയത് ? അതെന്നില്‍ നിറച്ച ശാക്തേയകണംആവില്ലേ തെന്നിത്തെറിച്ച് പ്രപഞ്ച വിശാലതയുടെ മഹാപരപ്പുകള്‍ താണ്ടാനുളള ഊര്‍ജ്ജമെന്നില്‍ നിറച്ചിരിക്കുക . പ്രാപഞ്ചിക പഥങ്ങളിലെ അഗാധതകളിലും ഉച്ഛസ്ഥലികളിലും വാതങ്ങളിലും നീന്തിയും പതനംകൊണ്ടും കരേറിയും കോടികോടിയുഗങ്ങള്‍ കാതങ്ങള്‍ താണ്ടി എന്തെന്നറിയാതെ എവിടെന്നറിയാതെ പ്രപഞ്ചകോണില്‍ ഒരിടത്ത്ഒ രുനാള്‍ എത്തിപ്പെട്ട ഞാനെന്ന ശ്യാമാബിന്ദു പ്രണയത്തിന്റെ വശ്യകാന്തികൊണ്ട് എന്തും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഭൂമിയുടെ കാരുണ്യത്തിന്റെ കരങ്ങളാല്‍ വലിച്ചടുപ്പിക്കപ്പെട്ടു സമുദ്രാന്തര്‍ഭാഗത്തെ മഹാ ഘനശ്യാമശീതാവസ്ഥയില്‍ പതിച്ചു.വീണ്ടും സഹസ്രയുഗങ്ങള്‍ ജീവന്‍റെഉരുവപ്പെടലിനായുള്ളഅടയിരുപ്പ്......

മതി ,ബാക്കി കഥ നിങ്ങള്‍ക്കറിയാം ....

Tuesday, 12 September 2017

ആളുകളെ നിരീക്ഷിക്കുക പ്രത്യേകിച്ചു വിവിധ രാജ്യങ്ങളിലെ ആളുകളെ നിരീക്ഷിക്കുന്ന ഒരു ശീലമുണ്ട് എനിക്ക് . ഓരോ ജനതയ്ക്കും അവരുടെതായ സവിശേഷ ചലന രീതികള്‍ ഉണ്ട് ,ബോഡി ലാംഗ്വേജ് . അത് പോലെ കര്‍മ്മ രീതികളില്‍ വിത്യാസം ഉണ്ട്, ഭാഷ വിത്യാസപ്പെട്ടിരിക്കുന്നത് പോലെ സംസാരത്തിന് ഒപ്പം ചുണ്ടുകളുടെ ചലനവും ആന്ഗികപ്രയോഗങ്ങളും എല്ലാം വിത്യസ്ഥ രീതികളില്‍ ആണ് . അറബ് ജനത ആന്ഗ്യം കൂടി ചേര്‍ത്തു കൊണ്ടല്ലാതെ സംസാരിക്കയില്ല . നമ്മുടെ ആളുകള്‍ തല ചലിപ്പിച്ചാണ് പലതിനും പ്രതികരിക്കുക . അത് പോലെ രാജ്യാതൃത്തികള്‍ പങ്കു വയ്ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളില്‍ രണ്ടു ദേശങ്ങളിലേയും ചലന സ്വഭാവ ശാരീരിക പ്രത്യേകതകള്‍ കണ്ടെത്താന്‍ ആവും .

ഞാന്‍ ഇയ്യിടെ ഭൂരിപക്ഷവും നേപ്പാള്‍ വംശജര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ജോലി സംബന്ധിയായി പോകുന്നുണ്ട് . നേപ്പാളികള്‍ വളരെ ദരിദ്രമായ പക്ഷാത്തലത്തില്‍ നിന്ന് വരുന്നവരാണ് എങ്കിലും സാമാന്യ വിദ്യാഭാസത്തിന്റെ കാര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ വളരെ മുന്നിലാണ് അവര്‍ . മാത്രമല്ല ജോലി ചെയ്യാന്‍ മടി ഇല്ലാത്തവരും ആണ് . എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞ ദ്വന്ദഭാവം അനുസരിച്ചു അവരില്‍ ഇന്ത്യന്‍ അലസതയും ചൈനീസ് കര്‍മ്മ ശേഷിയും കാണാന്‍ ആകും . വളരെ ചടുലമായി ചലിക്കുകയും പണി ചെയ്യുകയും ചെയ്യുന്ന ചൈനീസ് രീതി ചിലരില്‍ കാണാം, അതേപോലെ ഇന്ത്യന്‍ പുകയില ചവയ്പ്പും കാല്‍മുട്ടില്‍ തലയൂന്നി കുത്തിയിരിക്കുന്ന കയറ്റുകട്ടില്‍ അലസതയും അവരില്‍ കാണാന്‍ ആകും . ചൈനാക്കാരുടെ അന്തര്‍മുഖത്വവും അടുത്തിടപഴകാന്‍ ഉള്ള മടിയുമുള്ളവര്‍ ആണെന്ന് ചിലരെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും മറ്റു ചിലരാകട്ടെ ഉത്തരേന്ത്യക്കാരെ പോലെ ചിലച്ചു കൊണ്ടിരിക്കയും നാടോടി ഗാനങ്ങളോ നാലാം കിട ഹിന്ദി സിനിമകളോ കോമഡികളോ കണ്ടിരിക്കാന്‍ ഇഷ്ട്ടപ്പെടുകയും ചെയ്യുന്നു . അന്ധവിശ്വാസങ്ങളില്‍ ഇന്ത്യാക്കാരെ വെല്ലുന്ന ആളുകള്‍ ആണെന്നാലും പ്രത്യക്ഷത്തില്‍ അത്തരം വേഷം കെട്ടലുകള്‍ കുറവാണ് വലിയ കുങ്കുമ ക്കുറി തൊടല്‍ കയ്യിലും കഴുത്തിലും കയറു പിരിച്ചു കെട്ടല്‍ താവീസും ഉറുക്കും നൂലും കെട്ടല്‍ കല്ല്‌ കെട്ടിയ മോതിരം ധരിക്കല്‍ പോലുള്ളവ ഒന്നും വലുതായി കാണാറില്ല . ചിലര്‍ കാലില്‍ ഒരു കറുത്ത ചരട് കെട്ടിയത് കാണാം മിക്കവരും പച്ച കുത്തും അതില്‍ ദൈവങ്ങള്‍ വരിക കുറവാണ് . കുടുമ നീട്ടി വയ്ക്കുന്ന ചിലരെ കാണാന്‍ ആകും എന്നത് ഒഴിച്ചാല്‍ ജാതി അങ്ങിനെ വലുതായി പ്രശ്നം അല്ല അവരുടെ ഇടയില്‍ . എന്നാല്‍ ഓരോരുത്തരും അവരുടെ ജാതിയില്‍ വിശ്വസിക്കുന്ന ആളുകളും ആണ് . ദേശികള്‍ മദേശികള്‍ എന്നിങ്ങനെ പറയുമെന്നാലും പൂര്‍വ്വദേശ വാസികള്‍ ആയ ചൈനീസ് പ്രകൃതമുള്ള പഹാഡികള്‍ മദേശികളായ ഇന്ത്യന്‍ പ്രകൃതം ഉള്ളവരുമായി വലിയ കലഹം ഇല്ലാതെ പോകുന്നുണ്ട് . ഞാന്‍ വിസിറ്റ് ചെയ്യുന്ന സ്ഥാപനത്തില്‍ അവരെല്ലാം തന്നെ സഹകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ആണ് എന്ന് കാണാന്‍ കഴിഞ്ഞു . വേഷം കെട്ടലില്‍ ലേശംആഡംബര സ്വഭാവം കാണിക്കുന്നതില്‍ ചൈനീസ് നിറം ഉള്ള ആളുകള്‍ ആണ് മുന്നില്‍ എന്ന് കാണുന്നു . ഇന്ത്യന്‍ പ്രകൃതക്കാരില്‍ അത് ഇത്തിരി കുറവാണ് എന്നാല്‍ പണിയെടുക്കുന്നതില്‍ നമ്മള്‍ ഇന്ത്യക്കാരെ പോലെ തന്നെ ആണ് അവര്‍ . ഇടുങ്ങിയ കണ്ണുള്ള നേപ്പാളി പഹാഡികള്‍ നന്നായി പണി എടുക്കുകയും അത് പോലെ ചിലവാക്കി ജീവിക്കുകയും ചെയ്യുന്ന രീതിക്കാര്‍ ആണ് . വളരെ നേരത്തെ ഉണരുകയും പതിനൊന്നു മണിക്ക് മുന്‍പുതന്നെ ഉച്ച ഭക്ഷണവും ആറുമണിക്ക് മുന്‍പ് രാത്രി ഭക്ഷണവും കഴിക്കുക എന്ന ചൈനീസ് പാരമ്പര്യ രീതിയാണ് പഹാഡികള്‍ക്ക് . ഇന്ഡ്യന്‍ പക്ഷക്കാര്‍ക്ക് അങ്ങിനെ സമയ കാലങ്ങള്‍ ഒന്നുമില്ല .

ഇങ്ങിനെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഓരോ ജനതയ്ക്കും അവരുടെതായ വിത്യസ്ത ഭാവങ്ങള്‍ പ്രവൃത്തിയുടെയും ചലങ്ങളുടെയും ഒക്കെ നിരീക്ഷണത്തില്‍ കൂടി കണ്ടെത്താന്‍ ആകും . രസകരമാണ് മനുഷ്യരുടെ ചലനങ്ങള്‍ പ്രകൃതങ്ങള്‍ . ഓരോ മനുഷ്യരും ഓരോ വലിയ ലോകം ആണെന്ന് നാം നമ്മുടെ ഇടയില്‍ ഉള്ള ആളുകളെ തന്നെ മാറി നിന്നു നിരീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ ആകും .

അല്ല ഇപ്പൊ ഇതാ പണി ആളുകളെ നിരീക്ഷണം ചെയ്തിട്ട് എന്ത് കിട്ടാനാണ്‌ . നമ്മക്ക് വേറെ പണിയുണ്ട് , നിങ്ങളൊന്നു പോയേപ്പാ എന്നല്ലേ നിങ്ങള്‍ വിചാരിക്കുന്നത് . തന്നെ തന്നെ നിങ്ങളുടെ ഇപ്പോഴത്തെ ചലനം ഞാന്‍ മനസ്സില്‍ കുറിച്ചു വച്ചിട്ടുണ്ട് . അതില്‍ ഒരു കുരങ്ങന്‍ ചാട്ടം പോലും ഒളിഞ്ഞിരിപ്പുണ്ട് . സത്യമായും ഉണ്ട് . സംശയം ഉണ്ടെന്നാല്‍ കണ്ണാടിക്കുമുന്നില്‍ നിങ്ങള്‍ അതൊന്നു അവാര്‍ത്തിച്ച് ശേഷം വിലയിരുത്തൂ ..

Saturday, 25 April 2015

രണ്ടു കണ്ണുകളുടെ കഥ

ഒരു ചെറു കഥ പറയാം ,രണ്ടു കണ്ണുകളുടെ കഥ .
ഒരിടത്ത് ഒരിടത്ത് ഒരു അന്ധ ബാലിക ഉണ്ടായിരുന്നു .അവൾക്കു കൂട്ടായി എന്നും ഒരു കുമാരൻ വരുമായിരുന്നു അവൾക്കു അവനോടു മാത്രമായിരുന്നു സ്നേഹം അമ്മയോടില്ലത്ത അച്ഛനോട് ഇല്ലാത്ത സഹോദരങ്ങലോടില്ലാത്ത അടുപ്പം ആയിരുന്നു അത് ,അങ്ങിനെ കുമാരീ കുമാരന്മാർ വളർന്നു വിവാഹ പ്രായം ആയി .മാതാപിതാക്കൾ പെണ്‍കുട്ടിക്ക് കല്യാണം ആലോചിച്ചു തുടങ്ങി അവൾ പറഞ്ഞു എനിക്ക് വിവാഹം വേണ്ട അഥവാ എനിക്ക് കണ്ണിനു കാഴ്ച കിട്ടുക ആണെങ്കിൽ എന്റെ സ്നേഹിതൻ ആയ കുമാരനെ കല്യാണം കഴിക്കും .അതറിഞ്ഞ കുമാരൻ അവളോട്‌ ചോദിച്ചു നിനക്ക് കാഴ്ച കിട്ടിയാൽ കല്യാണം കഴിക്കും എങ്കിൽ അതിനു ഉള്ള സംവിധാനം ഉണ്ടാക്കാം അങ്ങിനെ ആ യുവാവ് അവൾക്കായി രണ്ടു ജോഡി കണ്ണുകൾ കണ്ടെത്തി നല്കി ശസ്ത്രക്രിയ നടത്തി അവൾക്കു ലോകം കാണാൻ ആയി . അവൾ എല്ലാവരെയും കണ്ടു അമ്മയെ അച്ഛനെ സഹോദരങ്ങളെ കാമുകനെ എല്ലാവരെയും കണ്ടു . അപ്പോൾ കാമുകൻ ചോദിച്ചു പ്രിയേ ഇനി നിനക്ക് എന്നെ പരിണയിക്കാമോ ? അവൾ അവനെ നോക്കി അവനും അന്ധൻ ആയിരുന്നു , അവൾ പറഞ്ഞു ഇല്ല നിന്നെ കല്യാണം കഴിക്കാൻ എനിക്ക് ആവില്ല .ഒരു കാഴ്ചയില്ലാത്ത ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരുക്കം അല്ല . അവൻ അവിടെ നിന്ന് പോയി .

പിന്നീട് അവൾക്കായി അവൻ ഒരു എഴുത്ത് അയച്ചു ,പ്രിയേ കഴിഞ്ഞ ഇരുപതു വർഷങ്ങൾ ആയി ഞാൻ ലോകത്തെ നോക്കി കണ്ട എന്റെ ഏറെ പ്രിയമുള്ള നീല കണ്ണുകൾ കൊണ്ടാണ് നീ ഇന്ന് ലോകത്തെ കാണുന്നത് . ഞാനാണ് നിനക്ക് കണ്ണുകൾ നൽകിയത് , ഞാൻ കരുതി കഴിഞ്ഞ ഇരുപതു വർഷം ഞാൻ ലോകം കണ്ടു ഇതുവരെ അത് കാണാൻ ഭാഗ്യം ഇല്ലാത്ത എന്റെ പ്രിയപ്പെട്ടവൾ ഇനി മനോഹരം ആയ ഈ ലോകം കാണട്ടെ , അവൾ എന്റെ കൈകൾ പിടിച്ചു നടത്തട്ടെ എന്ന് കരുതി ..
ഇനി അങ്ങോട്ട്‌ ഞാൻ ഇല്ല എന്റെ കണ്ണുകൾ മാത്രം നിന്നിലൂടെ ജീവിക്കും എന്ന പ്രത്യാശയോടെ ഞാൻ പോകുന്നു ,
കൂട്ടരേ പിന്നെ കഥ എന്തായി എന്ന് എനിക്ക് അറിഞ്ഞു കൂടാ നിങ്ങൾക്ക് ഈ കഥ പൂരിപ്പിക്കാൻ ആകുമോ എന്ന് നോക്കൂ ..